സ്‌നാപ്ഡീല്‍ വഴി വില്‍പ്പനയ്ക്കു വെസ്പയും

ബാംഗ്ലൂര്‍: ഓണ്‍ലൈന്‍ വാണിജ്യ, വ്യാപാര പോര്‍ട്ടലായ സ്‌നാപ്ഡീല്‍ വഴി സ്‌കൂട്ടര്‍ വില്‍ക്കാന്‍ ഇറ്റാലിയന്‍ ഇരുചക്രവാഹന നിര്‍മാതാക്കളായ പിയാജിയോ വെഹിക്കിള്‍സ് പ്രൈവറ്റ് ലിമിറ്റഡും രംഗത്ത്. നിലവില്‍ രാജ്യത്തെ ഏറ്റവും വലിയ ഇരുചക്രവാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോ കോര്‍പും പ്രമുഖ നിര്‍മാതാക്കളായ മഹീന്ദ്ര ടു വീലേഴ്‌സുമൊക്കെ സ്‌നാപ്ഡീല്‍ വഴി വാഹന വില്‍പ്പന നടത്തുന്നുണ്ട്. യുവ ഉപയോക്താക്കളെ ലക്ഷ്യമിട്ടാണു പിയാജിയോ, സ്‌നാപ്ഡീലിലേക്കു ചേക്കേറിയതെന്നാണു സൂചന. കാര്യമായ അധ്വാനമില്ലാതെ ഇരുചക്രവാഹനം വാങ്ങാന്‍ ആഗ്രഹിക്കുന്ന, സാങ്കേതികത്തികവുള്ള യുവ ഇടപാടുകാരെയാണു കമ്പനി സ്‌നാപ്ഡീല്‍ വഴി പ്രതീക്ഷിക്കുന്നത്.
വെറും 5,000 രൂപ അഡ്വാന്‍സ് അടച്ചു ‘വെസ്പ’ ശ്രേണിയിലെ ഇഷ്ടസ്‌കൂട്ടര്‍ ബുക്ക് ചെയ്യാനുള്ള അവസരമാണു സ്‌നാപ്ഡീലിന്റെ വാഗ്ദാനം. പിയാജിയോ മോഡലുകളായ ‘വെസ്പ’, ‘വി എക്‌സ്’, ‘വെസ്പ എസ്’, ‘വെസ്പ എലഗന്റ്’ എന്നിവയൊക്കെ സ്‌നാപ്ഡീലില്‍ ലഭ്യമാണ്.
പോരെങ്കില്‍ സ്‌നാപ്ഡീല്‍ വഴി സ്‌കൂട്ടര്‍ വാങ്ങുന്ന ആദ്യത്തെ 100 ഇടപാടുകാര്‍ക്കു പിയാജിയോ 2,000 രൂപ ഇളവും വാഗ്ദാനം ചെയ്യുന്നുണ്ട്. സ്‌നാപ്ഡീല്‍ വഴിയുള്ള അടുത്ത ഇടപാടിലാണ് ഈ കൂപ്പണ്‍ വിനിയോഗിക്കാന്‍ കഴിയുക.
രൂപകല്‍പ്പനാമികവില്‍ ആഗോളതലത്തില്‍ മുന്നിട്ടു നില്‍ക്കുന്ന വെസ്പ ബ്രാന്‍ഡിന് ലോകമെങ്ങും ആരാധകരുണ്ടെന്ന് പിയാജിയോ വെഹിക്കിള്‍സ് പ്രൈവറ്റ് ലിമിറ്റഡ് ടു വീലര്‍ ബിസിനസ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സഞ്ജീവ് ഗോയല്‍ അഭിപ്രായപ്പെട്ടു. ഇന്നത്തെ തലമുറയ്ക്ക് ഓണ്‍ലൈന്‍ ഷോപ്പിങ്ങിനോടുള്ള ആഭിമുഖ്യം പരിഗണിച്ചാണ് ‘വെസ്പ’യുടെ വില്‍പ്പന ഓണ്‍ലൈന്‍ സംവിധാനത്തിലേക്കു വ്യാപിപ്പിക്കുന്നത്. ഈ സാധ്യത പരിഗണിച്ചാണ് സ്‌നാപ്ഡീലുമായി സഹകരിച്ച് ഓണ്‍ലൈന്‍ സ്റ്റോര്‍ തുറക്കുന്നതെന്നും ഗോയല്‍ വിശദീകരിച്ചു.
കഴിഞ്ഞ 12 മാസത്തിനിടെ അത്ഭുതാവഹമായി വളര്‍ച്ചയാണു സ്‌നാപ്ഡീലിലെ വാഹന വിഭാഗം കൈവരിച്ചതെന്ന് സ്‌നാപ്ഡീല്‍ സീനിയര്‍ വൈസ് പ്രസിഡന്റ് (ഇലക്ട്രോണിക്‌സ് ആന്‍ഡ് ഹോം) ടോണി നവീന്‍ അഭിപ്രായപ്പെട്ടു.
സ്‌നാപ്ഡീല്‍ പ്ലാറ്റ്‌ഫോമിലെ വെസ്പ ബ്രാന്‍ഡ് സ്റ്റോര്‍ ഇടപാടുകാര്‍ക്കു മികച്ച അനുഭവം പ്രദാനം ചെയ്യുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

You must be logged in to post a comment Login