സൗദിയില്‍ തൊഴില്‍ മേഖലയിലെ നിയന്ത്രണങ്ങള്‍ ഏറ്റവുമധികം ബാധിക്കുക മലയാളികളെ

സൗദി: രാജ്യത്തിന് പുറത്ത് ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ ജോലി ചെയ്യുന്ന സൗദി അറേബ്യയിലെ തൊഴില്‍ മേഖലയില്‍ അനുകൂലവും പ്രതികൂലവുമായ ഒരു ചെറു ചലനം പോലും കേരളത്തില്‍ പ്രതിഫലിക്കും.സൗദിയിലെ വിദേശ തൊഴിലാളികളില്‍ ഒന്നാം സ്ഥാനത്താണ് ഇന്ത്യക്കാര്‍ .അതില്‍ തന്നെ ഭൂരിപക്ഷവും മലയാളികള്‍. പാക്കിസ്ഥാനും ബംഗ്ലാദേശും ഈജിപ്തുമൊക്കെ നമുക്ക് പിറകിലാണ്.

ഇന്ത്യക്ക് ആവശ്യമായ അസംസ്‌കൃത എണ്ണയുടെ 23 ശതമാനത്തോളം ഇറക്കുമതി ചെയ്യുന്നത് സൗദിയില്‍ നിന്നാണ്. ഇറാനില്‍ നിന്ന് കൂടി എണ്ണ വാങ്ങുന്ന ഇന്ത്യക്ക് അമേരിക്കന്‍ ഉപരോധത്തെ തുടര്‍ന്ന് പ്രശ്‌നങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ കൂടതല്‍ എണ്ണ തരാന്‍ തയാറാണെന്ന് സൗമനസ്യ പൂര്‍വം പറഞ്ഞ രാജ്യമാണ് സൗദി അറേബ്യ. ഉഭയകക്ഷി ബന്ധം അത്രത്തോളം ഊഷ്മളമാണ് ഇരുരാജ്യങ്ങളും തമ്മില്‍.
തൊഴില്‍ മേഖലയിലെ നിയന്ത്രണങ്ങളും സ്വദേശി വല്‍ക്കരണവും അവരുടെ ആഭ്യന്തര കാര്യമാണ്. സൗദിയിലെ ജന സംഖ്യയില്‍ 60 ശതമാനത്തോളം യുവാക്കളാണ്. അവര്‍ക്ക് തൊഴില്‍ അനിവാര്യമാണ്.

തൊഴില്‍ മേഖലയില്‍ നിയന്ത്രണങ്ങള്‍ സൗദിയില്‍ നടപ്പാക്കേണ്ടി വരുമ്പോള്‍ തൊഴില്‍ നഷ്ടപ്പെടുന്നവരും ബാധിക്കുന്നവരും അധികവും മലയാളികള്‍ക്കാണ്. ഈ തൊഴില്‍ നഷ്ടം കേരളത്തിന്റെ കുതിപ്പിനെ ആനുപാതികമായി തടസപ്പെടുത്തുന്നുണ്ട്. തൃശൂര്‍ മുതല്‍ കാസര്‍കോഡ് വരെയുള്ള ജില്ലകളില്‍ പ്രളയത്തിനു മുമ്പ് തന്നെ കച്ചവട രംഗത്ത് കടുത്ത മാന്ദ്യത്തിന് ഇടയാക്കിയത് സൗദിയില്‍ നിന്നുള്ള പ്രവാസികളുടെ തിരിച്ചു വരവാണ്. റിയല്‍ എസ്റ്റേറ്റ് രംഗം ഏതാണ്ട് പൂര്‍ണമായും മരവിച്ച സ്ഥിതിയിലാണെന്ന് സാമ്പത്തിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വാഹന വിപണി മുതല്‍ പഴം പച്ചക്കറി വിപണി വരെ ഈ മാന്ദ്യം ബാധിച്ചിട്ടുണ്ട്.

