ഹനിക്കപ്പെടുന്നുവോ മനുഷ്യാവകാശങ്ങള്‍…?

‘എന്നെ രക്ഷിക്കാനാവുമോ?’ മരണക്കിടക്കയില്‍ വെച്ച് മരണത്തോട് മല്ലടിച്ചുകൊണ്ട് ദയനീയമായി വിലപിക്കുന്ന ഈ വാക്കുകള്‍ കരളലിയിപ്പിക്കാത്ത ഹൃദയമുണ്ടാകില്ല. ശരീരത്തിലേക്ക് നുറുങ്ങിയിറങ്ങുന്ന വേദനയില്‍ തനിക്ക് നഷ്ടപ്പെട്ടുപോയ കന്യകാത്വത്തിന്റെ അടിവേരുകള്‍ അവള്‍ക്ക് തിരിച്ചുപിടിക്കാനാവുമോ? ഇഞ്ചിഞ്ചായി ‘അറുത്തുമാറ്റപ്പെട്ട’ തന്റെ ശരീരഭാഗങ്ങള്‍ കൂട്ടിയോജിപ്പിക്കാനുള്ള കരുത്ത് ഏത് ശക്തിയാണ് അവള്‍ക്ക് പകര്‍ന്നുനല്‍കുക? സ്ത്രീയായി ജനിച്ചുപോയതിന്റെ പാപം ഏത് ഗംഗയിലാണ് അവള്‍ക്ക് ഒഴുക്കികളയാനാവുക? തന്റെ ജന്മം അരിഞ്ഞെടുത്തുപോയ ആ കാപാലികരോട് എങ്ങനെയാണ് അവള്‍ക്ക് പകരം ചോദിക്കാനാവുക? ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം ശൂന്യമാണ്. ഇന്ത്യന്‍ തലസ്ഥാനനഗരിയില്‍ ഓടുന്ന ബസില്‍വെച്ച് ക്രൂരമായ ലൈംഗികാതിക്രമത്തിന് വിധേയയായ പെണ്‍കുട്ടി ആശുപത്രിക്കിടക്കയില്‍വച്ച് അതിദയനീയമായ അവസ്ഥയില്‍ കടലാസില്‍ കുറിച്ചിട്ട വാക്കുകള്‍ ചെന്നുതറച്ചത് രാജ്യത്തിന്റെ ഹൃദയത്തിലായിരുന്നു. സംരക്ഷിക്കേണ്ടവര്‍ തന്നെ തന്റെ മകളെയും കൊച്ചുമകളെയും വലിച്ചുചീന്തുന്ന ഈ കാലഘട്ടത്തിന് എന്തുപേരാണ് കല്‍പിച്ചുനല്‍കേണ്ടത്..? ഈയൊരവസ്ഥക്ക് എന്തുപരിഹാരമാണ് കണ്ടെത്താനാവുക?
ഇന്ന് ലോക മനുഷ്യാവകാശദിനം. മനുഷ്യന്റെ അവകാശങ്ങള്‍ക്കായി ഒരു ദിനം. 1950 ല്‍ എല്ലാ അംഗരാജ്യങ്ങളെയും മനുഷ്യാവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന സംഘടനകളെയും വിളിച്ചുകൂട്ടിയാണ് ഡിസംബര്‍ 10 ന് ലോക മനുഷ്യാവകാശദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്. സ്വകാര്യത, മതവിശ്വാസം, അഭിപ്രായപ്രകടനം എന്നിവയ്ക്കുള്ള സംരക്ഷണം. വീട്, ഭക്ഷണം, വസ്ത്രം എന്നിവയോടുകൂടി ജീവിക്കാനുള്ള അവകാശം. വാര്‍ദ്ധക്യം, ശാരീരിക ബലഹീനതകള്‍ എന്നീ അവസ്ഥകളില്‍ ലഭിക്കേണ്ട സംരക്ഷണം. നിയമത്തിനുമുന്നിലുള്ള സംരക്ഷണം. കുറ്റവാളിയെന്നു തെളിയിക്കപ്പെടും വരെ നിരപരാധിയായി പരിഗണിക്കപ്പെടാനുള്ള അവകാശം, അന്യായമായി തടങ്കലില്‍ പാര്‍പ്പിക്കില്ല എന്ന ഉറപ്പ് ഇവയെല്ലാം അന്താരാഷ്ട്രതലത്തില്‍തന്നെ മനുഷ്യാവകാശങ്ങളായി അംഗീകരിച്ചിട്ടള്ളതാണ്. മനുഷ്യാവകാശപ്രശ്‌നങ്ങളില്‍ ജാഗ്രത വര്‍ധിച്ചുവരുമ്പോള്‍ തന്നെ പൗരാവകാശ ധ്വംസനങ്ങളും മനുഷ്യാവകാശലംഘനങ്ങളും പെരുകിക്കൊണ്ടിരിക്കുന്നത് എന്നത് വിരോധാഭാസമാവാം. കൊട്ടിഘോഷിച്ച് മനുഷ്യാവകാശദിനം ആഘോഷിക്കുമ്പോള്‍തന്നെ ഈ ദിനത്തിന്റെ പ്രസക്തിയെന്തെന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. മനുഷ്യന്റെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ടോ?. ലോകത്ത് എങ്ങും മനുഷ്യാവകാശങ്ങള്‍ വിവിധരീതിയില്‍ ലംഘിക്കപ്പെടുന്നില്ലേ?.

