സൗദി പൗരന്മാർക്ക് വിസ ഇളവുമായി ഇന്ത്യ: ഇ-വിസ നിരക്ക് പകുതിയോളം കുറയും

റിയാദ്: സൗദി പൗരൻമാർക്ക് വിസ നിരക്കില്‍ ഇളവു നൽകി ഇന്ത്യ. ഇ-വിസ നിരക്ക് പകുതിയാക്കിയാണ് കുറച്ചിരിക്കുന്നത്. ഒരു മാസം കാലാവധിയുള്ള സന്ദർശക വിസ നിരക്ക് 50 ഡോളറിൽ നിന്ന് 25 ഡോളർ ആയി കുറച്ചിട്ടുണ്ട്. ഒരു വർഷം കാലാവധിയുള്ള മൾട്ടിപ്പിൾ എൻട്രി വിസനിരക്ക് 40 ഡോളർ ആയും കുറച്ചു. നിലവിൽ ഇത് 80 ഡോളറാണ്. 80 ഡോളറിന് അഞ്ച് വർഷം കാലാവധിയുള്ള മൾട്ടിപ്പിൾ എൻട്രി സന്ദർശക വിസയും ലഭിക്കുമെന്നുമാണ് നയതന്ത്ര വിഭാഗത്തെ ഉദ്ദരിച്ചുള്ള റിപ്പോർട്ട്.

ഇന്ത്യ സന്ദർശിക്കാനെത്തുന്ന സൗദി പൗരന്മാർക്കായി കഴിഞ്ഞ വർഷം മുതൽ ഇ-വിസ സംവിധാനം ഏർപ്പെടുത്തിയിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ നടന്ന കൂടിക്കാഴ്ചിലാണ് ഓൺലൈൻ വിസ (ഇ-വിസ) സംവിധാനം ഏർപ്പെടുത്താനുള്ള തീരുമാനം ഉണ്ടായത്.

ഇ-വിസ സംവിധാനം വിസാ നടപടികൾ കൂടുതൽ കാര്യക്ഷമമാക്കിയെന്നാണ് അധികൃതർ പറയുന്നത്.റിയാദിലോ ജിദ്ദയിലോ വരാതെ തന്നെ ഉൾനാടൻ ഗ്രാമങ്ങളിലെ സൗദി പൗരന്മാർക്ക് പോലും വിസയ്ക്കായുള്ള അപേക്ഷ ഓൺലൈൻ ആയി സമർപ്പിക്കാൻ വഴിയൊരുങ്ങി. ടൂറിസ്​റ്റ്​, ബിസിനസ്, മെഡിക്കല്‍, കോണ്‍ഫറന്‍സ് ആവശ്യങ്ങള്‍ക്ക്​ ഇന്ത്യയിലെത്താനുള്ള നടപടിക്രമങ്ങളും കൂടുതൽ ലളിതമായി.

ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിന്​ നാല് ദിവസം മുമ്പ് അപേക്ഷ നല്‍കിയാലും ഇനി വിസ ലഭിക്കും. 2019 ൽ 19,116 ഓൺലൈൻ വിസകളും 18,598 കടലാസ്​ വിസകളുമാണ് സൗദി പൗരന്മാർക്ക്​ ഇന്ത്യ അനുവദിച്ചത്.

You must be logged in to post a comment Login