സ്‌കൗട്ട് ബോബറി  ഇന്ത്യയില്‍ എത്തും

ന്യൂഡല്‍ഹി: പുതിയ മോഡലായ സ്‌കൗട്ട് ബോബറിന്റെ ബുക്കിംങ് സ്വീകരിക്കുന്നത് ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ ആരംഭിച്ചു. ഡീലര്‍ഷിപ്പുകളില്‍ അമ്പതിനായിരം രൂപ ടോക്കണ്‍ തുക നല്‍കി സ്‌കൗട്ട് ബോബര്‍ ബുക്ക് ചെയ്യാം. അമേരിക്കന്‍ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഇന്ത്യന്‍ മോട്ടോര്‍സൈക്കിളിന്റെ സ്‌കൗട്ട് നിരയിലെ ഏറ്റവും പുതിയ അംഗമായ സ്‌കൗട്ട് ബോബര്‍ ഈയിടെയാണ് യുഎസ്സില്‍ പുറത്തിറക്കിയത്.

മുന്‍ മോഡലായ സ്‌കൗട്ടിനേക്കാള്‍ ചില ഡിസൈന്‍ മാറ്റങ്ങളോടെയാണ് സ്‌കൗട്ട് ബോബര്‍ വിപണിയിലെത്തുന്നത്. നോബി ടയറുകള്‍, നീളം കുറഞ്ഞ ഫെന്‍ഡറുകള്‍, മികച്ച രീതിയില്‍ പണിതീര്‍ത്ത തുകല്‍ സീറ്റ്, സ്ട്രിപ്പ്ഡ് ഡൗണ്‍ ലുക്ക് എന്നിവ ബൈക്കിന് നിരവധി ആരാധകരെ സൃഷ്ടിക്കും.

ബോള്‍ഡ് അക്ഷരത്തിലുള്ള ബാഡ്ജിംഗ്, ഹെഡ്‌ലാംപ് ഷ്രൗഡ്, പുതിയ എന്‍ജിന്‍ കവറുകള്‍, സ്‌റ്റൈലിഷായ ചെറിയ ബാര്‍എന്‍ഡ് മിററുകള്‍ എന്നിവയാണ് മറ്റ് ചില മാറ്റങ്ങള്‍. സ്‌കൗട്ട് മോഡലിലെ സാധാരണ ഹാന്‍ഡില്‍ ബാറിന് പകരം സ്‌കൗട്ട് ബോബറിന്റെ ഹാന്‍ഡില്‍ ബാര്‍ വീതിയേറിയും ഫല്‍റ്റ്ട്രാക്കര്‍ഇഷുമാണ്.

ഹാന്‍ഡില്‍ ബാര്‍, സീറ്റ് എന്നിവയനുസരിച്ച് ഫൂട്ട്‌പെഗിന്റെ സ്ഥാനം മാറിയിട്ടുണ്ട്. സിംഗിള്‍ സീറ്റാണ് സാധാരണ തരുന്നതെങ്കിലും പിന്നിലെ ഇരിപ്പിടം കസ്റ്റമൈസ് ചെയ്യാവുന്നതാണ്. ഇന്ത്യന്‍ സ്‌കൗട്ടിന്റെ അതേ എന്‍ജിനാണ് ഇന്ത്യന്‍ സ്‌കൗട്ട് ബോബറിന് ലഭിച്ചിരിക്കുന്നത്. ലിക്വിഡ് കൂള്‍ഡ്, തണ്ടര്‍ സ്‌ട്രോക് 111 വിട്വിന്‍ 1,311 സിസി എന്‍ജിന്‍ 100 ബിഎച്ച്പി കരുത്തും 97.7 എന്‍എം പരമാവധി ടോര്‍ക്കും സൃഷ്ടിക്കും. 6 സ്പീഡാണ് ട്രാന്‍സ്മിഷന്‍.

തണ്ടര്‍ ബ്ലാക്ക്, സ്റ്റാര്‍ സില്‍വര്‍ സ്‌മോക്, ബ്രോണ്‍സ് സ്‌മോക്, ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ റെഡ്, തണ്ടര്‍ ബ്ലാക്ക് സ്‌മോക് എന്നീ അഞ്ച് നിറങ്ങളില്‍ സ്‌കൗട്ട് ബോബര്‍ ലഭിക്കും. നിരവധി കസ്റ്റമൈസേഷന്‍ ഓപ്ഷനുകളും ആക്‌സസറികളും ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ ഓഫര്‍ ചെയ്യും. അടുത്ത മാസം അവസാനത്തോടെയാണ് സ്‌കൗട്ട് ബോബര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. 12.99 ലക്ഷം രൂപയായിരിക്കും ഡല്‍ഹി എക്‌സ് ഷോറൂം വിലയെന്ന് പ്രതീക്ഷിക്കുന്നു.

You must be logged in to post a comment Login