സ്‌ക്വാഷ് നിര്‍മ്മാണത്തില്‍ വനിതാ കൂട്ടായ്മ

പത്തനംതിട്ട ജില്ലയിലെ  പുളിക്കീഴ് ബ്ലോക്കിലെ കൂറ്റൂര്‍ പഞ്ചായത്ത് ഒന്‍പതാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന അശ്വതി ഫലസംസ്‌ക്കരണ യൂണിറ്റ്‌സ്‌ക്വാഷ്  നിര്‍മ്മാണത്തില്‍ മാതൃകയാകുന്നു. വന്ദന കുടുംബശ്രീ  അംഗങ്ങളായ സലീലയും ചാച്ചിയമ്മയും ചേര്‍ന്ന് വാടകയ്ക്ക് മുറിയെടുത്താണ്  യൂണിറ്റ് നടത്തിക്കൊണ്ടു വരുന്നത്. പത്തനംതിട്ട കൃഷി ഓഫീസുമായി ബന്ധപ്പെട്ട് ആത്മ പ്രോജക്റ്റിന്റെ  ഭാഗമായാണ് ഇവര്‍ സ്‌ക്വാഷ്, ജ്യൂസ്, അച്ചാര്‍,  പലഹാരങ്ങള്‍  തുടങ്ങിയവ ഉണ്ടാക്കാന്‍ പഠിച്ചത്. ഇതിനുവേണ്ടി തടിയൂര്‍ കോള’ഭാഗത്ത് ഒരാഴ്ചത്തെ പരിശീലനം നേടിയിരുന്നു. സ്‌ക്വാഷ് നിര്‍മ്മിക്കാനുള്ള ഉപകരണങ്ങളും മറ്റും എറണാകുളത്തുനിന്നാണ് വാങ്ങുന്നത്.  സ്‌ക്വാഷ് നിറയ്ക്കാനുള്ള കുപ്പികള്‍ മൂന്ന് ദിവസം ചൂടുവെള്ളത്തിലിട്ട് തിളപ്പിച്ച് വൃത്തിയാക്കി വെയിലത്തുവച്ച് ചൂടാക്കിയ ശേഷമാണ് എടുക്കുന്നത്. ഈര്‍പ്പത്തിന്റെ ചെറിയ അംശം പോലുമുണ്ടെങ്കില്‍ സ്‌ക്വാഷ്  വേഗം നശിക്കും. ഗുണമേന്മയേയും ബാധിക്കും. അതുകൊണ്ട് തുണിയോ മറ്റ് സാധനങ്ങള്‍വച്ചോ കുപ്പി തുടച്ചെടുക്കാന്‍ പാടുള്ളതല്ല വെയിലത്തുതന്നെ ഉണങ്ങിയെടുക്കയാണ് ചെയ്യുന്നത്.
1

പൈനാപ്പിള്‍ സ്‌ക്വാഷാണ് പ്രധാനമായും ഇവര്‍  നിര്‍മിക്കുന്നത്. ഇലുമ്പന്‍ പുളിയുടെ സീസണില്‍ പുളി സ്‌ക്വാഷും ഉണ്ടാക്കാറുണ്ടെന്ന് സലീല പറഞ്ഞു.  ഇലുമ്പന്‍പുളി പച്ചവെള്ളത്തില്‍ കഴുകി വേവിച്ചെടുത്ത് മിക്‌സിയില്‍ അടിച്ചെടുത്ത് അരിച്ചെടുക്കുന്നു. അരിച്ചെടുത്ത ചാറിന്റെ തൂക്കത്തിന്റെ ഇരട്ടി പഞ്ചസാര പാവുകാച്ചി  ചേര്‍ക്കും. സ്‌ക്വാഷിന് പുളി വരാന്‍ പൈനാപ്പിള്‍ എസന്‍സോ മിക്‌സഡ് എസന്‍സോ ചേര്‍ക്കും.
ഇതുപോലെ യൂണിറ്റിലുണ്ടാക്കുന്ന മറ്റൊരു വിഭവമാണ് കടുക്മാങ്ങ. മാങ്ങ തൊലികളയാതെ നീളത്തില്‍ വെട്ടിമുറിച്ച് ഉപ്പിലിട്ട് കടുക്, ഉലുവ, കായപ്പൊടി എന്നിവ പൊടിച്ച് ചേര്‍ത്ത് കിഴികെട്ടി പൊതിഞ്ഞാണ് കടുക്മാങ്ങ ഉണ്ടാക്കുന്നത്. ചക്കജ്യൂസിനും ചക്ക ജാമിനും നല്ല ഡിമാന്റാണെന്നാണ് ഇവര്‍ പറയുന്നത്. ഇപ്പോള്‍ അന്യസ്ഥലങ്ങളില്‍ നിന്നു മറ്റും  പലഹാരങ്ങള്‍ക്കും മറ്റും ഓര്‍ഡര്‍ ലഭിക്കുന്നുണ്ട്.
ഇലുമ്പന്‍ പുളി സ്‌ക്വാഷ്, കാന്താരി അച്ചാര്‍ എന്നിവയ്ക്കും ആവശ്യക്കാര്‍ ഏറെയാണ്. പ്രഷറും കൊളസ്‌ട്രോളും കുറയ്ക്കുന്നതിനാല്‍ ഈ ഉത്പന്നങ്ങള്‍ക്കായി പല സ്ഥലങ്ങളില്‍ നിന്നുപോലും ആളുകള്‍ എത്തുന്നു.
ഇവയെ കൂടാതെ നാരങ്ങ, ഇഞ്ചി അച്ചാര്‍, അമ്പഴങ്ങ, പാവയ്ക്ക, ക്യാരറ്റ് ഉപ്പിലിട്ടത്, ചീട, മുറുക്ക്, അച്ചപ്പം തുടങ്ങിയവയും ഇവര്‍ ഉണ്ടാക്കുന്നു. പലഹാരങ്ങളെല്ലാം ശുദ്ധമായ വെളിച്ചെണ്ണയിലാണ് ഉണ്ടാക്കുന്നത്. മായം ചേര്‍ക്കാത്തതുമൂലം സ്‌ക്വാഷും ജാമുമെല്ലാം കേടുകൂടാതെ ഒരു വര്‍ഷംവരെയിരിക്കുമെന്ന് ചാച്ചിയമ്മ പറയുന്നു. വീടുകളിലാണ് ഇവര്‍ പ്രധാനമായും കച്ചവടം നടത്തുന്നത്. കുടുംബശ്രീ മേളകളിലും ഇവരുടെ ഉത്പന്നങ്ങള്‍ കച്ചവടം നടത്തിയിട്ടുണ്ട്. ഓണവിഭവങ്ങള്‍ ഉണ്ടാക്കുന്ന തിരക്കിലാണ് യൂണിറ്റ് അംഗങ്ങള്‍.

You must be logged in to post a comment Login