humanrights
സമാധാനത്തിന്റെ നൊബേല്‍ പുരസ്‌കാരജേതാവിന് സമ്മാനം നേരിട്ടു സ്വീകരിക്കാനുള്ള അവകാശംപോലും നിഷേധിക്കുന്ന ഭരണകൂടം മനുഷ്യാവകാശങ്ങള്‍ക്കുള്ള വില എന്താണെന്ന് വ്യക്തമാക്കുന്നു. ആഗോളതലത്തില്‍ പട്ടിണിയും യുദ്ധവും ആയുധമത്സരവും അരങ്ങുതകര്‍ക്കുമ്പോഴും ധ്വംസിക്കപ്പെടുന്നത് മനുഷ്യാവകാശങ്ങള്‍തന്നെയാണ്. കാശ്മീരിലെ അജ്ഞാതമായ കൂട്ടക്കുഴിമാടങ്ങളും വടക്കുകിഴക്കന്‍ മേഖലയിലെ പട്ടാളത്തിന്റെ ഇരുമ്പ് ബൂട്‌സിന്റെ ഭീകരശബ്ദങ്ങളും മനുഷ്യാവകാശലംഘനങ്ങളുടെ സാക്ഷ്യപത്രങ്ങളാണ്. പട്ടാളത്തിന് അമിതാധികാരം നല്‍കുന്ന ‘അഫ്‌സ്പ’ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മണിപ്പൂരില്‍ ഇറോം ശര്‍മിള ഒരു പതിറ്റാണ്ടിലേറെയായി നിരാഹാരസമരത്തിലാണ്. സുഹ്‌റാബുദ്ദീന്‍ ഏറ്റുമുട്ടല്‍ കേസില്‍ പൊലീസ്  ഉദ്യോഗസ്ഥര്‍ക്കൊപ്പം ഗുജറാത്തിലെ ഒരു മുന്‍ മന്ത്രിയും പ്രതിയാണ്. വ്യാജ കുറ്റകൃത്യങ്ങളും പരാതികളും ഇവരുടെ ഭാവനയില്‍ വിടരുമ്പോള്‍ നിരപരാധികള്‍ സമൂഹത്തിനും നിയമത്തിനും മുമ്പില്‍ ക്രൂശിക്കപ്പെടുന്നു. അവരുടെ അവകാശങ്ങള്‍ ഹനിക്കപ്പെടുന്നു.
