സൗദിയില്‍ ഇന്ത്യക്കാരിയായ വീട്ടുജോലിക്കാരി മരിച്ചനിലയില്‍

asimaറിയാദ്: സൗദിയില്‍ വീട്ടുജോലിക്കാരിയായ ഹൈദരാബാദുകാരി മര്‍ദനത്തിനിരായി കൊല്ലപ്പെട്ടു. ഇരുപത്തുഞ്ചുകാരിയായ അസിമ ഖാട്ടൂണ്‍ ഗുരുതരമായി പരുക്കേറ്റ് കിങ് സൗദ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരണം. അസിമ മരിച്ചതായി പേരുവെളിപ്പെടുത്താത്ത ഒരാള്‍ വീട്ടിലേക്ക് വിളിച്ച് അറിയിക്കുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് വിവരം വീട്ടില്‍ അറിഞ്ഞത്.

മാനസികമായും ശാരീരികമായും പീഡിപ്പിക്കപ്പെടുന്നതായി അവര്‍ പരാതിപ്പെട്ടിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. ഏതാനും ആഴ്ചകള്‍ക്കു മുന്‍പ് വിളിച്ചപ്പോള്‍, തന്നെ ഇവിടെ നിന്നു രക്ഷിക്കണമെന്നും അതിനാവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് കുടുംബം തെലങ്കാന സര്‍ക്കാരിനെ സമീപിച്ചു.

വീട്ടുജോലിക്കായി 90 ദിവസത്തെ സന്ദര്‍ശക വീസയിലാണ് അസിമ പോയത്. വീസ കാലാവധി അവസാനിച്ചതിനുശേഷവും അസിമയെ അനധികൃതമായി പാര്‍പ്പിച്ചിരിക്കുകയായിരുന്നുവെന്നാണ് വിവരം. നാലുമാസത്തോളം അവിടെ ജോലി ചെയ്തു.

മരണത്തിന്റെ വിവരങ്ങള്‍ ആവശ്യപ്പെട്ട് തെലങ്കാന പൊലീസ് സൗദി അധികൃതര്‍ക്ക് കത്തയച്ചിട്ടുണ്ട്.

You must be logged in to post a comment Login