2017 ല്‍ വിദേശ തൊഴിലാളികള്‍ക്കും അവരുടെ ആശ്രിതര്‍ക്കും ലെവി ഏര്‍പ്പെടുത്തി തുടങ്ങിയതോടെയാണ് വന്‍ തോതില്‍ വിദേശികള്‍ മടങ്ങിയത്. ഇതോടൊപ്പം സ്വദേശി വല്‍ക്കരണവും വിനയായി. ഈ ലെവിയും മൂല്യ വര്‍ധിത നികുതിയും (വാറ്റ് ) ഇതുമായി ബന്ധപ്പെട്ട കുടിശികയും ഒക്കെ അനുഭാവ പൂര്‍വം പരിഗണിക്കുന്ന സന്തോഷ വാര്‍ത്ത ഉടനെ ഉണ്ടാകുമെന്ന സൗദി തൊഴില്‍ മന്ത്രിയുടെ പ്രഖ്യാപനമാണ് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. ലെവിയുടെ കാര്യത്തില്‍ തീരുമാനം ഉണ്ടാവുകയാണെങ്കില്‍ തന്നെ അത് ലക്ഷക്കണക്കിന് വിദേശ തൊഴിലാളികളുടെ നിലനില്‍പ് ഭഭ്രമാക്കും. ജനുവരിയില്‍ മടങ്ങാനിരിക്കുന്ന കുടുംബങ്ങള്‍ക്ക് ഇവിടെ തുടരാവുന്ന അവസ്ഥയും ഉണ്ടാകും.

വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ ടി.സി വാങ്ങി പോകുന്ന അവസ്ഥയായിരുന്നു കഴിഞ്ഞ അധ്യായന വര്‍ഷത്തിന്റെ തുടക്കത്തില്‍ കണ്ടത്. ഇത് ഏറെ ബാധിച്ചത് സി.ബി.എസ്.ഇ സിലബസ് പിന്തുടരുന്ന സ്വകാര്യ ഇന്ത്യന്‍ സ്‌കൂളുകളെയാണ്. കുട്ടികളുടെ എണ്ണം 40 ശതമാനം കണ്ട് കുറഞ്ഞു. ഇന്ത്യന്‍ എംബസിയുടെ നിരീക്ഷണത്തിലുള്ള ഇന്ത്യന്‍ സ്‌കൂളുകളെ ഇത് കാര്യമായി ബാധിച്ചില്ല. എന്നാല്‍ ജനുവരിയില്‍ ആശ്രിത ലെവിയുമായി ബന്ധപ്പെട്ട ആശ്വാസവും അനുകൂലവുമായ സന്തോഷ വാര്‍ത്തയുണ്ടായില്ലെങ്കില്‍ ഇനിയും കുട്ടികളുടെ വ്യാപകമായ കൊഴിഞ്ഞു പോക്ക് ഉണ്ടാകും. അത് എംബസി സ്‌കൂളുകളെയും ബാധിക്കും.

വന്‍ തുക വാടക കൊടുത്താണ് സൗദിയിലെ ഇന്ത്യന്‍ എംബസി സ്‌കൂളുകള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്. ജിദ്ദയിലെ വാടക കെട്ടിടവുമായി ബന്ധപ്പെട്ട് കെട്ടിട ഉടമയുമായി ഉണ്ടായ പ്രശ്‌നങ്ങള്‍ക്ക് ഈ അടുത്താണ് പരിഹാരമുണ്ടായത്.

2017 ജൂലൈ മുതല്‍ ആശ്രിതര്‍ക്ക് ( കുടുംബത്തിന് , ഭാര്യക്കും മക്കള്‍ക്കും) പ്രതിമാസം 100 റിയാലും 2018 ജൂലൈ മുതല്‍ 200 റിയാലും 2019 ജൂലൈ മുതല്‍ 300 റിയാലും 2020 മുതല്‍ 400 റിയാലുമാണ് ലെവിയായി നടപ്പാക്കിയത്. അതായത് മൂന്നംഗ കുടുംബത്തിന് ഇഖാമ പുതുക്കണമെങ്കില്‍ 2017 ല്‍ 3600 റിയാല്‍ അധികമായി നല്‍കണമായിരുന്നു. 2018 ല്‍ ഇത് ഇരട്ടിയായി.

