സൗദി തടവറ മുതല്‍ വഞ്ചി സ്‌ക്വയര്‍ വരെസൗദി തടവറ മുതല്‍ വഞ്ചി സ്‌ക്വയര്‍ വരെസ്റ്റീഫന്‍ മാത്യുവിന്റെ സമരജീവിതം

കെ.എം. സന്തോഷ് കുമാര്‍

ബിഷപ്പ് ഫ്രാങ്കോയുടെ അറസ്റ്റ് ആവശ്യപ്പെട്ട് കൊച്ചിയിലെ വഞ്ചി സ്‌ക്വയറില്‍ 14 ദിവസം തുടര്‍ന്ന സമരത്തിലെ ആദ്യാവസാന നിരാഹാര സത്യാഗ്രഹ സമരപോരാളിയെക്കുറിച്ച്
വേട്ടയാടപ്പെടുമാശ്രമ മൃഗത്തിന്റെകാപ്പിരിച്ചെറുമന്റെ അഭയകൂടാരത്തി-ലഗ്നി വര്‍ഷിക്കവേപായുമഭയാര്‍ത്ഥിയുടെ പിന്നാലെപായുന്ന ചപലചാപങ്ങളോടെന്നെന്നുമരുതരുത്കൊല്ലരുതെന്നു ഞാന്‍ നെഞ്ചുപിളര്‍ക്കുമാറാര്‍ത്തു വിലക്കവേനീയതിലുയിര്‍ക്കുന്നു സൂര്യാ…ഒ.എന്‍.വി.
‘മതനിന്ദയും രാജ്യദ്രോഹവും കുറ്റങ്ങള്‍ ചുമത്തപ്പെട്ട ഒരു മലയാളിയെ സൗദിയില്‍ തലവെട്ടിക്കൊന്നു…’2001 ഡിസംബര്‍ മാസത്തില്‍ ഇങ്ങനെയൊരു ചെറിയ പത്രവാര്‍ത്തയില്‍ അവസാനിക്കേണ്ടതായിരുന്നു സ്റ്റീഫന്‍ മാത്യു എന്ന ചെറുപ്പക്കാരന്റെ ജീവിതം. എന്നാല്‍ അത് സംഭവിക്കാതിരുന്നത്, സ്റ്റീഫന്റെ ഭാഗ്യം കൊണ്ടായിരുന്നില്ല. ഏഴുവര്‍ഷത്തെ ഗള്‍ഫ് ജീവിതത്തിനിടയില്‍, താന്‍ വായിച്ച്, മനസ്സിലാക്കി, ബോധ്യപ്പെട്ട വിശുദ്ധ ഖുറാനിലെ സത്യവചനങ്ങള്‍ ഉദ്ധരിച്ച്, വാദിച്ച്, സൗദി പൊലീസിലെ വിചാരണ ഉദ്യോഗസ്ഥരെ ഉത്തരം മുട്ടിച്ചതുകൊണ്ടാണ് അറബിനാട്ടിലെ തടവറയില്‍ നിന്ന് മോചിതനാകാന്‍ കഴിഞ്ഞത്. സൗദി രാജാധീകാരത്തിന്റെ ജനാധിപത്യവിരുദ്ധതക്കും നീതികേടുകള്‍ക്കുമെതിരെ, അറബിയില്‍ ഒരു നോട്ടീസ് തയ്യാറാക്കി, രഹസ്യമായി കോപ്പികള്‍ എടുത്ത്, ഒരു വെള്ളിയാഴ്ച പ്രാര്‍ത്ഥനാ ദിവസം പള്ളി പരിസരത്ത് വിതരണം ചെയ്തതിനാണ് സ്റ്റീഫന്‍ സൗദിയില്‍ ജയിലിലാകുന്നത്. നീതികേടിനെതിരെ പ്രതികരിക്കാതിരിക്കുന്നത്, സ്വന്തം മനസാക്ഷിയ്‌ക്കെതിരാണ് എന്ന ബോധ്യമാണ്; സൗദിയിലെ സാഹചര്യത്തില്‍ ആത്മഹത്യാപരമെന്നു വരെ പറയാവുന്ന ഈ സാഹസിക പ്രവര്‍ത്തിയിലേക്ക് ഈ ചെറുപ്പക്കാരനെ എത്തിച്ചത്. ഭാവി ചരിത്രം സുവര്‍ണ്ണലിപിയാല്‍ രേഖപ്പെടുത്തുമെന്നുറപ്പുള്ള