ഹരിത തുരങ്കത്തിലൂടെയുള്ള തീവണ്ടിയാത്ര


വാജിദ് വെളുമ്പിയംപാടം

ഒട്ടേറെ കഥകൡലും സിനിമകളിലും ഇടംനേടിയിട്ടുള്ളതാണ് ഷൊര്‍ണൂരില്‍ നിന്ന് നിലമ്പൂരിലേക്കുള്ള 67 കിലോമീറ്റര്‍ തീവണ്ടിപ്പാത. സ്വാതന്ത്ര്യസമരവും മലബാര്‍ കലാപവും രണ്ടാം ലോകമഹായുദ്ധവുമെല്ലാം ചരിത്രവും പഴമയുമായി ഈ പാളങ്ങളോട് ചേര്‍ന്നുകിടക്കുന്നു.നിലമ്പൂര്‍ തേക്കുകളാല്‍ പേരുകേട്ട ഭൂപ്രദേശത്തിന്റെ വന്യസൗന്ദര്യം ആസ്വദിച്ച് ഒരു യാത്ര.

ഡീസല്‍ എഞ്ചിന്‍ വണ്ടിയിലാണ് ഷൊര്‍ണൂരില്‍ നിന്ന് നിലമ്പൂരിലേക്കുള്ള യാത്ര. ഇന്ത്യയിലെ നന്നേ നീളം കുറഞ്ഞ പാതകളിലൊന്ന്. വനസമ്പത്ത് കൊള്ളയടിക്കാനും കൂടി ലക്ഷ്യമിട്ട് അന്നു നിര്‍മിച്ച പാതയായതിനാല്‍ വനാന്തരങ്ങളിലൂടെ വേണം നിലമ്പൂരിലെത്താന്‍. കൊടുംവനമെന്ന് തെറ്റിദ്ധരിക്കരുത്. ജനവാസം നന്നേ കുറഞ്ഞ ഇടങ്ങളിലൂടെ എന്നു മാത്രം.ഡീസലെഞ്ചിന്റെ മുരളല്‍ വേറിട്ടറിയുന്നുണ്ട്. കറുത്ത പുക മേലോട്ടുയര്‍ന്നു. ഇന്ത്യയിലെ ഏറ്റവും നീളം കുറഞ്ഞ ബ്രോഡ്‌ഗേജ് പാതയിലൂടെയാണ് നമുക്ക് പോകാനുള്ളത്. ഏതാണ്ട് 67 കിലോമീറ്ററോളം വരും ഷൊര്‍ണൂരില്‍ നിന്ന് നിലമ്പൂരിലേക്ക്. ഇതര റെയില്‍പാളങ്ങളില്‍ നിന്നുമാറി നമ്മുടെ ട്രെയിന്‍ വലത്തോട്ടു തിരിഞ്ഞു. ബാക്കിയുള്ളവയില്‍ നിന്ന് അല്‍പം ഉയരത്തിലാണ്  ഈ പാത. മഞ്ഞ് പൂര്‍ണ്ണമായും വിട്ടകന്നിട്ടില്ല. കണ്‍കുളുര്‍ക്കുന്ന പച്ചപ്പിലേക്ക് ഞാന്‍ കണ്ണ് പായിച്ചു.90 വര്‍ഷങ്ങളുടെ പഴമ പറയാനുള്ള ഈ പാതക്ക് സ്വാതന്ത്രസമരവുമായി അഭേദ്യ ബന്ധമുണ്ട്. ബ്രിട്ടീഷുകാര്‍ നമ്മുടെ സമ്പത്ത് ഊറ്റിക്കുടിക്കുന്ന കാലം. നിലമ്പൂര്‍ ഭാഗത്തുനിന്നും തടികളായിരുന്നു പ്രധാനമായും കടത്തിക്കൊണ്ടുപോയിരുന്നത്. ചാലിയാറിലൂടെ നാടുകടത്തി ബേപ്പൂരിലൂടെ കടല്‍ കടത്തലായിരുന്നു പതിവ്. എന്നാല്‍ 1921കളിലെ ലഹളക്കാലത്ത് ചാലിയാറിലെ തടികടത്തല്‍ പൂര്‍ണ്ണമായും തടസ്സപ്പെട്ടു. ഇതിനൊരു ബദല്‍മാര്‍ഗമായും, ലഹള അടിച്ചൊതുക്കാന്‍ പട്ടാളക്കാരെ എത്തിക്കാനും കൂടിയാണ് ഈ പാത വെട്ടിയതെന്ന് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നു.  6500000 രൂപ മുതല്‍ മുടക്കി 1922ല്‍ പണി തുടങ്ങിയ പാത 1927ല്‍ യാത്രാസജ്ജമായി.