സ്‌കൂള്‍ കലോത്സവം മൂന്നാം നാള്‍; പാലക്കാട് മുന്നില്‍; മത്സരങ്ങള്‍ കാണാന്‍ ജനപ്രവാഹം

കണ്ണൂര്‍: 57ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം മൂന്നാം നാളിലേക്ക്. 234 ഇനങ്ങളില്‍ 51 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ പാലക്കാട് 181 പോയന്റുമായി മുന്നിലാണ്. 179 പോയന്റ് വീതം നേടി കണ്ണൂരും കോഴിക്കോടും തൊട്ടുപിന്നിലുണ്ട്.

കുച്ചിപ്പുടിയും ഒപ്പനയും അരങ്ങേറ്റംകുറിച്ച പൊലീസ് മൈതാനിയിലെ നിളയിലേക്ക് ജനപ്രവാഹമാണ്. കലക്ടറേറ്റ് മൈതാനത്തെ ചന്ദ്രഗിരിയില്‍ കേരളനടനവും തിരുവാതിരയും കാണാന്‍ നിരവധി പേരാണ് എത്തിയത്. അതേസമയം ഒപ്പനയുടെ എണ്ണത്തിലുണ്ടായ വര്‍ധന കാരണം മത്സരം അര്‍ധരാത്രിവരെ നീണ്ടു. രണ്ടാം വേദിയില്‍ രാവിലെ ഒമ്പതരക്ക് തുടങ്ങിയ കേരളനടനത്തില്‍ 31 പേരുണ്ടായിരുന്നു. അപ്പീലുകളുടെ പ്രവാഹംതന്നെയാണ് മത്സരം രാവോളം നീളാന്‍ കാരണം.

Image may contain: 1 person

മൂന്നാം വേദിയില്‍ ആടിയത് 38 മോഹിനിമാര്‍. അപ്പീലുകളുടെ എണ്ണത്തിലുണ്ടായ വന്‍ വര്‍ധന കാരണം അഞ്ച് മണിക്കൂറാണ് മത്സരം വൈകിയത്. ആദ്യ ദിനത്തില്‍ 335 അപ്പീലുകള്‍ ലഭിച്ചെങ്കില്‍ ചൊവ്വാഴ്ച അത് 642 ആയി. ഗ്രൂപ്പിനങ്ങള്‍കൂടി പരിഗണിക്കുമ്പോള്‍ അപ്പീല്‍ എണ്ണം 2436 ആണ്. മേളയുടെ സകല ക്രമവും ഇതോടെ താളംതെറ്റി. കോടതി വഴിയും ബാലാവകാശ കമീഷന്‍ വഴിയുമാണ് കൂടുതല്‍ അപ്പീലുകള്‍ എത്തിയത്.

You must be logged in to post a comment Login