സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ സല്‍മാന്‍ രാജാവിന് ലെറ്റര്‍ ഓഫ് ക്രെഡന്‍സ് കൈമാറി; ഇന്ത്യന്‍ രാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ ആശംസകളും അംബാസഡര്‍ രാജാവിനെ അറിയിച്ചു

saudi

സൗദി അറേബ്യയിലെ ഇന്ത്യന്‍ അംബാസഡര്‍ അഹമ്മദ് ജാവേദ്, സല്‍മാന്‍ രാജാവിന് ലെറ്റര്‍ ഓഫ് ക്രെഡന്‍സ് കൈമാറി. അംബാസഡറായി ഔദ്യോഗിക നിയമനം നല്‍കുന്ന അധികാരപത്രമാണ് ലെറ്റര്‍ ഓഫ് ക്രെഡന്‍സ്. ഇന്നലെ ജിദ്ദ അല്‍ സലാം കൊട്ടാരത്തില്‍ നടന്ന ചടങ്ങിലാണ് അംബാസഡര്‍ രാജാവിന് അധികാരപത്രം കൈമാറിയത്.

കഴിഞ്ഞ ഫെബ്രുവരി 17ന് അംബാസഡറായി ചുമതല ഏറ്റെടുത്തെങ്കിലും സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന് ലെറ്റര്‍ ഓഫ് ക്രെഡന്‍സ് കൈമാറിയിരുന്നില്ല. ഇന്നലെ വിവിധ രാഷ്ട്രങ്ങളില്‍ നിന്നുളള പതിനൊന്ന് അംബാസഡര്‍മാര്‍ക്കൊപ്പമാണ് ഇന്ത്യന്‍ അംബാസഡര്‍ അഹമദ് ജാവേദ് അധികാര പത്രം കൈമാറിയത്. ഇന്ത്യന്‍ രാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ ആശംസകളും അംബാസഡര്‍ രാജാവിനെ അറിയിച്ചു.

അഹമ്മദ് ജാവേദ്, സൗദി വിനോദ സഞ്ചാര ദേശീയ പാരമ്പര്യ വകുപ്പ് മേധാവി അമീര്‍ സുല്‍ത്താന്‍ ബിന്‍ സല്‍മാനുമായും കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കൂടിക്കാഴ്ച. കല, കരകൗശല വിദ്യ, വാസ്തു വിദ്യ എന്നീ രംഗങ്ങളില്‍ ഇന്ത്യയുടെ പരിചയ സമ്പത്ത് സൗദിക്ക് ഉപയോഗപ്പെടുത്താന്‍ താല്‍പര്യമുണ്ടെന്ന് അമീര്‍ സുല്‍ത്താന്‍ അംബാസഡറെ അറിയിച്ചു.

You must be logged in to post a comment Login