സാങ്കേതികവിദ്യ അത്രയൊന്നും വികാസം പ്രാപിച്ചിട്ടില്ലാത്ത അക്കാലത്ത് നാലുപാലങ്ങളും, പതിനഞ്ചോളം കലുങ്കുകളും, ചെറിയ രീതിയില്‍ പാറ പൊട്ടിച്ചും ദുര്‍ഘടമായ ഈ പാതവെട്ടാന്‍ ബ്രിട്ടീഷ് ഗവണ്മെന്റിനു കേവലം നാലഞ്ച് വര്‍ഷമേ വേണ്ടി വന്നൊള്ളൂ എന്നത് അസൂയയോടെ നമുക്കോര്‍ക്കാം. നിലമ്പൂരില്‍ അവസാനിപ്പിക്കാതെ വനത്തിലൂടെ മൈസൂരിലേക്കൊരു പാതയൊരുക്കാനുള്ള തീരുമാനം പിന്നീട് ഉപേക്ഷിക്കുകയാണുണ്ടായതെന്നു കോഴിക്കോട്ടെ റെയില്‍ ആര്‍ക്കീവ്‌സില്‍ കാണാം.അങ്ങനെ, ലോകമഹായുദ്ധം കൊടുമ്പിരി കൊള്ളുന്ന സമയം. ഉരുക്കിന് വല്ലാത്ത ക്ഷാമം നേരിട്ടപ്പോള്‍ ബ്രിട്ടീഷുകാര്‍ ഇവിടുത്തെ റെയില്‍ പാളങ്ങള്‍ വരെ അഴിച്ചുകൊണ്ടുപോയി. നിലമ്പൂരിലെ പാളങ്ങളും അതില്‍പ്പെട്ടു. ഈ പാളങ്ങള്‍ കൊണ്ടുപോയ  വലിയ ചരക്കുകപ്പല്‍ യാത്രാമദ്ധ്യേ കടലില്‍ മുങ്ങുകയാണുണ്ടായത്. പിന്നീട് 1952ല്‍ പാത പുനഃര്‍നിര്‍മിക്കുകയുണ്ടായി. വളരെ പതുക്കയാണ് വണ്ടി ചലിക്കുന്നത്. 40കിലോമീറ്ററാണ് ഈ പാതയിലെ ശരാശരി വേഗത. ഒരുകണക്കിന് കാഴ്ചകള്‍ കാണാന്‍ അതുതന്നെയാ നല്ലതും.തേക്കിന്റെ നാട്ടിലേക്ക് സ്വാഗതമോതിയാവണം ഏതാനും തേക്കുകള്‍ നില്‍പ്പുണ്ട്. അവയ്ക്കപ്പുറം പരന്നുകിടക്കുന്ന വയലാണ്. അവക്ക് കാവല്‍കാരെന്നവണ്ണം ഒറ്റപ്പെട്ടു നില്‍ക്കുന്ന മരങ്ങളുമുണ്ട്. മലയാള സിനിമക്ക് ഒരുപാട് ലൊക്കേഷനുകള്‍ സമ്മാനിച്ച, എണ്ണിയാലൊതുങ്ങാത്ത ഗാനരംഗങ്ങളും ഷൂട്ട് ചെയ്ത പാതയാണിത്. ഈ പാതയിലെ ആദ്യ റെയില്‍വേ ഗേറ്റും, സ്റ്റേഷനും വാടാനാംകുറുശ്ശിയിലാണ്.  രാവിലെയായതുകൊണ്ടാവും ഓട്ടോയും, ഒരു ബൈക്കും മാത്രമാണ് ഗേറ്റില്‍ കാത്തുകിടക്കുന്നത്. രാജ്യറാണിക്കു വാടാനാംകുറുശ്ശിയില്‍ സ്റ്റോപ്പില്ല.  പച്ചപ്പിനെ വകഞ്ഞുമാറ്റി റാണിമുന്നോട്ടുതന്നെ.നാടിന്റെ ഉറക്കച്ചടവ് വിട്ടുമാറിയിട്ടില്ലെങ്കിലും കര്‍ഷകരും, കാലികളും വയലിലെത്തിയിട്ടുണ്ട്. ട്രെയിന്‍ വല്ലപ്പുഴയില്‍ നിരങ്ങിനിന്നു.  ആരെങ്കിലും അവിടെ ഇറങ്ങിയോ ആവോ? പടുകൂറ്റന്‍ വൃക്ഷങ്ങള്‍ക്കടിയില്‍ കൂനിക്കൂടി നില്‍ക്കുന്ന ചെറിയൊരു സ്റ്റേഷന്‍. ഏതാനും സെക്കന്റുകള്‍ മാത്രമേ അവിടെ സ്റ്റോപ്പൊള്ളൂ. വിശാലമായ വയലുകള്‍ക്കു വിരാമമായെന്നു തോന്നുന്നു. റെയിലിനിരുവശവും ഇടത്തരം വീടുകള്‍ കണ്ടുതുടങ്ങി. റെയില്‍ പാളങ്ങളോട് ചേര്‍ന്ന് നിരനിരയായ് തേക്കുതൈകളും  നട്ടുപിടിപ്പിച്ചിട്ടുണ്ട്. ഇവ വളര്‍ന്നു വലുതായാല്‍ എന്തൊരനുഭൂതിയായിരിക്കും..