കൊച്ചിയിലെ കന്യാസ്ത്രീ സമരത്തിലെ ആദ്യാവസാന നിരാഹാര സമരപോരാളിയായ സ്റ്റീഫന്‍ മാത്യു എന്ന നാല്പത്തെട്ടുകാരന്റെ സാമൂഹ്യ പ്രവര്‍ത്തന പാതയിലെ ആദ്യ ഘട്ടമാണ് സൗദിയില്‍ തുടക്കം കുറിച്ചത്. ക്രൂരമായ ചോദ്യംചെയ്യലുകള്‍ക്കും മൂന്നുമാസത്തെ ജയില്‍വാസത്തിനും വിചാരണയ്ക്കുമൊടുവില്‍, ഇദ്ദേഹത്തെ കേരളത്തിലേക്ക് കയറ്റിവിടുകയായിരുന്നു. തന്റെ പ്രവര്‍ത്തിയിലെ ശരിയും മനുഷ്യനന്മയ്ക്കുവേണ്ടിയെന്ന ഉദ്ദേശശുദ്ധിയും വിശുദ്ധ ഖുറാന്‍ വചനങ്ങള്‍ ഉദ്ധരിച്ച് അവരെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞു എന്നതുകൊണ്ടാണ് തനിക്കിപ്പോള്‍ ജീവിച്ചിരിക്കാന്‍ കഴിയുന്നത് എന്ന് സ്റ്റീഫന്‍ മാത്യു പറയുന്നു.   ഏതൊരു ക്രൈസ്തവ കുടുംബത്തിലെ പോലെയും, കുട്ടിക്കാലത്ത് സണ്‍ഡേ സ്‌കൂളില്‍ പോവുകയും, ബൈബിള്‍ പഠിക്കുകയും ചെയ്തിരുന്ന, ദൈവഭയം ഉള്ള ഒരു ബാലനായിരുന്നു സ്റ്റീഫന്‍ മാത്യു. എന്നാല്‍ അത് ആഴത്തിലുള്ള ബൈബിള്‍ മനസിലാക്കല്‍ ആയിരുന്നില്ല, എന്ന് സ്റ്റീഫന്‍ ഗൗരവമായി തിരിച്ചറിയുന്നത് ഗള്‍ഫ് ജീവിതകാലത്ത് വായനയുടെ ചക്രവാളം വികസിച്ചപ്പോഴാണ്. ബൈബിള്‍ അനുശാസിക്കുന്നതല്ല, സഭയുടെ പ്രായോഗികരീതി എന്ന മനസ്സിലാക്കല്‍ മറ്റു മതസ്ഥരുടെ വിശുദ്ധ ഗ്രന്ഥങ്ങള്‍ വായിക്കുന്നതിലേക്ക് ഇദ്ദേഹത്തെ നയിച്ചു. ഖുറാനും മനുസ്മൃതിയുമെല്ലാം ഗൗരവമായി പഠിക്കാന്‍ ശ്രമിച്ചു. ജോലിയിലെ ‘ഓവര്‍ടൈം’ ഒഴിവാക്കി വായനയ്ക്കായ് കൂടുതല്‍ സമയം കണ്ടെത്തി. ഇസ്ലാമിക നിയമത്താല്‍ ഭരണം നടത്തുന്നു എന്ന് പറയപ്പെടുന്ന സൗദിയില്‍, യഥാര്‍ത്ഥത്തില്‍ നടപ്പിലാക്കുന്ന ഭരണരീതി, പ്രവാചകന്റെ ഉദ്‌ബോധനങ്ങള്‍ക്ക് അനുസരിച്ചല്ല എന്ന തിരിച്ചറിവിലേയ്ക്കാണ് ഖുറാന്‍ വായനയിലൂടെ സ്റ്റീഫന്‍ എത്തിച്ചേരുന്നത്. ഉള്ളില്‍ അതിളക്കിവിട്ട ആന്ദോളനങ്ങള്‍ അടക്കാനാവാതായി. മത-സമുദായ-രാജ്യ വിഭിന്നതകള്‍ക്കപ്പുറത്തല്ലേ മനുഷ്യന്റെ തനത് സ്വത്വവും ജനാധിപത്യ അവകാശവും