സൗദിയില്‍ നിയമലംഘകര്‍ വര്‍ധിക്കുന്നു; ഇതുവരെ പിടിയിലായത് എട്ടര ലക്ഷം പേര്‍

 

റിയാദ്: സൗദിയില്‍ നിയമലംഘകരുടെ എണ്ണം വര്‍ധിക്കുന്നു. നിയമം ലംഘിച്ച് ഇതുവരെ പിടിയിലായത് എട്ടര ലക്ഷം പേരാണ്. അറസ്റ്റിലായവരില്‍ ആറ് ലക്ഷത്തോളം പേര്‍ ഇഖാമ നിയമലംഘകരാണ്. ഇതില്‍ രണ്ടായിരത്തില്‍ താഴെ പേര്‍ ഇന്ത്യക്കാരാണ്. സൗദിയിലെ എല്ലാ പ്രധാന മേഖലകളിലും നിയമം ലംഘിക്കുന്നവരെയും അതിന് സഹായിക്കുന്നവരെയും പിടികൂടാന്‍ പരിശോധന ശക്തമാക്കിയിരിക്കുകയാണ്. നിലവില്‍ സൗദിയുടെ 13 പ്രവിശ്യകളിലാണ് പരിശോധന നടക്കുന്നത്.

കഴിഞ്ഞ നാല് മാസങ്ങളായി ശക്തമായ പരിശോധന നടക്കുകയാണ്. ഇതുവരെ എട്ടര ലക്ഷത്തോളം പേര്‍ അറസ്റ്റിലായതായി സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. രാജ്യത്തെ നിയമലംഘകരെ ഒഴിവാക്കി നിയമലംഘകരില്ലാത്ത രാജ്യമാക്കി മാറ്റുക എന്ന ഉദ്ദേശത്തോടെയാണ് പരിശോധന നടക്കുന്നത്.

പിടിക്കപ്പെട്ടവരില്‍ ആറ് ലക്ഷത്തോളം പേര്‍ ഇഖാമ അഥവാ താമസരേഖ ഇല്ലാത്തവരാണ്. ഒന്നരലക്ഷത്തിലധികം പേര്‍ തൊഴില്‍ നിയമ പ്രശ്‌നങ്ങളുടെ പേരില്‍ പിടിക്കപ്പെട്ടവരാണ്. അതിര്‍ത്തി നിയമലംഘകരായ എഴുപതിനായിരത്തോളം പേരും അകത്തായി. രേഖകളുണ്ടായിരിക്കെ ഇവ പരിശോധിച്ച് ഉറപ്പുവരുത്താനായി നിരവധി പേരെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചിട്ടുണ്ട്. രണ്ട് ലക്ഷത്തിലേറെ പേരെ ഇതിനകം സൗദിയില്‍ നിന്ന് കയറ്റി അയച്ചു. ഒന്നര ലക്ഷം പേര്‍ ടിക്കറ്റ് ബുക്കിങിന് വേണ്ടി കാത്തുകിടക്കുകയാണ്. മൂന്ന് ലക്ഷം പേരുടെ നടപടികള്‍ എംബസിയിലും പാസ്‌പോര്‍ട്ട് വിഭാഗത്തിലുമായി പുരോഗമിക്കുന്നുണ്ട്.

You must be logged in to post a comment Login