ഇതിനിടെ കുലുക്കല്ലൂര്‍ എന്ന സ്റ്റേഷന്‍ കടന്നുപോയി. അടുത്തും അകലെയുമായി ഒരുപാട് മലകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി.  നെല്‍കൃഷിയും, വാഴകൃഷിയും നെഞ്ചോടുചേര്‍ക്കുന്ന കുലുക്കല്ലൂരുകാര്‍ ഭൂരിഭാഗവും കര്‍ഷകരാണ്. രാവിലെത്തന്നെ പണിയായുധങ്ങളുമായി റൈലിനോട് ചേര്‍ന്ന വയലില്‍ രണ്ടു കര്‍ഷകര്‍ നില്‍പ്പുണ്ട്. കൂട്ടുകര്‍ഷകരെ കാത്തുനില്‍ക്കുകയാവും.ഈ ചുരുങ്ങിയ യാത്രയില്‍ കണ്ട പതിനഞ്ചിലധികം വരുന്ന മുസ്ലിം പള്ളികളും, അമ്പലങ്ങളും, ക്രിസ്ത്യന്‍ പള്ളികളും ഇവിടുത്തുകാര്‍ ഭക്തരാണെന്നു വിശ്വസിക്കാന്‍ എന്നെ നിര്‍ബന്ധിതനാക്കി. നഗരങ്ങളിലെപ്പോലെ ആര്‍ഭാടങ്ങളും, അറബിപ്പൊന്നിന്റെ ഹുങ്കൊന്നും ഇവിടുത്തെ മുസ്ലിം പള്ളികളിലെത്തിയിട്ടില്ല. ഹൗളിനു(വുദു എടുക്കുന്ന സ്ഥലം) പകരം, പള്ളികളോട് ചേര്‍ന്ന്  തെളിഞ്ഞ, ചെറിയ കുളങ്ങളാണ് മിക്കയിടത്തും.കുലുക്കല്ലൂരിനും ചെറുകരക്കുമിടയിലാണ് കുന്തിപ്പുഴ കടന്നുപോകുന്നത്. കുറഞ്ഞ വേഗതയില്‍ ട്രെയിന്‍ പാലത്തിലേറി. ഈ പാതയിലെ ആദ്യ പാലമാണിത്. കടവിലൊന്നും ആരെയും കാണാനില്ല. അവധിദിനത്തിലും വൈകുന്നേരവും കുട്ടികള്‍ ചാടിത്തിമര്‍ക്കുന്ന കാഴ്ച മനസ്സിലൊന്ന് വരച്ചുനോക്കി.ആല്‍മരച്ചോട്ടില്‍ വിശ്രമിക്കുന്ന അജ്ഞാതസുന്ദരിയെപ്പോലുള്ള ചെറുകരയെന്ന സ്റ്റേഷനില്‍ വണ്ടിയെത്തി. ആല്‍മരത്തിന്റെ വള്ളിപ്പടര്‍പ്പുകള്‍ സുന്ദരിക്ക് ഹാരമണിയിച്ചപോലെ തോന്നിക്കുന്നു.ഇപ്പോഴാണ് പൂര്‍ണ്ണമായും മലപ്പുറം ജില്ലയിലെത്തുന്നത്. ചെറുകര സ്റ്റേഷന്‍ പിന്നിട്ടതോടെ കാര്യമായി റബ്ബര്‍ തോട്ടങ്ങള്‍ കണ്ടുതുടങ്ങി. 1912ല്‍ ഇന്ത്യയിലാദ്യമായി റബ്ബര്‍ കൃഷി തുടങ്ങാന്‍ സര്‍വേ നടത്തിയതും, വെച്ചുപിടിപ്പിച്ചതും  നിലമ്പൂരിലെ ചാലിയാര്‍ പഞ്ചായത്തിലാണത്രെ.സൂര്യന്‍ ഏതാണ്ട് റബ്ബര്‍ മരത്തോളം ഉയര്‍ന്നു കഴിഞ്ഞിരിക്കുന്നു. എങ്കിലും മഞ്ഞ് വിട്ടകന്നിട്ടില്ല. റബ്ബര്‍ മരങ്ങള്‍ക്കിടയിലെ കോടമഞ്ഞിലൂടെ അരിച്ചുവരുന്ന സൂര്യരശ്മികള്‍ക്ക് ഒട്ടും ചൂട്  തോന്നിയില്ല. മരങ്ങള്‍ക്കപ്പുറത്ത് ഇടവിട്ടിടവിട്ട് പ്രത്യക്ഷപ്പെടുന്ന സൂര്യന്‍ ‘റാണി’യുമായി ഒളിച്ചുകളിക്കുകയാണെന്നു തോന്നിപ്പോകും.