സ്വാതന്ത്ര്യവും എന്നൊക്കെയുള്ള താത്വികാന്വേഷണങ്ങളും കണ്ടെത്തെലുകളും ആകെ ഉലയ്ക്കുവാന്‍ തുടങ്ങി. പ്രതികരിച്ചേ മതിയാവൂ എന്ന ഉല്‍ക്കടമായ ആഗ്രഹത്തില്‍ നിന്നാണ് അങ്ങനെയൊരു കുറിപ്പ് തയ്യാറാക്കി വിതരണം നടത്തുക എന്ന തീരുമാനത്തിലേക്കെത്തിയത്. പിന്നീട് അതിന്റെ നടപ്പിലാക്കലിനുള്ള ശ്രമങ്ങളിലേക്കായി…”ഖുറാനില്‍ നിന്നുള്ള ബോധ്യങ്ങളനുസരിച്ച് ഒരു ദീര്‍ഘമായ കുറിപ്പ് മലയാളത്തില്‍ തയ്യാറാക്കി. നാട്ടില്‍ എത്തി. അറബിയിലേക്ക് മൊഴിമാറ്റം നടത്തണമല്ലോ! പലരേയും സമീപിച്ചു; ആരും ഏറ്റെടുത്തില്ല. ഒടുവില്‍ ഒരാളെ കണ്ടെത്തി. മഹാരാജാസ് കോളജില്‍ അധ്യാപകനായിരുന്ന റിട്ടയേഡ് പ്രിന്‍സിപ്പല്‍ പ്രൊഫ. പി. ഉമ്മര്‍ സാറിനെ. അദ്ദേഹം വളരെ മനോഹരമായ രീതിയില്‍, സൗദിയില്‍ ഉപയോഗിക്കപ്പെടുന്ന അറബി രചനാരീതിയില്‍ തന്നെ അത് പരിഭാഷപ്പെടുത്തിതന്നു. രഹസ്യമായി അത് സൗദിയിലേക്ക് കൊണ്ടുപോയി. അവിടെയെത്തി പല ദിവസങ്ങളായ് പല സ്ഥലങ്ങളില്‍ നിന്നായ് കോപ്പികള്‍ എടുത്തു. എല്ലാം അതീവ രഹസ്യമായി. പദ്ധതി നടപ്പിലാവും വരെ പിടിക്കപ്പെടരുതല്ലോ? ഇത് ചെയ്തു കഴിഞ്ഞുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ നന്നായി അറിയാമായിരുന്നു. അതുകൊണ്ട് മറ്റാരെയും  ഇതുമായി ബന്ധപ്പെടുത്തിയില്ല. ഒരു വെള്ളിയാഴ്ച ദിവസം, പ്രാര്‍ത്ഥന കഴിഞ്ഞ് പള്ളിയില്‍ നിന്ന് വിശ്വാസികള്‍ പുറത്തുവരുന്ന സമയം നോക്കി വിതരണം നടത്തി. വായിച്ചവര്‍ നടുങ്ങി. സുഹൃത്തുക്കള്‍ രക്ഷപ്പെടാന്‍ ഉപദേശിച്ചു. ഞാന്‍ പറയുന്ന കാര്യങ്ങളിലെ ശരിയില്‍ എനിക്ക് ഉറപ്പുള്ളതുകൊണ്ട്, എന്തും നേരിടാന്‍ തീരുമാനിച്ചു നിന്നു. വൈകാതെ പൊലീസ് വന്നു പിടിച്ചുകൊണ്ടുപോയി. രണ്ടു ദിവസം കടുത്ത മര്‍ദ്ദനം. പിന്നെ വിശദമായ ചോദ്യം ചെയ്യല്‍. ആഭ്യന്തര വിചാരണ. എന്റെ ജോലിസ്ഥലത്തും സുഹൃത്തുക്കള്‍ക്കിടയിലും നടത്തിയ അന്വേഷണത്തില്‍ നിന്നും ഞാനൊരു തീവ്രവാദി അല്ല എന്നവര്‍ക്ക് ബോധ്യപ്പെട്ടു. അറബിയിലും മലയാളത്തിലുമുള്ള