കൃത്യം ഒരുവര്‍ഷം മുമ്പാണ് കേരളത്തില്‍ സമാനമായ ഒരു സംഭവം അരങ്ങേറിയത്. ട്രെയിനില്‍ വെച്ച് ക്രൂരമായി പീഡിപ്പിക്കപ്പെട്ട് മരണപ്പെട്ട സൗമ്യ. അതിന്റെ ഓര്‍മ്മകള്‍ അവശേഷിച്ചിരിക്കെ തന്നെയാണ് അതിലും വലിയ കൊടുംക്രൂരതകള്‍ രാജ്യത്ത് താണ്ഡവമാടിക്കൊണ്ടിരിക്കുന്നത്. രണ്ടു വര്‍ഷം മുമ്പ് രാജ്യം മനുഷ്യാവകാശദിനം ആചരിച്ചതിന്റെ കൃത്യം ആറാം ദിവസമാണ് ഡിസംബര്‍ 16 ന് ഈ അതിക്രമം നടന്നത്. ഇത്തരം മനുഷ്യാവകാശലംഘനങ്ങള്‍ എങ്ങനെ നിസാരമായി തള്ളിക്കളയാനാകും?
പുറത്തുവരുന്ന വ്യാജ കേസുകളിലെ വളയിട്ട കൈകളുടെ എണ്ണം കൂടുന്നതാണ് അവിശ്വസനീയം. ഒരു മാസം മുമ്പ് തന്റെ നഗ്‌ന ചിത്രങ്ങള്‍ പകര്‍ത്തി ഭര്‍ത്താവ് ഇന്റര്‍നെറ്റില്‍ ഇടുമെന്നു ഭീക്ഷണിപ്പെടുത്തുന്നതായി നവവധുവിന്റെ പരാതിയിന്‍മേല്‍ സിനിമ സ്‌റ്റൈലില്‍ നടപടിയെടുത്ത പൊലീസ്ഇത്തരം പരാതികള്‍ക്കുമേല്‍ നടപടിയെടുക്കുമ്പോള്‍ മേലധികാരിയുടെ അനുവാദം വാങ്ങിയിരിക്കണമെന്നതുപോലും മറന്നു, കാളപെറ്റെന്നു കേട്ടാല്‍ കയറെടുക്കുന്ന നിയമപാലകരായി. എന്നാല്‍ വിവാഹശേഷം ഒന്നിച്ചു ജീവിക്കാന്‍ കഴിയാതെ വിവാഹമോചനത്തിലേക്കു നീങ്ങിയ യുവതി ഭര്‍ത്താവിനോടു പ്രതികാരം ചെയ്യാന്‍ കണ്ടെത്തിയ മാര്‍ഗമായിരുന്നു ഈ പരാതിയെന്നു തെളിഞ്ഞപ്പോള്‍ ആ യുവാവിനു നഷ്ടമായത് സമൂഹത്തിനുമുമ്പില്‍ കഴുകി കളയാന്‍പറ്റാത്ത അഭിമാനക്ഷതമാണ്. മറ്റൊരു വിവാദ സംഭവമായിരുന്നു വീട്ടമ്മയെ ദേഹത്തു മുളകുപൊടി വിതറി കൈകാലുകള്‍ ബന്ധിച്ചു പെട്ടിയിലാക്കിയെന്ന് പത്രങ്ങളില്‍ വന്ന വാര്‍ത്ത. ഭര്‍ത്താവ് വീട്ടില്‍നിന്നിറങ്ങി അഞ്ചുമിനിട്ടുകള്‍ക്കുള്ളില്‍ അരങ്ങേറിയ സംഭവവികാസങ്ങള്‍ പൊലീസിനെ വട്ടം ചുറ്റിച്ചു. ക്വട്ടേഷന്‍ സംഘങ്ങള്‍ക്കും ഗുണ്ടകള്‍ക്കും നേരേ അന്വേഷണമാരംഭിച്ച പൊലീസ് ഒടുവില്‍ എത്തിച്ചേര്‍ന്നത് മറ്റൊരു കഥയില്‍. ഭര്‍ത്താവിന്റെ അധിക സ്‌നേഹവും സംരക്ഷണവും ലഭിക്കാന്‍ വീട്ടമ്മ സ്വയം കണ്ടെത്തിയ മാര്‍ഗമായിരുന്നു ഈ സാങ്കല്പിക ഗുണ്ടാവിളയാട്ടം. എവിടെയാണ് ഇൗ ഇരകളുടെ അവകാശങ്ങള്‍ ഹനിക്കപ്പെടുന്നത്.
