ഹരിയാനയില്‍ തുരങ്കമുണ്ടാക്കി ബാങ്ക് കൊള്ളയടിച്ചു

റോഹ്തക്: ഹരിയാനയില്‍ 125 അടി നീളത്തില്‍ തുരങ്കമുണ്ടാക്കി ബാങ്ക് കൊള്ളയടിച്ചു. ഗൊഹാന ടൗണ്‍ഷിപ്പില്‍ സ്ഥിതി ചെയ്യുന്ന പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ സ്‌ട്രോംഗ് റൂമാണ് മോഷ്ടാക്കള്‍ കവര്‍ച്ച ചെയ്തത്. തിങ്കളാഴ്ച രാവിലെയാണ് മോഷണം നടന്ന വിവരം അറിയുന്നത്. സ്‌ട്രോംഗ് റൂമിലുണ്ടായ പണവും ആഭരണങ്ങളുമടക്കം കോടികളാണ് നഷ്ടമായത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

പഴയ ബസ് സ്റ്റാന്‍ഡിന് സമീപത്താണ് ബാങ്ക് സ്ഥിതി ചെയ്യുന്നത്. ബാങ്കിന് സമീപത്തുള്ള ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തില്‍ നിന്നാണ് മോഷ്ടാക്കള്‍ തുരങ്കം നിര്‍മിച്ചത്. 2.5 അടി വീതിയാണ് തുരങ്കത്തിനുള്ളത്. കെട്ടിടത്തില്‍ നിന്നുള്ള തുരങ്കം അവസാനിക്കുന്നത് ബാങ്കിന്റെ സ്‌ട്രോംഗ് റൂമിലായിരുന്നു. തുരങ്കം നിര്‍മിക്കുന്ന കാര്യം പുറത്ത് അറിയാതിരിക്കാന്‍ കെട്ടിടത്തിന്റെ ജനാലകള്‍ കാര്‍ഡ്‌ബോര്‍ഡ് കൊണ്ട് മറച്ചിരുന്നു. സ്‌ട്രോംഗ് റൂമില്‍ നിരീക്ഷണകാമറകള്‍ ഇല്ലാതിരുന്നതും മോഷ്ടാക്കള്‍ക്ക് സഹായകമായി. സ്‌ട്രോംഗ് റൂമിലെ 360 ലോക്കറുകളില്‍ 90 എണ്ണവും മോഷ്ടാക്കള്‍ കുത്തിത്തുറന്നതായി പൊലീസ് പറഞ്ഞു.

മാസങ്ങള്‍ നീണ്ട ആസൂത്രണത്തിനൊടുവിലാണ് ബാങ്ക് കവര്‍ച്ച നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. ഞായറാഴ്ച അവധി ദിവസമായതിനാല്‍ ബാങ്ക് പ്രവര്‍ത്തിക്കില്ലെന്ന് മനസിലാക്കി മോഷ്ടാക്കള്‍ ശനിയാഴ്ച രാത്രിയിലാവാം പദ്ധതി നടപ്പിലാക്കിയതെന്നാണ് പൊലീസ് കരുതുന്നത്.  അന്വേഷണത്തിന്റെ ഭാഗമായി രണ്ടാഴ്ച മുന്പ് വരെ ബാങ്കില്‍ എത്തിയവരെ കുറിച്ച് പൊലീസ് നിരീക്ഷിച്ച് വരകിയാണ്. ബാങ്കിനുള്ളിലെ സി.സി.ടി.വി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.

2007ല്‍ സമാനമായ ബാങ്ക് കവര്‍ച്ച കേരളത്തില്‍ നടന്നു. മലപ്പുറം ചേലന്പ്രയിലെ സൗത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്കിന്റെ ഭിത്തി തുരന്നാണ് അന്ന് മോഷണം നടത്തിയത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ മോഷ്ടാക്കളെ പൊലീസ് അറസ്റ്റു ചെയ്യുകയും ചെയ്തു. ഋത്വിക് റോഷന്‍ നായകനായ ബോളിവുഡ് സിനിമ ധൂം ആണ് തനിക്ക് മോഷണത്തിന് പ്രചോദനമായത് എന്നായിരുന്നു കേസിലെ മുഖ്യപ്രതി പൊലീസിനോട് പറഞ്ഞത്.

You must be logged in to post a comment Login