ഖുറാന്‍ മുന്നില്‍ വച്ചായിരുന്നു എന്റെ മറുപടികള്‍. അതൊന്നും അവര്‍ക്ക് നിഷേധിക്കാനാവില്ലായിരുന്നു.” ”മറിച്ചാണ് സംഭവിച്ചതെങ്കിലും എനിക്ക് സങ്കടമില്ലായിരുന്നു. ശിക്ഷ കിട്ടുമെന്ന് ഉറപ്പിച്ചുതന്നെയാണ്, സുഹൃത്തുക്കള്‍ പലരും പിന്തിരിപ്പിച്ചിട്ടും, അപകടങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടും ഞാന്‍ ആ കുറിപ്പ് വിതരണം നടത്തിയത്. ഞാന്‍ ചെയ്യുന്നത് ശരിയാണെന്ന് എനിക്കുറപ്പുണ്ടായിരുന്നു. അതിനുവേണ്ടി മരിക്കുന്നതില്‍ എനിക്ക് വിഷമമുണ്ടായിരുന്നില്ല”. സ്റ്റീഫന്റെ ലക്ഷ്യപ്രഖ്യാപനത്തില്‍ ഒരുതരം നിര്‍മ്മലമായ നിഷ്‌ക്കളങ്കതയാണ് കാണാനാവുന്നത്. തന്റെ ജീവിതം എന്തായിരിക്കുമെന്നും എങ്ങനെയായിരിക്കുമെന്നുമുള്ള നിശ്ചയദാര്‍ഢ്യത്തിന്റെ ജ്വാല ആ കണ്ണുകളില്‍ തിളങ്ങിയിരുന്നു.ഉഴവൂര്‍, വെള്ളാന്തടത്തില്‍ മാത്യു-അന്നമ്മ ദമ്പതികളുടെ പത്തു മക്കളില്‍ ഒരുവനായ അവിവാഹിതനായ ഇദ്ദേഹം ഉഴവൂരിനടുത്തുള്ള പുതുവേലി എന്ന സ്ഥലത്ത് ഒരു ഒറ്റമുറി വീട് ഉണ്ടാക്കിയാണ് ഏകാന്തവാസം. ഈ ഒറ്റമുറി വീട്ടില്‍നിന്ന് കൊച്ചിയിലെ ഹൈക്കോടതി ജംഗ്ഷനിലുള്ള വഞ്ചിസ്‌ക്വയറിലെ കന്യാസ്ത്രീകളുടെ നീതിതേടിയുള്ള സമരകേന്ദ്രത്തിലേക്ക് സ്റ്റീഫന്‍ എത്തുന്നത് യാദൃശ്ചികമായിട്ടായിരുന്നില്ല. സഭാധികാരത്തിന്റെ നിര്‍ദ്ദയ ചൂഷണത്തിനിരയാകുന്ന കന്യാസ്ത്രീകളുടെ വിമോചനത്തിനായുള്ള പ്രവര്‍ത്തനം ഇദ്ദേഹത്തിന്റെ ജീവിതനിലപാടുതന്നെയാണ്. മറ്റാര്‍ക്കും അവകാശപ്പെടാനില്ലാത്ത, ഒരു സമരചരിത്രവുമുണ്ട് മുന്‍പേ തന്നെ ഈ വിഷയത്തില്‍. ഗള്‍ഫില്‍ നിന്ന് തിരിച്ച് നാട്ടിലെത്തിയ ശേഷം 2008ലാണ് സിസ്റ്റര്‍ അഭയകേസുമായി ബന്ധപ്പെട്ട് ചില നിര്‍ണ്ണായക വഴിത്തിരിവുകള്‍ ഉണ്ടാകുന്നത്. കേസ് എങ്ങുമെത്താതെ പോകുകയും കുറ്റവാളികളെ സഭ സംരക്ഷിക്കുകയും ചെയ്യുന്നത് കണ്ട സ്റ്റീഫന് അടങ്ങിയിരിക്കാനായില്ല.