ഒറ്റവരിപ്പാതക്കു വിരാമമിട്ട് തീവണ്ടി അങ്ങാടിപ്പുറത്തെത്തി. ‘കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്’ എന്ന കമല്‍ ചിത്രത്തിലെ കൃഷ്ണഗുഡി എന്ന സാങ്കല്‍പിക റെയില്‍വെസ്റ്റേഷന്‍ അങ്ങാടിപ്പുറമാണെന്നത് അധികമാര്‍ക്കുമറിയില്ല. ഈ സ്റ്റേഷനും, പാതയും എണ്ണമറ്റ മലയാള സിനിമകളില്‍ മിന്നിമറഞ്ഞിട്ടുണ്ട്.കുറഞ്ഞകാലം കൊണ്ട് ഹോസ്പിറ്റല്‍ സിറ്റിയായി മാറിയ പെരിന്തല്‍മണ്ണയിലെത്താനുള്ള ഏക റെയില്‍മാര്‍ഗവും  ഇതുതന്നെ. സമുദ്രനിരപ്പില്‍ നിന്നും 2100അടി ഉയരത്തിലുള്ള കൊടികുത്തിമലയിലേക്കുള്ള സാഹസികയാത്രയാണ്  നിങ്ങളുടെ ലക്ഷ്യമെങ്കില്‍ ഇവിടെ ഇറങ്ങിയേപറ്റൂ… ഇതൊക്കെ മനസ്സിലാക്കിയാവും ഒരുപാടു പേര്‍ ഇവിടെയിറങ്ങി.1921ല്‍ മലബാര്‍ കലാപത്തെ അടിച്ചൊതുക്കാന്‍ വെള്ളാപ്പട്ടാളം തീവണ്ടിയിറങ്ങിയതും ഇവിടെയാണ്. കുരുവമ്പലത്തൂരിലെയും മറ്റും വെടിയൊച്ചകള്‍ക്കും രക്തച്ചൊരിച്ചിലിനും മൂകസാക്ഷിയായ്  അന്നത്തെ പല പഴഞ്ചന്‍ കെട്ടിടങ്ങളും ഇന്നും ഇവിടെ തലകുനിച്ചു നില്‍പ്പുണ്ട്. പത്തോളം പ്രമുഖ ക്ഷേത്രങ്ങള്‍ ഇവിടെയുള്ളതിനാല്‍ ‘ക്ഷേത്രനഗരം’ എന്ന വിളിപ്പേരുകൂടിയുണ്ട്  അങ്ങാടിപ്പുറത്തിന്. റാണി വീണ്ടും നീട്ടിക്കൂവി.. വരുംതലമുറ കേള്‍ക്കാന്‍ സാധ്യതയില്ലാത്ത ഡീസലെഞ്ചിന്റെ പട പാടാ ശബ്ദം നന്നായി ഞാനാസ്വദിച്ചു.   റൈലിനിരുവശത്തുമുള്ള വീടുകള്‍ അവിടുത്തുകാരുടെ സാമ്പത്തിക സ്ഥിതി വിളിച്ചോതുന്നതായിരുന്നു.പൊടുന്നനെ വീടുകള്‍ പച്ചപ്പിനു വഴിമാറി. ഒറ്റവരിപ്പാതയായതിനാല്‍ കാട്ടിനുള്ളിലൂടെ ഒഴുകിപ്പോകുകയാണെന്നേ തോന്നൂ. തണുത്ത കാറ്റിന്റെ അകമ്പടിയോടെ ഏതാനും വെള്ളത്തുള്ളികള്‍ എന്നോട് കൂട്ടുകൂടാന്‍ എങ്ങുനിന്നോ പാറിയെത്തി. ചൂണ്ടുവിരലാല്‍ ഞാനവയെത്തലോടി. വണ്ടി കിതച്ചു കിതച്ച് പട്ടിക്കാടെത്തി. അവിടെയുള്ള പ്രമുഖ മതവിദ്യാഭ്യാസ സ്ഥാപനത്തിലേക്കുള്ള വെള്ളവസ്ത്രമുടുത്ത ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍ അവിടെയിറങ്ങി.അടുത്തടുത്തുള്ള സ്റ്റേഷനുകളാണ് ഈ പാതയില്‍ വേഗത കൂട്ടാതിരിക്കാന്‍ പ്രധാന കാരണം.