സൗദിയില്‍ എണ്ണ വില്‍പന പ്രതിസന്ധിയില്‍; ഇറക്കുമതി കുറഞ്ഞു

oil-prices-falling (1)

റിയാദ്: സൗദി അറേബ്യയുടെ എണ്ണ വില്‍പനയില്‍ വന്‍ പ്രതിസന്ധി നേരിടുന്നതായി റിപ്പോര്‍ട്ട്. ഉല്‍പാദനം കൂടിയിട്ടും കാര്യമായ വില്‍പന ലഭിക്കാത്തതിനാല്‍ സൗദിയിലെ എണ്ണ വ്യവസായം പ്രതിസന്ധി നേരിടുകയാണെന്ന് സൗദിയിലെ സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു. സൗദിയിലെ എല്ലാവിധ എണ്ണ ഉല്‍പന്നങ്ങള്‍ക്കും ആവശ്യകത കുറഞ്ഞതായാണ് പറയപ്പെടുന്നത്.

റഷ്യയും ഇറാഖുമായിരുന്നു അന്താരാഷ്ട്ര വിപണിയില്‍ സൗദിയുടെ മുഖ്യ എതിരാളികള്‍. ഇപ്പോള്‍ റഷ്യയും ഇറാഖും മികച്ച രീതിയില്‍ വിപണിയില്‍ സ്ഥാനമുറപ്പിച്ചെന്നും എനര്‍ജി കണ്‍സള്‍ട്ടന്‍സികള്‍ പറയുന്നു. ബാരലിന് 30 ഡോളര്‍ എന്ന താഴ്ന്ന നിലയില്‍ നിന്ന് എണ്ണയുടെ വില ഉയര്‍ന്നിട്ടുണ്ട്. എണ്ണയുടെ വില്‍പനയെ മാത്രം ആശ്രയിക്കുന്ന സൗദിയുടെ സമ്പദ്ഘടന വില്‍പന കുറഞ്ഞതോടെ വന്‍ പ്രതിസന്ധിയെ നേരിടുകയാണ്.

വിദേശരാഷ്ട്രങ്ങളിലേക്കുള്ള എണ്ണ കയറ്റുമതി കുറഞ്ഞതാണ് സൗദിയുടെ എണ്ണ വില്‍പനയെ പ്രതികൂലമായി ബാധിച്ചത്. ചൈന, ദക്ഷിണാഫ്രിക്ക, അമേരിക്ക തുടങ്ങിയ രാഷ്ട്രങ്ങളാണ് സൗദിയില്‍ നിന്ന് ഏറ്റവും കുറച്ച് എണ്ണ ഇറക്കുമതി ചെയ്യുന്നത്. സൗദി ഇപ്പോള്‍ 800 കോടി ഡോളര്‍ വരെ അന്താരാഷ്ട്ര ബാങ്കുകളില്‍ നിന്ന് ലോണ്‍ എടുക്കാനുള്ള ശ്രമത്തിലാണ്. ലോണിനു പുറമേ പൊതുചെലവുകള്‍ വെട്ടിക്കുറയ്ക്കാനും സൗദി തീരുമാനിച്ചിട്ടുണ്ട്. ലോക്കല്‍ സബ്‌സിഡികളും വെട്ടിക്കുറച്ചിട്ടുണ്ട്.

2015ല്‍ സൗദിയുടെ ധനക്കമ്മി 1000 കോടി ഡോളറിലേക്കെത്തിയിരുന്നു. ഇത് കുറയ്ക്കാനാണ് സൗദി ശ്രമിച്ചു കൊണ്ടിരിക്കുന്നത്. സൗദിയില്‍ നിന്ന് ചൈനയിലേക്കുള്ള എണ്ണ ഇറക്കുമതി 2003ല്‍ 15 ശതമാനവും 2015ല്‍ അത് 13 ശതമാനവുമായി. 2013ല്‍ ദക്ഷിണാഫ്രിക്കയിലേക്ക് 53 ശതമാനം എണ്ണ സൗദിയില്‍ നിന്ന് ഇറക്കുമതി ചെയ്തപ്പോള്‍ 2015ല്‍ അത് 22 ശതമാനം മാത്രമായി ചുരുങ്ങി.

You must be logged in to post a comment Login