സ്‌കൂള്‍ കലോത്സവത്തിനു നാളെ കൊടിയേറ്റം

കണ്ണൂര്‍: സ്‌കൂള്‍ കലോത്സവത്തിനു കണ്ണൂര്‍ ഒരുങ്ങി. സംസ്ഥാന സ്‌കൂള്‍ കലോത്സവം പൊലീസ് മൈതാനത്തു നാളെ നാലിനു മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി സി.രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും. ഗായിക കെ.എസ്.ചിത്രയെ ആദരിക്കും. അന്‍പത്തിയേഴാം കലോത്സവത്തെ പ്രതിനിധീകരിച്ചു 57 സംഗീതാധ്യാപകര്‍ സ്വാഗതഗാനം ആലപിക്കും.

പ്രധാന വേദിയായ പൊലീസ് മൈതാനത്തെ ‘നിള’യില്‍ നാളെ 9.30നു പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി.മോഹന്‍കുമാര്‍ പതാക ഉയര്‍ത്തും. 10നു റജിസ്‌ട്രേഷന്‍. ഘോഷയാത്ര 2.30നു സെന്റ് മൈക്കിള്‍സ് ആംഗ്ലോ ഇന്ത്യന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പരിസരത്തു നിന്ന് ആരംഭിക്കും.

സ്റ്റേഡിയം കോര്‍ണറിലെ ‘മയ്യഴി’ വേദിയില്‍ 17 മുതല്‍ 22 വരെ സാംസ്‌കാരിക പരിപാടികള്‍ നടക്കുമെന്നും മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, മേയര്‍ ഇ.പി.ലത, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, പൊതുവിദ്യാഭ്യാസ അഡീഷനല്‍ ഡയറക്ടര്‍ ജസ്സി ജോസഫ് എന്നിവര്‍ അറിയിച്ചു.

കലോത്സവത്തില്‍ ചാംപ്യന്‍മാരാകുന്ന ടീമിനു സമ്മാനിക്കുന്ന 117.5 പവന്‍ സ്വര്‍ണക്കപ്പ് ജില്ലാ അതിര്‍ത്തിയായ മാഹിപ്പാലത്തില്‍ സംഘാടക സമിതി ഭാരവാഹികള്‍ ഏറ്റുവാങ്ങി. വിവിധയിടങ്ങളിലെ സ്വീകരണച്ചടങ്ങുകള്‍ക്കു ശേഷം കപ്പ് ട്രഷറിയിലേക്കു മാറ്റി.

നദികളുടെ പേരിലുള്ള 20 വേദികളിലെ 232 ഇനങ്ങളിലായി 12,000 വിദ്യാര്‍ഥികള്‍ മത്സരിക്കും. സമാപന സമ്മേളനം 22നു വൈകിട്ട് നാലിനു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. 2.10കോടി രൂപയാണു കലോത്സവത്തിനു ചെലവു പ്രതീക്ഷിക്കുന്നത്.

You must be logged in to post a comment Login