മയിലുകളെയും, മുയലുകളെയും കാണുമെന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും ആരെയും ഇതുവരെ കണ്ടില്ല. ഇന്നലെ രാത്രി നന്നായി മഴ പെയ്തു കാണും അതാണ് ഇത്രയും മഞ്ഞ്. കടലുണ്ടിപ്പുഴയുടെ പോഷകനദിയായ വെള്ളിയാറിന്റെ മുകളിലൂടെ റാണി കുണുങ്ങിക്കുണുങ്ങി നീങ്ങി.മരക്കാടുകള്‍ തന്നെയാണ് മുമ്പില്‍. അവക്കിടയിലൂടെ ചെറിയൊരു നീര്‍ച്ചാലൊഴുകുന്നു. പേരറിയാത്ത ഒരുപാട് മരങ്ങള്‍ക്കിടയില്‍ പരിചയം നടിച്ചു നാലഞ്ചു തേക്കുകളുമുണ്ട്.നാല് പുഴകള്‍ കടന്നുവേണം നിലമ്പൂരെത്താന്‍. ഓരോ പുഴക്കും പറയാനുണ്ട് കഥകളൊരുപാട്. വേവ്വേറെ ശബ്ദത്തില്‍, താളത്തില്‍, ഭാവത്തില്‍, രൂപത്തില്‍, തെളിമയില്‍…എന്റെ ശ്രദ്ധയില്‍ പെട്ടതുമാത്രം പതിനാലോളം കലുങ്കുകളുമുണ്ട് ഈ പാതയില്‍. തോടുകളാണ് അവയ്ക്കടിയില്‍. ചിലതിന് കീഴിലൂടെ കാറും, ബൈക്കുമൊക്കെ കൊണ്ടുപോകാം.നിരങ്ങിമൂളി  വണ്ടി മേലാറ്റൂരെത്തി. നട്ടുച്ചയ്ക്ക് പോലും വെയില്‍ കൊള്ളാത്തതിനാല്‍ കെട്ടിടത്തിന് പോലും പുതിലുണ്ട് (ാീശേെ).ഇന്ത്യന്‍ റെയില്‍വേയുടെ പഴയ കാര്‍ബോഡ് വെട്ടിയ പോലുള്ള ടിക്കറ്റ് ഒന്നെടുത്ത് സൂക്ഷിച്ചുവെക്കണോ?? എങ്കില്‍ ഇവിടെവന്നാല്‍ മതി.  ഭൂപ്രകൃതിക്ക് വീണ്ടും പ്രത്യക്ഷമായ ചിലമാറ്റങ്ങള്‍ അനുഭവപ്പെട്ടു. റബ്ബര്‍ മരങ്ങള്‍ ഞൊടിയിടയില്‍ മുളങ്കാടുകള്‍ക്ക് വഴിമാറി. പൊടുന്നനെ പരന്ന വയലുകള്‍ പ്രത്യക്ഷപ്പെട്ടു. ഏതോ ചെറിയ മലമടക്കുകളിലൂടെയാണ് നാം പോകുന്നതെന്നു തോന്നുന്നു. ചെറിയ കുന്നുകളുള്ള ഭാഗത്ത്  അല്പം മണ്ണിടിച്ചാണ്  നമ്മുടെ പാതയുള്ളത്. അധികം നീളമില്ല. ചിലയിടത്ത്  ട്രൈനിനോളം ഉയരം വരും. ചിലയിടത്ത് അതിലും കുറവ്.ദേ.. വീണ്ടും പുഴയെത്തി. ഒലിപ്പുഴ. പേരുപോലെ അത്ര ഒലിവോ, മൂളലോ പുഴയിലില്ല. ചിലപ്പോള്‍ അടിഴൊയുക്കുകാണും. നിങ്ങള്‍ നിലമ്പൂരെത്താറായി എന്ന സൂചനകള്‍ നല്‍കി ഇല്ലിമുളംകാടുകള്‍ ഇളകിയാടി.തുവ്വൂര്‍ ആണ് അടുത്ത സ്റ്റേഷന്‍. മലബാര്‍കലാപത്തിന്റെ രക്തസാക്ഷികളിലൊരുവള്‍.  സ്ഥലപ്പേരുകള്‍ക്കു പോലും വല്ലാത്ത മാസ്മരികത.