സൗദി സ്വദേശിവത്കരണം: പഴുതുകള്‍ തേടി മൊബൈല്‍ കടയുടമകള്‍

saudi
റിയാദ്: മൊബൈല്‍ കടകളില്‍ പരിശോധന ശക്തമാക്കിയതോടെ നിയമലംഘനത്തിന്റെ ഭാഗമായുള്ള നടപടികളില്‍ നിന്നും രക്ഷനേടാന്‍ കടയുടമകള്‍ പുതിയ വഴികള്‍ തേടുന്നു. സെപ്റ്റംബര്‍ മുതല്‍ പൂര്‍ണ്ണമായും സ്വദേശികളെ ജോലിക്ക് നിയമിക്കുന്നതിനാല്‍, പലരും കടകളുടെ പേരുതന്നെ മാറ്റുകയാണിപ്പോള്‍. മൊബൈല്‍ ഷോപ്പ് എന്നതിന് പകരം ഇലക്ട്രോണിക്ക് സാധനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനം എന്ന പേരിലേക്ക് ലൈസന്‍സ് മാറ്റിയിരിക്കുകയാണ്.

പേരുമാറ്റിയ കടകളുടെ അലമാരയില്‍ നിന്നും മൊബൈലുകള്‍ മാറ്റി പകരം ഇലക്ട്രോണിക്ക് ഉല്‍പ്പന്നങ്ങളും വച്ചുകഴിഞ്ഞു. വാച്ച്, ടോര്‍ച്ച്, ഫാന്‍സി സാധനങ്ങള്‍ എന്നിവയൊക്കെ ഇവിടുത്തെ നിത്യ കാഴ്ച്ചയാണ്. കഴിഞ്ഞ റംസാന്‍ ദിനത്തില്‍ ആരംഭിച്ച സ്വദേശിവത്കരണം ത്വരിതഗതിയിലാണ് സൗദിയില്‍ കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിച്ചത്. നിയമം പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടികളും എടുത്തിരുന്നു.

ആദ്യ ഘട്ടത്തില്‍ പകുതിയോളം പേര്‍ സ്വദേശികള്‍ എന്നായിരുന്നു കണക്ക്. പിന്നീട് ഘട്ടം ഘട്ടമായി സ്വദേശിവത്കരണം പൂര്‍ണമാക്കാന്‍ അധികൃതര്‍ തിരുമാനിക്കുകയായിരുന്നു. ജൂണ്‍ മുതല്‍ പകുതി ജീവനക്കാര്‍ സൗദികളായിരിക്കണമെന്ന തൊഴില്‍ വകുപ്പിന്റെ തിരുമാനം നല്ലൊരു ശതമാനം മൊബൈല്‍ കടകളിലും നടപ്പായിട്ടുണ്ടെങ്കിലും വിദേശ തൊഴിലാളികളെ കാര്യമായി ബാധിച്ചിരുന്നില്ല.
എന്നാല്‍, പൂര്‍ണ്ണതോതിലുള്ള സ്വദേശിവത്കരണം പ്രവാസികളെ സംബന്ധിച്ച് വന്‍ തിരിച്ചടിയാകും. സെപ്റ്റംബര്‍ മുതല്‍ കര്‍ശന പരിശോധനയുണ്ടാകുമെന്ന് തൊഴില്‍ വകുപ്പ് വ്യക്തമാക്കി. പിടിക്കപ്പെട്ടാല്‍ നാടുകടത്തലും പിഴയുമുണ്ടാകും.

You must be logged in to post a comment Login