ആശ്രിതരുടെ ലെവി അടക്കാനാവില്ലെന്നും അത് സ്വന്തം നിലയില്‍ അടക്കണമെന്നും ഭൂരിപക്ഷം കമ്പനികളും സര്‍ക്കുലര്‍ ഇറക്കിയതോടെ ഈ അധിക തുക കണ്ടെത്താന്‍ പലര്‍ക്കും നെട്ടോട്ടമോടേണ്ടി വന്നു. നിരവധി പേര്‍ കുടുംബത്തെ എക്‌സിറ്റില്‍ നാട്ടില്‍ അയക്കാന്‍ നിര്‍ബന്ധിതരായി. നാട്ടില്‍ സ്വന്തമായി വീടില്ലാത്തവരും വീടു പണി നടക്കുന്നവരുമൊക്കെ ഈ കൂട്ടത്തില്‍ ഉണ്ടായിരുന്നു. കുട്ടികളുടെ നാട്ടിലെ അഡ്മിഷനും പലര്‍ക്കും പ്രശ്‌നമായി. ചില കുട്ടികളുടെ ഒരു അധ്യായന വര്‍ഷം നഷ്ടപ്പെടുക വരെ ചെയ്തു. ഇത് ആശ്രിത ലെവിയുമായി ബന്ധപ്പെട്ട് വന്ന അധിക ബാധ്യതയുടെ കഥ. ഇത് ഇപ്പോഴും നില നില്‍ക്കുകയാണ്. പിന്‍വലിച്ചിട്ടില്ല.

ഇതോടൊപ്പം വിദേശ തൊഴിലാളികളുടെ പേരില്‍ സ്ഥാപനങ്ങള്‍ 2018 മുതല്‍ 2020 വരെ യഥാക്രമം 400,600,800 റിയാല്‍ വീതം പ്രതിമാസ ലെവിയും നല്‍കണം. ഒരു തൊഴിലാളിയുടെ ഇഖാമ പുതുക്കാന്‍ 2018 ല്‍ സ്ഥാപന ഉടമകള്‍ ( ഇതില്‍ നിന്ന് വീട്ടു ജോലി വിസക്കാര്‍ ഒഴിവാണ്. അവര്‍ക്ക് ലെവി ബാധകമല്ല .ഗദ്ദാമ, വീടു ക്ലീനിംഗ്, തോട്ടം തൊഴിലാളി ഇതില്‍ പെടും. ) 4800 റിയാല്‍ വീതമാണ് സാധാരണ ഗവണ്‍മെന്റ് ഫീസിനോടൊപ്പം അധികം നല്‍കിയത്.

പല സ്ഥാപനങ്ങളും തൊഴിലാളികളുടെ എണ്ണം കുറച്ചു. കൂട്ടത്തോടെ പിരിച്ചു വിട്ടു. ഷോപ്പുകളും റെസ്റ്റോറന്റുകളും ചെലവു താങ്ങാനാവാതെ അടച്ചു പൂട്ടേണ്ട സ്ഥിതിയിലെത്തിയപ്പോള്‍ പലരെയും തുടരാന്‍ പ്രേരിപ്പിച്ചു കൊണ്ട് കെട്ടിട ഉടമകള്‍ വാടക 25 ശതമാനം വരെ കുറച്ചു. രാജ്യത്തെ ചേംബര്‍ ഓഫ് കൊമേഴ്‌സുകളും സൗദി കൗണ്‍സില്‍ ഓഫ് ചേംബറും ഇക്കാര്യം ചൂണ്ടികാട്ടി. ലെവി കുടിശിക അടക്കാന്‍ കമ്പനികള്‍ക്ക് ഇതിനകം തന്നെ സാവകാശം നല്‍കിയിട്ടുണ്ടെങ്കിലും പിരിച്ചു വിടല്‍ തുടരുകയാണ്.

ഇക്കാര്യത്തില്‍ കൂടുതല്‍ സാവകാശം ലഭിക്കുന്ന പ്രഖ്യാപനം സൗദി തൊഴില്‍ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി എന്‍ജി. അഹമ്മദ് അല്‍ രാജ്ഹി വരും ദിവസങ്ങളില്‍ നടത്തുമെന്ന പ്രതീക്ഷയിലാണ് പ്രവാസി സമൂഹം. എക്കാലത്തും വിദേശ തൊഴില്‍ സമൂഹത്തോട് സനേഹത്തോടെ മാത്രം പെരുമാറിയിട്ടുള്ള സൗദി ഭരണകൂടത്തില്‍ നിന്ന് സന്തോഷ വാര്‍ത്ത പ്രതീക്ഷിക്കാം. കേരളം കാത്തിരിക്കുന്നതും അതാണ്.

You must be logged in to post a comment Login