ചുറ്റിലും പച്ച നിറഞ്ഞ, കിളികള്‍ പാറിപ്പറക്കുന്ന, മന്ദമാരുതന്‍ തഴുകിത്തലോടുന്ന വയലുകളാല്‍ ചുറ്റപ്പെട്ട സ്റ്റേഷന്‍ മറ്റെവിടെയെങ്കിലും ഉണ്ടാകുമോ എന്നുതന്നെ സംശയം. സമുദ്രനിരപ്പില്‍ നിന്നും 2000ലധികം അടി  ഉയരത്തിലുള്ള  കേരളാംകുണ്ട് വെള്ളച്ചാട്ടത്തില്‍ പോയി മുങ്ങിനിവരണോ? ചീവീടിന്റെ കാരകരാ ശബ്ദവും, പക്ഷികളുടെ കളകൂജനവും ചിലക്കലും കേട്ട്, ഇലകളുടെ മര്‍മ്മരങ്ങളെ സാക്ഷിനിര്‍ത്തി കാനനച്ഛായയുടെ നിഴലില്‍ ഒന്ന് മുങ്ങിനിവരാന്‍ ആരാണാഗ്രഹിക്കാത്തത്..?? അതും, ഔഷധ സസ്യങ്ങളുടെ വേരുകള്‍ക്കിടയിലൂടെ ഊര്‍ന്നുവന്ന് 150അടി ഉയരത്തില്‍ നിന്ന് താഴേക്കു പതിക്കുന്ന ഐസുപോലൊത്ത വെള്ളത്തില്‍…എങ്കില്‍ ചിന്തിച്ചു നില്‍ക്കാന്‍ സമയമില്ല നമുക്കിവിടെ ഇറങ്ങാം.ഇവിടെനിന്നും കരുവാരക്കുണ്ടിലേക്ക് ബസ്സ് കയറി അവിടുന്ന് 7 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കേരളാംകുണ്ടിലെത്താം. പച്ചമരുന്നുകള്‍ സുലഭമായ ഇവിടുത്തെ കാട്ടുചോലകള്‍ക്കു പോലും ഔഷധഗുണമുണ്ടെന്നാണ് പറയപ്പെടുന്നത്.ഇതുമാത്രമല്ല, ബറോഡ വെള്ളച്ചാട്ടവും, ചങ്ങലപ്പാറയും, സ്വപ്‌നക്കുണ്ടും തുടങ്ങി നിരവധിയനവധി കാഴ്ചകള്‍ ഒറ്റ യാത്രയില്‍ ഒപ്പിയെടുക്കാം.ഇന്ത്യന്‍ റെയില്‍വേ അവഗണിച്ച തൊടിയപ്പുലം സ്റ്റേഷനെ തഴുകിത്തലോടി റാണി വാണിയമ്പലത്തെക്കു പാഞ്ഞു.അതാ… നില്‍ക്കുന്നു വാണിയമ്പലം പാറ. ഏന്തി വലിഞ്ഞ് അതിന്റെ ഉച്ചിയിലേക്കൊന്നു കണ്ണ് പായിച്ചു. ഒന്നും വ്യക്തമല്ല. പടുകൂറ്റന്‍ കരിമ്പാറക്കുന്നിന് മുകളില്‍ ഒരു കൊച്ചമ്പലം ഉണ്ട്. ദ്വാപരയുഗത്തില്‍ ദേവാസുര യുദ്ധത്തിന്  സാക്ഷിയായ പാറക്കെട്ടുകളാണത്രെ അവ. ബാണാസുരന്റെ ആരാധനാ മൂര്‍ത്തിയായ ത്രിപുര സുന്ദരിയാണിവിടുത്തെ മുഖ്യ പ്രതിഷ്ഠ.സമയം 7:00 മണി. വണ്ടി വാണിയമ്പലത്ത് കിതച്ചുനിന്നു. അങ്ങാടിപ്പുറം കഴിഞ്ഞാല്‍ ഇവിടെ മാത്രമാണ് ക്രോസിങ് ഉള്ളത്. റാണിയുടെ വരവും കാത്ത് നീലസുന്ദരന്‍ അവിടുണ്ട്. ഞങ്ങള്‍ അവിടെ എത്തിയിട്ടുവേണം റാണിയെ മുട്ടിയുരുമ്മി അവനു പോകാന്‍. പ്രതീക്ഷിച്ചതിലും കൂടുതല്‍ പേര്‍ അവിടെയിറങ്ങി. യാത്ര അവസാനിക്കാന്‍ പോകുകയാണെന്ന്   തോന്നിക്കും വിധം റാണി നീട്ടിക്കൂവി. ട്രെയിന്‍ ഏതാണ്ട് കാലിയായി.ഇനിയങ്ങോട്ട് തേക്കിലകളോട് കിന്നാരം പറഞ്ഞുള്ള യാത്രയാണ്. തേക്കിലകള്‍ കൈകോര്‍ത്ത് റാണിയുടെ മേനിയില്‍ മഞ്ഞുത്തുള്ളികള്‍ പൊഴിച്ചുകൊണ്ടേയിരുന്നു.