അഭയക്കും സ്റ്റീഫനും ഒരേ പ്രായമാണ്. അരീക്കരയിലെ ഒരേ സ്‌കൂളിലാണ് പഠിച്ചിരുന്നതും. എന്നാല്‍ അക്കാലത്ത് തമ്മില്‍ പരിചയപ്പെട്ടതായി ഓര്‍മ്മയില്ല. പക്ഷെ അഭയയുടെ വധവും, അന്വേഷണ സംഘങ്ങളുടെ മുന്നിലേക്കും കോടതികളിലേക്കും മാറി മാറി ഒടിത്തളരുന്ന നിസ്സഹായനായ അഭയയുടെ പിതാവിന്റെ രൂപവും ഒരു വിങ്ങലും നൊമ്പരവുമായി ഉള്ളില്‍ എന്നുമുണ്ടായിരുന്നു. കുറ്റവാളികളെ സഭ സംരക്ഷിക്കരുത് എന്ന തലത്തില്‍ കുറേ പോസ്റ്ററുകള്‍ അടിച്ച് കോട്ടയം നഗരം മുഴുവന്‍ ഒറ്റരാത്രിയില്‍ ഒറ്റയ്ക്ക് നടന്ന് ഒട്ടിച്ചു. ഒരു നോട്ടീസ് അച്ചടിച്ച് വിതരണം ചെയ്തു. ‘വിശ്വാസ ജാഗ്രത സമിതി’ എന്ന പേരും സ്വന്തം ഫോണ്‍ നമ്പരും വച്ചുതന്നെയാണ് പോസ്റ്റര്‍ തയ്യാറാക്കിയത്. പിന്നീട് ഉഴവൂര്‍ പള്ളി പെരുന്നാളിന്റെ സമയത്ത്, ഇത് ആവര്‍ത്തിക്കുകയും, ഒരു പ്ലക്കാര്‍ഡുമായി, 3 ഇടവകകളില്‍ ഒറ്റയ്ക്ക് പദയാത്ര നടത്തുകയും, പള്ളിക്ക് മുമ്പില്‍ ഒരു ദിവസം മുഴുവന്‍ പ്ലക്കാര്‍ഡുമായി നില്‍ക്കുകയും ചെയ്തു. അക്രമിക്കപ്പെടാനിടയുണ്ട് എന്നറിയാമായിരുന്നു. അതുണ്ടായില്ല. പക്ഷെ വളരെ ഊര്‍ജ്ജം ലഭിക്കുന്ന മറ്റുചിലതുണ്ടായി. ആര്‍ക്കും നേരില്‍ വന്ന് ഒപ്പം ചേരാനായില്ല എങ്കിലും ധാരാളം ആളുകള്‍ ഈ ആവശ്യത്തെ പിന്തുണയ്ക്കുന്നതായി മനസിലാക്കി. പള്ളിയും സഭയുമായൊക്കെ പലവിധ ബന്ധത്തില്‍ നില്‍ക്കുന്നതിനാലാണ് പരസ്യമായ് വരാനാകാത്തത് എന്ന് പലരും ഫോണിലും പിന്നീട് നേരിലും വന്ന് പറഞ്ഞ് പിന്തുണ അറിയിച്ചു. സഭകളില്‍, മഠത്തിനുള്ളില്‍, വീര്‍പ്പുമുട്ടി, ചൂഷണം ചെയ്യപ്പെട്ട് കഴിയുകയോ, പ്രതികരിച്ചാല്‍ മരണമോ മനോരോഗാശുപത്രിയോ, സ്വീകരിക്കാന്‍ തയ്യാറാകേണ്ടിവരികയോ ചെയ്യേണ്ടിവരുന്ന കന്യാസ്ത്രീകളുടെ പീഢിത ജീവിതത്തിന് മാറ്റം വരുത്തിയേ മതിയാവൂ. സഭയെ ചൂഷകരില്‍ നിന്ന്, പൗരോഹിത്യ ആധിപത്യത്തില്‍ നിന്ന് മോചിപ്പിച്ച് യഥാര്‍ത്ഥ അല്‍മായക്കാരുടേതാക്കി മാറ്റിയേ മതിയാവൂ.. ഉറച്ചൊരു സത്യവിശ്വാസിയായ, ദൈവവിശ്വാസിയായ സ്റ്റീഫന് തന്റെ കര്‍മ്മണ്ഡലം ബോധ്യമാവുകയായിരുന്നു.