സൗജന്യം മതിയാക്കാം ; റീചാര്‍ജ് ചെയ്യാത്തവരെ ഇനിയും വാഴിക്കില്ലെന്ന് ജിയോ

കഴിഞ്ഞ സെപ്തംബറില്‍ ആരംഭിച്ച സൗജന്യ സേവനം നിര്‍ത്തലാക്കാന്‍ ജിയോ ഒരുങ്ങി. ഇനിയും റീചാര്‍ജ് ചെയ്യാതെ സൗജന്യ സേവനം പറ്റുന്ന ഉപഭോക്താക്കളെ ഒഴിവാക്കാനാണ് ജിയോയുടെ തീരുമാനം. ഏപ്രില്‍ 15ന് ഔദ്യോഗികമായി സൗജന്യ സേവനം അവസാനിപ്പിച്ചെങ്കിലും റീചാര്‍ജ് ചെയ്യാത്ത ഉപഭോക്താക്കള്‍ക്ക് ഇപ്പോഴും ജിയോ ഡാറ്റയും കോളും നല്‍കുന്നുണ്ട്. എന്നാല്‍ പലവട്ടം റീചാര്‍ജ് ചെയ്യാന്‍ അറിയിച്ചുകൊണ്ടുള്ള എസ്എംഎസ് അവഗണിക്കുന്നവരെ ഇനിയും നീട്ടികൊണ്ടുപോകാന്‍ ജിയോ തയാറല്ലെന്നാണ് റിപ്പോര്‍ട്ട്. റീചാര്‍ജ് ചെയ്യാത്ത ഉപഭോക്താക്കളെ ഉടനടി ഒഴിവാക്കാനും ജിയോയ്ക്ക് പദ്ധതിയില്ല.

ഏതാനും തവണ കൂടി റീചാര്‍ജ് ചെയ്യാനുള്ള എസ്എംഎസ് നല്‍കിയിട്ടും അത് അവഗണിക്കുന്നവരെ ഘട്ടംഘട്ടമായി ഒഴിവാക്കാനാണ് ജിയോയുടെ തീരുമാനം. ഇതിനുള്ള നടപടികള്‍ ഇന്നലെ രാത്രിയോടെ ആരംഭിക്കുകയും ചെയ്തു. ഇതേ സമയം ജിയോ പ്രൈമില്‍ ചേര്‍ന്നവര്‍ പുതിയ പ്ലാന്‍ പ്രകാരം 309 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ ദിവസേന 1 ജിബി വീതം 4ജി ഡേറ്റയും പരിധികളില്ലാതെ മെസേജുകളും കോളുകളും ലഭിക്കുമെന്ന് കമ്പനി നേരത്തെ അറിയിച്ചിട്ടുണ്ടായിരുന്നു. മൂന്നു മാസത്തേക്കാണ് ഈ സേവനം ലഭിക്കുക. പുതിയ ഓഫര്‍ പ്രകാരം 509 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്താല്‍ ദിവസേന 2 ജിബി വീതം 4ജി ഡേറ്റയും മറ്റു സേവനങ്ങള്‍ പരിധിയില്ലാതെ സൗജന്യമായിരിക്കുമെന്നും കമ്പനി പറഞ്ഞിരുന്നു.

ഇതുവരെ പ്രൈം അംഗത്വം എടുക്കാത്തവര്‍ക്കും പുതുതായി കണക്ഷന്‍ എടുക്കുന്നവര്‍ക്കും 408 രൂപയുടെ ആദ്യ റീചാര്‍ജ് ചെയ്താല്‍ 84 ദിവസത്തേക്ക് സൗജന്യ സേവനം ലഭിക്കും. രണ്ട് ജിബി ഡേറ്റ വേണമെങ്കില്‍ പുതിയ ഉപഭോക്താക്കള്‍ 608 രൂപയ്ക്ക് റീചാര്‍ജ് ചെയ്യണം. എന്നാല്‍ ഈ ഓഫര്‍ കാലാവധി എത്ര ദിവസം ബാക്കിയുണ്ടെന്ന് വ്യക്തമല്ല. പുതുതായി ടെലികോം മേഖലയില്‍ എത്തിയ ജിയോയ്ക്ക് 100 മില്യണ്‍ ഉപഭോക്താക്കളാണുള്ളത്.

You must be logged in to post a comment Login