സ്‌നേഹത്തിന്റെയും സേവനത്തിന്റെയും ഉണര്‍വ്വുകള്‍

  • സമദ് കല്ലടിക്കോട്

‘ടെക്സ്റ്റ്ബുക്കുകള്‍ മാറ്റമില്ലെങ്കില്‍ കുട്ടികള്‍ സ്വയം സംഘടിപ്പിച്ചോളും. എന്നാല്‍ നോട്ടുബുക്കുകളും യൂണിഫോമും ബാഗും കുടയും
വാങ്ങാന്‍ വഴിയില്ലല്ലോ’? ഒരമ്മയുടെ ഈ നിസ്സഹായത അറിഞ്ഞപ്പോഴാണ് സ്‌പോണ്‍സറെ കണ്ടെത്തിയും അല്ലാതെയും കുട്ടികളുടെ പഠനാവശ്യത്തിനുള്ളതെല്ലാം നല്‍കാനാവുന്ന പദ്ധതി നടപ്പിലാക്കുവാന്‍ ബഷീര്‍ തീരുമാനിക്കുന്നത്. ഓരോ സ്‌കൂള്‍തുറക്കല്‍ കാലത്തും നിര്‍ധനരും നിരാലംബരുമായ വിദ്യാര്‍ത്ഥികളെ തേടി ലവ് & സര്‍വ് എന്ന സംഘടനയുടെ എല്ലാമെല്ലാമായ ഈ മനുഷ്യസ്‌നേഹിയെത്തുന്നു

ദാരിദ്ര്യത്തിന്റെ വേദനയും നിസ്സഹായതയുമായി കഴിയുന്ന കുടുംബങ്ങളില്‍ കുട്ടികളുടെ പഠനം പലപ്പോഴും പാതിവഴിയിലായിരിക്കും. നിത്യവരുമാനമില്ലാത്ത ഇത്തരം കുടുംബങ്ങളിലെ കുട്ടികളുടെ സ്‌കൂള്‍ പഠനം പ്രതിസന്ധിയിലാവുമ്പോള്‍ അസ്വസ്ഥനാകുന്ന ഒരാളുണ്ട്. മലപ്പുറം കരിഞ്ചാപ്പാടി പള്ളിയാലില്‍ ബഷീര്‍. ദീര്‍ഘ കാലം കുറുവ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പള്ളിയാലില്‍ മൂസക്കുട്ടിയുടെയും ഫാത്തിമയുടെയും ഏകമകനാണ് ജീവകാരുണ്യരംഗത്ത് പൊതുസമ്മതനായ ബഷീര്‍. ആയിരക്കണക്കിന് കുട്ടികളുണ്ട് ബഷീറിന്റെ കണക്കുപുസ്തകത്തില്‍. അവര്‍ക്കെല്ലാം ബഷീര്‍ മാഷാണ്, രക്ഷിതാവാണ്. പണമില്ലാത്തതുകൊണ്ട് ആരും പഠിക്കാതിരിക്കരുതെന്നാണ് ലൗ & സെര്‍വ് എന്ന സംഘടനയുടെ വക്താവായ ബഷീര്‍ കരിഞ്ചാപ്പാടിയുടെ ആഗ്രഹം.

1985-ല്‍ രക്തദാനസേന രൂപീകരണത്തിലൂടെ ആയിരുന്നു ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ തുടക്കം. നെഹ്‌റു യുവകേന്ദ്രയുടെ സൗത്ത് സോണ്‍ ഡയറക്ടറായിരുന്ന ഹംസ തയ്യിലുമായുള്ള ആത്മബന്ധമാണ് സേവനവഴിയില്‍ ഒറ്റയാള്‍ പ്രസ്ഥാനമാകാന്‍ പ്രചോദനം. വെളുപ്പിന് ഒരു കട്ടന്‍ചായ കുടിച്ച് തുടങ്ങുന്ന യാത്രകള്‍. കാര്‍ വീട്ടിലിട്ട് ബസ്സിലാണ് പോവുക. കാറ് പോകാത്തവഴികളിലെ കൊച്ചു കൂരകളിലാവുമല്ലോ സ്‌കൂളില്‍ പോകാന്‍ നിവൃത്തിയില്ലാതെ കഴിയുന്ന കുട്ടികള്‍. നാട്ടുവഴികളിലൂടെ വാഹനത്തിലും നടന്നും താണ്ടിയ ദൂരം.. അതിനിടയില്‍ കണ്ടു മുട്ടിയ വിദ്യാര്‍ത്ഥികളില്‍ ചിലര്‍ ഇപ്പോള്‍ പഠിച്ച് നല്ലനിലയിലായി. ആണ്‍കുട്ടികളില്‍ ചിലര്‍ വിദേശത്ത് ജോലി ചെയ്യുന്നു. അവരിപ്പോള്‍ ബഷീറിന്റെ സേവന പ്രവര്‍ത്തന ത്തിന് താങ്ങാകാറുണ്ട്.