ആ ദിശയിലുള്ള അന്വേഷണമാണ് കെ സി ആര്‍ എം എന്ന ക്രിസ്ത്യന്‍ നവീകരണ സംഘടനയിലേക്ക് എത്തിച്ചത്. അതിനിടയില്‍ കൊച്ചി പ്രസ് ക്ലബ്ബില്‍ സ്റ്റീഫന്‍ ഒരു പത്രസമ്മേളനം നടത്തി. ഒരുപക്ഷേ കേരളത്തില്‍ ആദ്യമായ് ആയിരിക്കാം ഇത്തരമൊരു പത്രസമ്മേളനം. സ്റ്റീഫന് വധുവിനെ തേടുന്നതായിരുന്നു ആ പത്രസമ്മേളനം. ഒരു ഉപാധിയുണ്ട്. കന്യാസ്ത്രീ മഠങ്ങള്‍ വിട്ടുവരാന്‍ തയ്യാറാവുന്നവരോ, വീര്‍പ്പുമുട്ടി മഠങ്ങളില്‍ നിന്ന് പുറത്തുവന്നതോ ആയ കന്യാസ്ത്രീകളില്‍ നിന്നാണ് ഈ ചെറുപ്പക്കാരന്‍ പത്രസമ്മേളനത്തിലൂടെ വിവാഹാലോചന ക്ഷണിച്ചത്. അതൊരു വധുവിനെ അന്വേഷണമായിരുന്നില്ല. സ്റ്റീഫന്റെ ഒരു സമര പ്രഖ്യാപനമായിരുന്നു. കെ സി ആര്‍ എം സംഘടനയുടെ നേതൃത്വത്തിലുള്ള ജോര്‍ജ് ജോസഫുമായി ആത്മസൗഹൃദവുമായ്. ഈ ജോര്‍ജ് ജോസഫ് ആണ് ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരായ ബലാല്‍സംഗ കേസില്‍ അന്വേഷണം ഊര്‍ജിതപ്പെടുത്താനാവശ്യപ്പെട്ട് ആദ്യമായി ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. ഹൈക്കോടതി പരിസരത്തെ വഞ്ചിസ്‌ക്വയറിലെ നിരാഹാര സമരകേന്ദ്രം എന്ന ആശയവും ജോര്‍ജ് ജോസഫ് എന്ന റിട്ടയേഡ് അധ്യാപകന്റേതായിരുന്നു. ആദ്യഘട്ടത്തില്‍ നിരാഹാര സമരത്തിന്റെ ആശയം പങ്കുവച്ചപ്പോള്‍ വന്ദ്യവയോധികനായ ജോസ്, താന്‍ അനുഷ്ഠിക്കും നിരാഹാരം എന്നു പ്രഖ്യാപിക്കുകയായിരുന്നു. ഒപ്പം സ്റ്റീഫന്‍ മാത്യുവും. ആ നിരാഹാര സമരം സമരകേന്ദ്രത്തിലും ആശുപത്രിയിലുമായി 14 ദിവസങ്ങള്‍ നീളുകയായിരുന്നു. ബിഷപ്പിന്റെ അറസ്റ്റില്‍ കുറഞ്ഞ് മറ്റൊന്നും സ്വീകാര്യമായിരുന്നില്ല. ബലാല്‍സംഗ കേസില്‍ ഒരു ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ സമരരംഗത്തിറങ്ങുക എന്ന ലോകചരിത്രത്തിലെ ആദ്യസംഭവത്തിലേക്ക് ഈ സമരം അടയാളപ്പെടുത്തപ്പെട്ടു. നിയമവഴിയിലെ തുടര്‍ജാഗ്രത, സഭയുടെ നോട്ടപ്പുള്ളികളായിത്തീര്‍ന്ന കന്യാസ്ത്രീകളുടെ ജീവന്റേയും ജീവിതത്തിന്റെയും സുരക്ഷ, ഒളിഞ്ഞു തെളിഞ്ഞും