ഏന്തി വലിഞ്ഞൊന്നു പിന്നിലേക്കുനോക്കി. എന്‍ജിനു തൊട്ടുപിന്നിലായതിനാല്‍ ഒരുപാട് പിറകോട്ട് കാണാം. ഹൊ.. എന്തൊരു കാഴ്ച.!. ചെറിയൊരു വളവുനിവര്‍ന്ന്  തേക്കിലകളെ തൊട്ടുരുമ്മി സുന്ദരി വരുന്നു. കനത്ത പുക മേലോട്ടുയരുന്നുണ്ട്. വണ്ടിയതാ കുതിരപ്പുഴക്കു മീതെ. കരിങ്കല്ലുകള്‍ നിറഞ്ഞ് തെളിമയുള്ള പുഴ. നിരനിരയായ് കിടക്കുന്ന പച്ചനിറഞ്ഞ മലനിരകള്‍ തൊട്ടടുത്ത്. ആ മലയടിവാരത്തുകൂടെയാണ് നമ്മുടെ  യാത്ര. റാണി ഒന്നൂടെ കൂവി… അവസാനത്തെ കൂവല്‍.’നിലമ്പൂര്‍ റോഡ്’ എന്ന മഞ്ഞ ബോഡ്  കണ്ണിലുടക്കി.ഒറ്റവരിപ്പാത മാറി നാലുവരിപ്പാതയായി. ഓടിട്ട പഴയ ടിക്കറ്റ് കൗണ്ടര്‍ തലയെടുപ്പോടെ അവിടെത്തന്നെയുണ്ട്.ഇനിയും നാലഞ്ച് പ്ലാറ്റ്‌ഫോമുകള്‍ ഉണ്ടാക്കാനുള്ള സ്ഥലം ഇവിടെയുണ്ട്. ഇവിടെയെന്നല്ല ഷൊര്‍ണ്ണൂര്‍ മുതല്‍ നിലമ്പൂര്‍ വരെ റെയില്‍വേക്കു ഒരുപാട് സ്ഥലമുണ്ട്. ഇതിനുപിന്നില്‍ എന്തോ ഒരു ദീര്‍ഘദൃഷ്ടി ഉണ്ടായിരുന്നുവെന്നുറപ്പ്. പെരുമ്പാവൂര്‍ സ്വദേശി ടി. പി. അയ്യപ്പന്‍ കാര്‍ത്ത എന്ന റെയില്‍വേ ഉദ്യോഗസ്ഥന്റെ ആറു വര്‍ഷത്തെ കഠിന പ്രയത്‌നത്തിനൊടുവിലാണ് പതിനാലു ലക്ഷത്തോളം വൃക്ഷത്തൈകള്‍ 1980കളില്‍ ഈ പാതയില്‍  നട്ടുപിടിപ്പിച്ചത്. ഇന്നതിന് ഏതാണ്ട്  250 കോടിയോളം മതിപ്പുവില വരും.’ഹരിത തുരങ്കത്തിലൂടെ തീവണ്ടിയാത്ര’യെന്ന അയ്യപ്പന്‍ കാര്‍ത്തയുടെ സ്വപ്‌നം പടര്‍ന്ന് പന്തലിക്കും മുമ്പേ അദ്ദേഹത്തെ തേടി ദേശീയ പുരസ്‌കാരവുമെത്തി.ഇന്ത്യന്‍ റെയില്‍വേ യുടെ ഒരു ഭാഗം ഇവിടെ അവസാനിക്കുകയാണ്. എങ്ങനെയായിരിക്കും റെയില്‍പാളങ്ങള്‍ അവസാനിക്കുന്നത്..? വല്ലാത്ത ആകാംക്ഷ. റെയിലിന്റെ അവസാനം തേടി ഞാന്‍ നടന്നു. ഒടുവില്‍ ഒടുവെത്തി. റെയില്‍പാളം അവസാനിക്കുന്ന സ്ഥലം. പുല്ലും കാടും മൂടിയ ഒറ്റവരിയായി  വലിയൊരു മരച്ചുവട്ടില്‍ അതവസാനിച്ചു. ആ മരത്തോട് ചേര്‍ന്നൊരു വീടുണ്ട്. പഴയതാണ്. ഓടിട്ടത്. ചിലപ്പോള്‍ റെയില്‍ ജീവനക്കാരുടേതാകും. പുതുതായി വെച്ച നീലനിറത്തിലുള്ള വാട്ടര്‍ടാങ്ക് അവിടെ കണ്ടില്ലായിരുന്നുവെങ്കില്‍ ആള്‍പ്പാര്‍പ്പില്ലാത്ത കാടുമൂടിയ വീടെന്ന് ഞാനങ്ങ് വിധിയെഴുതിയേനെ….പതിവിലധികം മേഘാവൃതമായതിനാല്‍ നീലഗിരിക്കുന്നുകള്‍ തെളിഞ്ഞു കാണുന്നില്ല. നിലമ്പൂര്‍നഞ്ചന്‍ഗോഡ് പാത കടന്നുപോകേണ്ടത്  ആ കുന്നുകളിലൂടെയാണ്.  