സ്‌കൂള്‍ അവധിക്കാലമായ ഏപ്രില്‍ മെയ് മാസങ്ങളിലാണ് ബഷീറിന് തിരക്കോടുതിരക്ക്. ഓരോ അദ്ധ്യയനവര്‍ഷം ആരംഭിക്കുന്നതിനുമുമ്പും നൂറുകണക്കിന് നിര്‍ധനകുടുംബങ്ങളിലെ കുട്ടികളാണ് സഹായഭ്യര്‍ത്ഥനയുമായി ബഷീറിനെ സമീപിക്കുന്നത്. അപേക്ഷകരുടെ വീടുകളില്‍ നേരിട്ടെത്തി വിവരങ്ങള്‍ ശേഖരിക്കും. മാരക രോഗംമൂലം ദുരിതമനുഭവിക്കുന്ന ഒട്ടേറെ കുടുംബങ്ങളില്‍ ഭക്ഷണക്കിറ്റ് വിതരണം ചെയ്യാറുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളിലാണ് വീട്ടിലെ കഷ്ടപ്പാടുകാരണം സ്‌കൂളില്‍ പോ കാത്ത കുട്ടികളെ കണ്ടുമുട്ടാറുള്ളത്.

രണ്ടുപതിറ്റാണ്ടുമുമ്പാണ് പാവപ്പെട്ട കുട്ടികളെ പഠനത്തിന് സഹായിക്കുന്നതിനായി ബുക്ക്ബാങ്ക് ആരംഭിക്കുന്നത്. ക്ലാസ്‌കയറ്റം കിട്ടുന്ന കുട്ടികളില്‍നിന്ന് ടെക്സ്റ്റ് ബുക്കുകള്‍ ശേഖരിച്ച് ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുകയായിരുന്നു ബുക്ക് ബാങ്കിന്റെ ലക്ഷ്യം. ഇങ്ങനെ ലഭിച്ച പുസ്തകം വിതരണം ചെയ്യുന്നതിനിടെ ഒരു കുട്ടിയുടെ അമ്മ പറഞ്ഞ വാക്കുകളാണ് പഠനോപകരണ വിതരണം കുറേക്കൂടി ഫലപ്രദമാക്കാന്‍ പ്രേരിപ്പിച്ചത്. ‘ടെക്സ്റ്റ്ബുക്കുകള്‍ മാറ്റമില്ലെങ്കില്‍ കുട്ടികള്‍ സ്വയം സംഘടിപ്പിച്ചോളും. എന്നാല്‍ നോട്ടുബുക്കുകളും യൂണിഫോമും ബാഗും കുടയും വാങ്ങാന്‍ വഴിയില്ലല്ലോ’? ഒരമ്മയുടെ ഈ നിസ്സഹായത കണ്ടപ്പോഴാണ് സ്‌പോണ്‍സറെ കണ്ടെത്തിയും അല്ലാതെയും കുട്ടികളുടെ പഠനം വിപുലമായി ഏറ്റെടുത്ത് നടപ്പാക്കുന്നത്. ഓരോ വര്‍ഷവും അര്‍ഹരുടെ എണ്ണം വര്‍ദ്ധിക്കുന്നതായാണ് അനുഭവം.

കഴിഞ്ഞ വര്‍ഷം നാനൂറോളം കുട്ടികള്‍ക്കാണ് സഹായം നല്‍കിയത്. ബഷീറിന്റെ ഈ നിസ്വാര്‍ത്ഥ പ്രവര്‍ത്തനം ഏറെ സുതാര്യമാണെന്നറിഞ്ഞ് സുമനസ്സുകള്‍ പണമയച്ചും സഹായിക്കാറുണ്ട്. നവീനമായ കര്‍മപദ്ധതികളാണ് ലൗ & സെര്‍വ് കൂട്ടായ്മ ഇപ്പോള്‍ മുന്നോട്ടുകൊണ്ടുപോകുന്നത്. മാനുഷികമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന, ജനത്തിന് പ്രയോജനം ചെയ്യുന്ന എല്ലാ പ്രവര്‍ത്തനങ്ങളിലും ബഷീറിന്റെ കയ്യൊപ്പു ണ്ട്. ഹജ്ജ് സര്‍വ്വീസ് സൊസൈറ്റിയുടെ പി.ആര്‍.ഒ.ആയി പ്രവര്‍ത്തിക്കുന്നതോടൊപ്പം എല്ലാ വര്‍ഷവും കരിപ്പൂര്‍ ഹജ്ജ് ക്യാമ്പില്‍ വോളന്റിയറായും സേവനം ചെയ്യാറുണ്ട്. സഹജീവികളോടുള്ള ഉത്തരവാദിത്വം നാമല്ലാതെ ആരുനിറവേറ്റും? ക്ഷണികമായ ഈ ജീവിതത്തില്‍ നമുക്കും ചില സ്‌നേഹചിത്രങ്ങള്‍ ഭൂമിയില്‍ ബാക്കിവെക്കേണ്ടേ?

പഠിക്കാതെ അലയുന്ന മക്കള്‍ പല തെറ്റായ കൂട്ടുകെട്ടിലും ചെന്നുപതിക്കും. കുഞ്ഞുപ്രായത്തില്‍ പണമല്ല വിദ്യാഭ്യാസമാണ് അവര്‍ക്കാവശ്യം. സ്‌നേഹവും കരുതലും അതിലേറെ പരിഗണനയും നാം കുട്ടികള്‍ക്ക് പകരണം. ഓരോ കുട്ടിയുടെയും പ്രതിഭാ ഗുണവും പഠനമികവും കുടുംബസാഹചര്യവുമായി ബന്ധമുണ്ട്. ”വീട്ടില്‍ പഠിക്കാനുള്ള സാഹചര്യമുണ്ടായിട്ടും ഞാന്‍ പഠിച്ചില്ല. അതിന്റെ പ്രായശ്ചിത്തമോ സമാധാനമോ ആയി കരുതിക്കോളൂ എന്റെ ഈ പ്രവര്‍ത്തനത്തെ..”ബഷീര്‍ പറയുന്നു.

 

You must be logged in to post a comment Login