വരുന്ന പലവിധത്തിലുള്ള അട്ടിമറി ശ്രമങ്ങള്‍ക്കെതിരെ പ്രതിരോധം…ഇവരുടെ ഉത്തരവാദിത്വങ്ങള്‍ ഏറുകയാണ്. ഇരയുടെ പക്ഷത്തു നില്‍ക്കുക, നീതിയുടെ കാവലാളാകുക എന്ന സാമൂഹ്യ ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്ന ഇവര്‍ക്കാകെയുള്ള കരുത്ത് പൊതുസമൂഹത്തിന്റേയും മാധ്യമങ്ങളുടെയും പിന്തുണ ഒന്നു മാത്രമാണ്. ഈ സമരം സഭാവിശ്വാസികള്‍ക്കെതിരല്ല, ക്രൈസ്തവ ദര്‍ശനങ്ങള്‍ക്കെതിരല്ല. ഇത് നീതിക്കുവേണ്ടിയുള്ള മുന്നേറ്റമാണ്. പൗരോഹിത്യ ദുഷ്പ്രഭുത്വത്തിനെതിരെ, അധികാരവും ഭരണ-രാഷ്ട്രീയ സ്വാധീനവും സമ്പത്തും കൊണ്ട് ചിലര്‍ ചെയ്തുകൂട്ടുന്ന ദുര്‍ന്നടപടികള്‍ക്കെതിരെ യഥാര്‍ത്ഥ വിശ്വാസികളുടെ സത്യാന്വേഷണ വിളംബരമാണ്. ഇരകളാക്കപ്പെട്ട ഒട്ടേറെ കന്യാസ്ത്രീകളുടെ കരഞ്ഞൊടുങ്ങിപ്പോയ നിസ്സഹായതയില്‍ നിന്ന്, ഊറിക്കൂടി ഉരുവം കൊണ്ട പ്രതിഷേധത്തിന്റെയും ചെറുത്തുനില്‍പ്പിന്റേയും വിരല്‍ചൂണ്ടലാണ്. മാറ്റത്തിന്റെ ഈ കാറ്റ് അടങ്ങുകയല്ല, ആര്‍ക്കുക തന്നെ ചെയ്യും. ഇവര്‍ക്ക് ജയിച്ചല്ലേ പറ്റൂ. നീതിക്കുവേണ്ടിയുള്ള ആ കഠിനയാത്രയിലെ നിശ്ചയദാര്‍ഢ്യത്തിന്റെ പതാകവാഹകരിലൊരാളാണ് ഈ മനുഷ്യന്‍.പിന്‍കുറിപ്പ്-ഈയിടെ അന്തരിച്ച പ്രശസ്ത കവി ചെമ്മനം ചാക്കോയുടെ ‘വാഴ്ത്തപ്പെട്ടവള്‍’ എന്ന കവിത, സിസ്റ്റര്‍ ക്ലറീസ എന്ന ഒരു കന്യാസ്ത്രീയുടെ ആത്മസഞ്ചാരങ്ങളുടേതാണ്. മഠത്തിനുള്ളില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടു നില്‍ക്കുന്ന കന്യാസ്ത്രീയുടെ ചെവിയിലേക്ക് ദൂരെയെവിടെനിന്നോ ഒഴുകിയെത്തുന്ന റേഡിയോ ചലച്ചിത്ര ഗാനങ്ങള്‍, അവരിലുണ്ടാക്കുന്ന മാനസിക വിചാരങ്ങളാണ് കവിതയില്‍. ”മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചു”…. എന്ന പാട്ടുകേള്‍ക്കുമ്പോള്‍ കവിതയിലെ കന്യാസ്ത്രീയുടെ മനസ്സിലൂടിങ്ങനെ..’ചുറ്റുമീക്കാണുന്ന കല്‍മതില്‍ കാലത്തില്‍ മുറ്റിത്തഴച്ച മതാന്ധതയല്ലയോ’?

You must be logged in to post a comment Login