ഹന്ദ്വാര സംഭവം; മാനഭംഗപ്പെടുത്തിയത് സൈനികന്‍ തന്നെയെന്ന് പെണ്‍കുട്ടി

handwara

ഹന്ദ്വാര: കാശ്മീരില്‍ സൈനികര്‍ പന്ത്രണ്ടാം ക്ലാസുകാരിയെ മാനഭംഗപ്പെടുത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് പ്രക്ഷോഭങ്ങള്‍ക്ക് വഴിവെച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ പുതിയ വെളിപ്പെടുത്തല്‍. തന്നെ മാനഭംഗപ്പെടുത്തിയത് സൈനികര്‍ തന്നെയാണെന്നും പൊലീസ് സമ്മര്‍ദം ചെലുത്തിയാണ് പ്രദേശവാസിയായ യുവാവിന്റെ മേല്‍ കുറ്റം കെട്ടിവെച്ചതെന്നും പെണ്‍കുട്ടി വെളിപ്പെടുത്തി.

വീഡിയോയില്‍ മൊഴി മാറ്റി പറയണമെന്ന് പറഞ്ഞ് തന്നെ ഭീഷണിപ്പെടുത്തിയെന്നും വീഡിയോ രഹസ്യമായി സൂക്ഷിക്കുമെന്നും പൊലീസ് സൂപ്രണ്ട് അടക്കമുള്ളവര്‍ പറഞ്ഞിരുന്നു. പൊലീസിന്റെ ഭാഗത്ത് നിന്നുള്ള സമ്മര്‍ദ്ദം കാരണമാണ് മൊഴി മാറ്റി പറഞ്ഞതെന്നും പെണ്‍കുട്ടി വെളിപ്പെടുത്തി.

മാതാവിനും പിതാവിനുമൊപ്പമാണ് പത്രസമ്മേളനത്തില്‍ പെണ്‍കുട്ടി പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. പെണ്‍കുട്ടിയെ സൈനികന്‍ പീഡിപ്പിച്ചിട്ടില്ലെന്ന മൊഴി പൊലീസ് പറയിതച്ചതാണെന്ന് പറഞ്ഞ് പെണ്‍കുട്ടിയുടെ മാതാവ് നേരത്തേ രംഗത്ത് വന്നിരുന്നു.

തന്നെ ഉപദ്രവിച്ചപ്പോള്‍ പെണ്‍കുട്ടി അലറി വിളിച്ച് മറ്റുള്ളവരുടെ ശ്രദ്ധ ക്ഷണിച്ചു. ഇതിനിടെ ആളുകള്‍ ഓടിക്കൂടിയപ്പോള്‍ സൈനികന്‍ രക്ഷപ്പെടുകയായിരുന്നു. പെണ്‍കുട്ടിയുമായി പൊലീസ് സ്റ്റേഷനില്‍ പോയപ്പോള്‍ അവര്‍ പെണ്‍കുട്ടിയെ അവിടെ പിടിച്ചുവെച്ചു. പ്രതിഷേധിച്ച ആളുകള്‍ കല്ലെറിയുകയും സൈന്യം ഇവര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നെന്നും പെണ്‍കുട്ടിയുടെ മാതാവ് പറഞ്ഞു.

സംഭവത്തില്‍ പ്രതിഷേധിച്ച അഞ്ചു പേര്‍ സൈന്യത്തിന്റെ വെടിയേറ്റു മരിച്ചിരുന്നു.

You must be logged in to post a comment Login