സൗദിയില്‍ പരിഷ്‌ക്കരിച്ച നിതാഖാത് രണ്ടാംഘട്ടം ഉടന്‍ പ്രഖ്യാപിക്കും; മലയാളികള്‍ ആശങ്കയില്‍

saudiറിയാദ്: സൗദി അറേബ്യയില്‍ സ്വദേശികളുടെ തൊഴിലില്ലായ്മ നിരക്ക് കുറക്കാന്‍ ലക്ഷ്യമിട്ടുളള നിതാഖാത് നിയമത്തിന്റെ രണ്ടാം ഘട്ടം ഉടന്‍ ആരംഭിക്കുമെന്ന് തൊഴില്‍ മന്ത്രാലയം. ഉപകിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ച വിഷന്‍ 2030യുടെ ഭാഗമായിട്ടായിരിക്കും നിതാഖാത്തിന്റെ അടുത്ത ഘട്ടം നടപ്പിലാക്കുക. പ്രഖ്യാപനം നടത്തി അഞ്ച് മാസത്തിനകം പദ്ധതി നടപ്പാക്കും.

വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായി തൊഴിലില്ലായ്മ നിരക്ക് 11. 7 ശതമാനത്തില്‍ നിന്ന് ഏഴ് ശതമാനമായി കുറക്കുന്നതിനാണ് തൊഴില്‍ മന്ത്രാലയം ലക്ഷ്യമിടുന്നത്. ഇതിനു പുറമേ വനിതകളുടെ തൊഴില്‍ പങ്കാളിത്തം 22 ശതമാനത്തില്‍ നിന്ന് 30 ശതമാനമായി ഉയര്‍ത്താനും പദ്ധതിയുണ്ട്. ഈ രണ്ടു ലക്ഷ്യങ്ങളില്‍ ഊന്നിയായിരിക്കും നിതാഖാത്തിന്റെ രണ്ടാം ഘട്ടം നടപ്പിലാക്കുക.

പദ്ധതിയിലൂടെ പത്ത് ലക്ഷത്തിലധികം സ്വദേശികള്‍ക്ക് സ്വകാര്യ മേഖലയില്‍ തൊഴിലവസരങ്ങള്‍ ലഭിക്കും. നിലവില്‍ സൗദികള്‍ ഏറ്റവും കൂടുതല്‍ ജോലി ചെയ്യുന്നത് പൊതുമേഖലയിലാണ് .സ്വകാര്യ മേഖലയില്‍ 89 ലക്ഷം വിദേശികളും 18 ലക്ഷം സൗദികളുമാണ് ജോലി ചെയ്യുന്നത്. പദ്ധതിയുടെ രണ്ടാം ഘട്ടം അനുസരിച്ച് സ്വദേശികള്‍ക്കു നല്‍കേണ്ട മിനിമം വേതനവും സര്‍ക്കാര്‍ നിര്‍ദേശിക്കുമെന്നാണ് സൂചനകള്‍.

എല്ലാ മേഖലകളിലും നിതാഖാത് നിര്‍ബന്ധമായും നടപ്പാക്കുമെങ്കിലും വിവിധ മേഖലകളില്‍ സ്വദേശിവല്‍ക്കരണത്തിന്റെ തോത് വ്യത്യസ്തമായിരിക്കും. 2011ല്‍ നിലവില്‍ വന്ന നിതാഖാത് നിയമം അനുസരിച്ച് സ്ഥാപനങ്ങള്‍ നിശ്ചിത ശതമാനം സ്വദേശികളെ ജോലിക്കു വയ്ക്കണം. മൊബൈല്‍ ഷോപ്പ് ഉള്‍പ്പെടെയുളള ചില സ്ഥാപനങ്ങളില്‍ സമ്പൂര്‍ണ സൗദിവത്ക്കരണം നടപ്പാക്കി വരികയാണ്.
വിദേശികള്‍ കൂടുതലായി ജോലി നോക്കുന്ന മറ്റ് ചില മേഖലയിലും സമ്പൂര്‍ണ സൗദിവത്ക്കരണം ഉണ്ടാകുമെന്നാണ് സൂചന.

നിതാഖാത് രണ്ടാം ഘട്ടം നടപ്പിലാക്കുന്നതോടെ ഈ തോത് ഉയരും. നിലവില്‍ പതിനൊന്നര ശതമാനത്തിനു മുകളിലാണ് സൗദിയിലെ തൊഴിലില്ലായ്മ നിരക്ക്. നിതാഖാത് നിയമം നടപ്പിലാക്കിയതിനു ശേഷം തൊഴിലില്ലായ്മ വര്‍ധിക്കുന്നതില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. പുതിയ നിതാഖാത്ത് പരിഷ്‌ക്കരണ പദ്ധതി വരുന്നതോടെ തങ്ങളുടെ ജോലിക്ക് ഭീഷണിയാകുമോ എന്ന ആശങ്കയിലാണ് മലയാളികളടക്കമുളള വിദേശികളും.

You must be logged in to post a comment Login