സൗഹൃദത്തെ അതിരുകളില്ലാത്ത ലോകത്തേക്ക് തുറന്നുവിട്ട ഫെയ്‌സ്ബുക്കിന് ഇന്ന് പത്താംപിറന്നാള്‍

ചില ചുറ്റുവട്ടങ്ങളില്‍ മാത്രമൊതുങ്ങിയിരുന്ന സൗഹൃദത്തെ അതിരുകളില്ലാത്ത ലോകത്തേക്ക് തുറന്നുവിടുകയായിരുന്നു ഫെയ്ബുക്ക്. ഇന്ന് 120 കോടി അംഗങ്ങളുമായി ഒരു വലിയ രാജ്യമായി പരിഗണിക്കാവുന്ന വിധത്തില്‍ വളര്‍ന്ന് പന്തലിച്ചിരിക്കുകയാണ് ഫെയ്‌സ്ബുക്ക്.


ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥിയായിരുന്ന മാര്‍ക്ക് സുക്കര്‍ബര്‍ഗും സുഹൃത്തുക്കളും ചേര്‍ന്ന് 2004 ഫെബ്രുവരിയിലാണ് ഫേസ് ബുക്ക് എന്ന ആശയം അവതരിപ്പിച്ചത്. ലക്ഷ്യം യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികള്‍ക്കു ഒരു പൊതുവാര്‍ത്തവിനിമയ മാര്‍ഗം എന്നതായിരുന്നു. ആ ശ്രമമാണ് ഇന്ന് ലോക്കത്താകമാനം വളര്‍ന്ന് പന്തലിച്ച കൂട്ടായ്മയായി വളര്‍ന്നത്.

ഓര്‍ക്കുട്ട് എന്ന ഗൂഗിള്‍ ഭീമനെ വിഴുങ്ങിക്കൊണ്ടാണ് ഫെയ്‌സ്ബുക്ക് സോഷ്യല്‍ നെറ്റവര്‍ക്കിംഗ് രംഗത്തെ രാജാവായി വളര്‍ന്നത്. കേവലം സൗഹൃദ കൂട്ടായ്മ എന്നതില്‍ നിന്ന് സാമൂഹിക വിഷയങ്ങള്‍ ഗൗരവമായി ചര്‍ച്ച ചെയ്യുന്ന ഇടമായി ഇന്ന് ഫെയ്‌സ്ബുക്ക് മാറിയിരിക്കുന്നു. മതവും രാഷ്ട്രീയവും സംസ്‌കാരവും എല്ലാം ഇന്ന് ഫെയ്‌സ്ബുക്കിലെ സജീവ ചര്‍ച്ചാ വിഷയങ്ങളാണ്.

അതേസമയം ഫെയ്‌സ്ബുക്കിന്റെ ദുരുപയോഗവും വിവരങ്ങള്‍ ചോര്‍ത്തലും ഇന്ന് ഗൗരവമായി ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ്. ഫെയ്‌സ്ബുക്കിലൂടെ അപവാദ പ്രചരണം നടത്തിയതില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തത് രണ്ട് ദിവസം മുമ്പാണ്. ഫെയ്‌സ്ബുക്കിലെ എക്കൗണ്ടില്‍ ഉപഭോക്താക്കള്‍ നല്‍കുന്ന വ്യക്തിഗത വിവരങ്ങളും ഉപയോഗിച്ചതിന്റെ വിവരങ്ങളും വിവിധ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറുന്നുണ്ടെന്ന വെളിപ്പെടുത്തലുകള്‍ ഫെയ്‌സ്ബുക്ക് ഉപയോഗത്തിന്റെ സുതാര്യതയെ ചോദ്യം ചെയ്യുന്നതായിരുന്നു.

You must be logged in to post a comment Login