സ്‌കൂട്ടറുകളില്‍ പുതിയ വിപണി പ്രതീക്ഷിച്ച് ടിവിഎസ്

Indian Telegram Android App Indian Telegram IOS App

ചെറുപട്ടണങ്ങളിലും ഗ്രാമീണ മേഖലകളിലും വരും കാലങ്ങളില്‍ സ്‌കൂട്ടറുകള്‍ക്ക് ആവശ്യക്കാരേറുമെന്ന് ഇരുചക്രവാഹന നിര്‍മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനിക്കു പ്രതീക്ഷ. റോഡുകളുടെ നിലവാരം മെച്ചപ്പെട്ടതും ഗതാഗതകുരുക്ക് നഗരസമാനമായതും വനിതകളുടെ സഞ്ചാര ആവശ്യങ്ങള്‍ കൂടിയതുമൊക്കെ സ്‌കൂട്ടര്‍ വില്‍പ്പനയ്ക്ക് അനുകൂലമാവുമെന്നാണു പ്രതീക്ഷ.

വ്യവസായ രംഗത്ത് 22-30% വില്‍പ്പന വളര്‍ച്ച പ്രതീക്ഷിക്കുമ്പോള്‍ ഗ്രാമ, അര്‍ധ നഗര മേഖലകളിലെ സ്‌കൂട്ടര്‍ വില്‍പ്പന 30% വര്‍ധിക്കുമെന്നു ടിവിഎസ് വൈസ് പ്രസിഡന്റ് (മാര്‍ക്കറ്റിംങ്) അനിരുദ്ധ ഹാര്‍ദാര്‍ അഭിപ്രായപ്പെടുന്നു. സ്‌കൂട്ടര്‍ വിപണി മൊത്തത്തിലും 10 ശതമാനത്തിലേറെ വളര്‍ച്ച കൈവരിക്കുമെന്നാണു പ്രതീക്ഷ. സ്‌കൂട്ടര്‍ വാങ്ങാനെത്തുന്നവരുടെ ആവശ്യങ്ങള്‍ കൂടിവരുകയാണെന്ന് ഹാല്‍ദാര്‍ വെളിപ്പെടുത്തി. അതുകൊണ്ടുതന്നെ പുതിയ ഉപവിഭാഗങ്ങള്‍ രൂപമെടുക്കാനും സ്‌കൂട്ടര്‍ വിപണി കൂടുതല്‍ വളരാനും സാധ്യതയുണ്ടെന്ന് അദ്ദേഹം വിലയിരുത്തി.

സ്‌കൂട്ടര്‍ വിപണിയില്‍ ലഭ്യമായ ബ്രാന്‍ഡുകളുടെ എണ്ണത്തിലെ വര്‍ധനയും ഈ സാധ്യതയിലേക്കാണു എത്തിനോക്കുന്നത്. ഏഴു വര്‍ഷം മുമ്പ് അര ഡസന്‍ ബ്രാന്‍ഡുകളുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ രണ്ട് ഡസനോളം ബ്രാന്‍ഡുകളാണു വിപണിയിലുള്ളത്. അതേസമയം, പുതുതായി വരാന്‍ സാധ്യതയുള്ള ഉപവിഭാഗങ്ങള്‍ ഏതൊക്കെയെന്ന് ഹാല്‍ദാര്‍ വിശദീകരിച്ചില്ല. എങ്കിലും ചില പ്രത്യേക വിഭാഗങ്ങളുടെ ആവശ്യം മുന്‍നിര്‍ത്തി സവിശേഷ ഉല്‍പന്നങ്ങള്‍ അവതരിപ്പിക്കുക ഗുണകരമാകുമെന്ന്് അദ്ദേഹം വ്യക്തമാക്കി. ഇത്തരം നടപടികള്‍ വഴി സ്‌കൂട്ടര്‍ വിപണിയിലെ രണ്ടാം സ്ഥാനം നിലനിര്‍ത്താനാവുമെന്നാണു ടിവിഎസിന്റെ പ്രതീക്ഷയെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഇക്കൊല്ലം പുതിയ സ്‌കൂട്ടര്‍ പുറത്തിറക്കാനും ടിവിഎസ് ലക്ഷ്യമിടുന്നുണ്ട്. നിലവില്‍ കമ്പനിയുടെ ‘ജുപ്പീറ്റര്‍’ രാജ്യത്ത് ഏറ്റവുമധികം വില്‍പ്പന നേടുന്ന ആദ്യ 10 ഇരുചക്രവാഹനങ്ങളുടെ പട്ടികയില്‍ ഇടംപിടിക്കുന്നുണ്ട്. പ്രതിവര്‍ഷം 56 ലക്ഷത്തോളം യൂണിറ്റ് വില്‍പ്പനയുള്ള ഇന്ത്യന്‍ സ്‌കൂട്ടര്‍ വിപണിയില്‍ 2016 – 17ല്‍ 15% വിപണി വിഹിതമാണു ടിവിഎസിനുള്ളത്. 57% വിഹിതവുമായി ഹോണ്ടയാണ് ഒന്നാം സ്ഥാനത്ത്.

You must be logged in to post a comment Login