നമ്പിനാരായണനെതിരായ ചാരക്കേസ് മൂന്നു പതിറ്റാണ്ട് നീണ്ടുനിന്ന നിയമയുദ്ധത്തിനൊടുവില്‍ താന്‍ നിരപരാധിയാണന്നു തെളിഞ്ഞപ്പോള്‍ ഇന്ത്യക്കു നഷ്ടപ്പെട്ടത് ശാസ്ത്രമേഖലയ്ക്കു വിലമതിക്കാനാവാത്ത നഷ്ടമായിരുന്നു. കള്ളക്കേസില്‍ കുടുക്കിയതിനോ അദേഹത്തിന്റെ നഷ്ടങ്ങളള്‍ക്കോ വിലയായി കോടതിക്ക് നല്‍കാനായത് മൂന്നുകോടിയാണ്. അപ്പോഴും യഥാര്‍ത്ഥപ്രതികള്‍ക്ക് അര്‍ഹതപ്പെട്ട ശിക്ഷ ലഭിച്ചില്ല. അധ്വാനിച്ച് പഠിച്ച് പരീക്ഷയെഴുതി സര്‍ക്കാര്‍ ജോലിക്കു കാത്തിരിക്കുന്നവരെ കടത്തിവെട്ടി ലക്ഷങ്ങളുടെ കൈക്കൂലി നല്‍കിയും രാഷ്ട്രീയസ്വാധീനം പ്രയോഗിച്ചും ജോലി നേടുന്നവരുടെ നാട്ടില്‍ ഹനിക്കപ്പെടുന്നത് സത്യസന്ധതയുടെ മനുഷ്യാവകാശം തന്നെയല്ലേ..? തുടര്‍ച്ചയായി ഇരുപതാം ദിവസവും പാര്‍ലമെന്റ് നടപടികള്‍ സ്തംഭിക്കുമ്പോഴും അതിനായി കോടികള്‍ പൊതുഖജനാവില്‍നിന്നു ചെലവിടുമ്പോഴും പൗരാവകാശം ധ്വംസിക്കപ്പെടുന്നു. ജനങ്ങളെ സേവിക്കാന്‍ ഭരണഘടനയനുസരിച്ച് പ്രതിജ്ഞയെടുത്ത് ചുമതലയേറ്റെടുത്തവര്‍ എന്തു കാരണത്താലായാലും സഭാനടപടികള്‍ തുടര്‍ച്ചയായി തടസപ്പെടുത്തി പാര്‍ലമെന്റിനെ നോക്കുകുത്തിയാക്കുമ്പോള്‍ എങ്ങനെയാണതു മനുഷ്യാവകാശധ്വംസനമല്ലാതാവുക. കുണ്ടും കുഴിയുമായിക്കിടക്കുന്ന റോഡുകളില്‍ ദിനംപ്രതി നിരവധി മനുഷ്യജീവനുകള്‍ പൊലിയുമ്പോഴും ചില മനുഷ്യാവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നുണ്ട്. മനുഷ്യജീവന് വിലയില്ലാതാവുന്ന ഇത്തരം നിരവധി അവസരങ്ങള്‍ ഇന്ന് സമൂഹത്തില്‍ കാണാനാവും. പ്രായമായവരെയും രോഗികളെയും ഭാരമായി കാണുകയും അവരെ കഷ്ടപ്പെടുത്തുകയും ചെയ്യുന്നവര്‍ ആ മനുഷ്യജീവികളുടെ ജീവിക്കാനുള്ള അവകാശമാണ് ചോദ്യംചെയ്യുന്നത്. പിഞ്ചുകുഞ്ഞിനെ പട്ടിണിക്കിട്ട് പുഴുവരിക്കാന്‍ ഇടവരുത്തിയ പിതാവും രോഗക്കിടക്കയില്‍ കിടന്ന അമ്മയെ പട്ടിണിക്കിട്ട് ഉറുമ്പരിപ്പിച്ച മകളുമൊക്കെ അടുത്തകാലത്തു വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു.