മലബാറിന്റെ സ്വപ്‌നം, വയനാടിന് റെയില്‍ ഭൂപടത്തില്‍ ഒരിടം. ഈ പദ്ധതി ഏറെക്കുറെ ചുവപ്പുനാടയില്‍ നിന്ന് രക്ഷപ്പെട്ട് പുതിയതലത്തിലേക്ക് നീങ്ങിയിരിക്കുകയാണ്.നിലമ്പൂരിന് ചുറ്റും വലിയൊരു ലോകമുണ്ട്.  നൃത്തമാടുന്ന ജലകണങ്ങള്‍ക്ക് കാവലിരിക്കുന്ന ആഢ്യന്‍പാറക്കെട്ടുകള്‍, നെടുങ്കയത്തെ ആനപ്പന്തി. സായിപ്പിന്റെ മരക്കൊട്ടാരം. തേക്കുരാജനും പ്രജകളും കുടിയേറിപ്പാര്‍ക്കുന്ന കനോലിപ്ലോട്ട്. ഓര്‍ക്കിഡുകള്‍ വിരിഞ്ഞുനില്‍ക്കുന്ന, ശലഭങ്ങള്‍ പാറിക്കളിക്കുന്ന പൂങ്കാവനങ്ങള്‍ നിറഞ്ഞ, തേക്കിന്റെ കഥ പറയുന്ന തേക്കുമ്യൂസിയം. ആദിവാസികള്‍ മലയിറങ്ങുന്ന ജനുവരിയിലെ പാട്ടുത്സവം. ഏഷ്യയിലെ ഏറ്റവും വലിയ വിത്തുകൃഷിത്തോട്ടം.വില്യം ലോഗന്‍ മലബാര്‍ മാന്വലില്‍ സ്വര്‍ണനദിയെന്നു കുറിച്ചിട്ട ചാലിയാറും, തോഴിമാരും. ചരിത്രമുറങ്ങുന്ന നിലമ്പൂര്‍ കോവിലകം, ചാലിയാര്‍ വ്യൂ പോയിന്റും ആകാശനടപ്പാതയും ഉള്‍കൊള്ളുന്ന ബംഗ്ലാവ്കുന്നിലെ കാഴ്ചകള്‍, ചാലിയാര്‍ മുക്കിലെ പുഴകളുടെ ത്രിവേണി സംഗമം, പ്രകൃതിയുടെ വരദാനമായ കക്കാടംപൊയിലിലെ കോഴിപ്പാറ വെള്ളച്ചാട്ടവും, പഴശ്ശിഗുഹയും.കരിമ്പാറക്കെട്ടില്‍ ചങ്ങലപിടിച്ചുകയറി കാറ്റുകൊണ്ട് അസ്തമയം കാണാന്‍ അകമ്പാടത്തെ കുരിശുപാറ. ഏതും വേനലിലും വറ്റാത്ത തണുത്ത കണ്ണാടി ജലമുള്ള ടി.കെ കോളനിയിലെ കോട്ടപ്പുഴ. ബറോഡ വെള്ളച്ചാട്ടവും, ചങ്ങലപ്പാറയും, സ്വപ്‌നക്കുണ്ടും ഉള്‍പ്പെടുന്ന കേരളാംകുണ്ടിന്റെ പ്രകൃതിവിരുന്ന്… അറിയപ്പെടാത്ത പ്രകൃതിയുടെ മണിച്ചെപ്പുകള്‍ ഇനിയുമേറെ.

 

നിലമ്പൂരിന് സമീപം സന്ദര്‍ശിക്കാവുന്ന സ്ഥലങ്ങള്‍
കനോലി പ്ലോട്ട് തേക്ക് മ്യൂസിയംചാലിയാര്‍മുക്ക്ആഢ്യന്‍പാറചാലിയാര്‍വ്യൂ പോയിന്റ്ആകാശ നടപ്പാതകുരിശുപാറഅകമ്പാടംകക്കാടംപൊയില്‍കോഴിപ്പാറ വെള്ളച്ചാട്ടംകൊടികുത്തിമലകേരളാംകുണ്ട്നെടുങ്കയംപാതാര്‍ വെള്ളച്ചാട്ടംമുണ്ടേരി വിത്തു കൃഷിത്തോട്ടംചെമ്മല ഫാംകതിര്‍ ഫാംകരുവാരക്കുണ്ട് പാര്‍ക്ക്വാണിയമ്പലം പാറടി.കെ. കോളനിനിലമ്പൂര്‍ കോവിലകംപുല്ലങ്കോട് എസ്റ്റേറ്റ്കൊടമണിക്കോട്കള്ളുംകുണ്ട്മരുതക്കൊക്കഎടക്കരച്ചന്തഹോളി ഫാമിലി ചര്‍ച്ച് ചോക്കാട്അമരമ്പലം ശിവക്ഷേത്രംചെമ്മന്തിട്ട ഭഗവതി ക്ഷേത്രംനാടുകാണിചുരം

You must be logged in to post a comment Login