human
കാലദേശസമൂഹ വ്യത്യാസങ്ങള്‍ക്കനുസരിച്ച് നിയമം എന്ന വാക്കിന്റ നിര്‍വചനവും വ്യത്യാസപ്പെട്ടിരിക്കുന്നു. ഓരോ വ്യക്തിയുടെയും താല്പര്യങ്ങളുടെ സംരക്ഷണത്തിനും മറ്റൊരു വ്യക്തിയുടെയും താല്പര്യങ്ങള്‍ ഹനിക്കപ്പെടാതെ സംരക്ഷിക്കാനുള്ള ഉപാധികൂടിയായി നിയമത്തെ കാണാം. സാമൂഹിക ജീവിയായ മനുഷ്യന്റെ ഇത്തരം താല്പര്യങ്ങളും അവകാശങ്ങളും സംരക്ഷിക്കാനും സമൂഹനന്മയ്ക്കും സമൂഹത്തിനുമേലുള്ള കടന്നുകയറ്റങ്ങളെ നിയന്ത്രിക്കുന്നതിനും വേണ്ടിയുള്ളതാണ് നിയമങ്ങള്‍. നിയമനിര്‍മാണം. കാര്യനിര്‍വഹണം, നിയമനിര്‍മാണം എന്നിവയിലൂടെയാണ് സുതാര്യമായ നിയമം നടപ്പാക്കല്‍. ഇവയ്ക്കുപുറമെ വാര്‍ത്താമാധ്യമങ്ങളും, ശാസ്ത്രസാങ്കേതികവിദ്യയും രണ്ടു പ്രധാന ഘടകങ്ങളായി ആധുനിക കാലഘട്ടത്തില്‍ ഉണ്ട്. നിത്യ ജീവിതത്തില്‍ ഉപയോഗിക്കാനും നിയമത്തിന്റെ അജ്ഞതയില്‍ തെറ്റുകളിലേക്കെത്തപ്പെടാതിരിക്കാനും മറ്റുള്ളവരുടെ അവകാശങ്ങളെ ഹനിക്കപ്പെടാതിരിക്കാനും ഈ നിയമങ്ങള്‍ അറിഞ്ഞിരിക്കുകയും നിയമാനുസൃതമായി പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടതാണ്. എത്രതന്നെ ചര്‍ച്ചചെയ്യപ്പെട്ടാലും നിയമനടപടികള്‍ സ്വീകരിച്ചാലും അതിന്റെ പൂര്‍ണത ഉറപ്പുവരുത്തുക എന്നതാവണം ലക്ഷ്യം.
കണ്ണും കാതും തുറന്നുവച്ച് ശരിയായ ഒരുറക്കം പോലും കിട്ടാതെ പിച്ചുംപേയും പറയുന്ന അമ്മമാരെ സൃഷ്ടിക്കാതിരിക്കാന്‍, ഭ്രാന്തികള്‍ പെറ്റുപെരുകുന്ന വന്‍ ഭ്രാന്താലയമായി രാജ്യം മാറാതിരിക്കാന്‍ ജനാധിപത്യത്തിന്റെ കാവലാളായി നിലനില്‍ക്കുന്ന നിയമം കണ്ണുകള്‍ തുറന്നുവെക്കേണ്ടിയിരിക്കുന്നു. ഈ മനുഷ്യാവകാശലംഘനങ്ങളുടെ പരമ്പരയില്‍ മനുഷ്യകുലം മുഖംകുനിച്ചുനില്‍ക്കുമ്പോഴും പ്രത്യാശയുടെ ചില കിരണങ്ങള്‍ കാണാതിരിക്കാനാവില്ല. പ്രതികരണശേഷിയും പ്രതിരോധശക്തിയുമുള്ള ചില വ്യക്തികളും സമൂഹങ്ങളും ഇത്തരം മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരേ സജീവമായി രംഗത്തുണ്ട്. അവര്‍ക്ക് ആവേശവും പിന്തുണയും പകരാന്‍ സമൂഹം തയാറാവണം. തെരുവില്‍ അലയുന്ന മനുഷ്യരെയും സമൂഹം പുറന്തള്ളിയവരേയും പുനരധിവസിപ്പിക്കാന്‍ ചില വ്യക്തികളും സമൂഹങ്ങളും പ്രസ്ഥാനങ്ങളും നടത്തുന്ന ശ്രമങ്ങള്‍ മനുഷ്യാവകാശ സംരക്ഷണത്തിന്റെ ജീവിക്കുന്ന മാതൃകകളാണ്.

ലിബിന്‍ റ്റി എസ്‌

You must be logged in to post a comment Login