ഹാജി അലി ദര്‍ഗയിലെ സ്ത്രീ പ്രവേശനത്തിന് സുപ്രീംകോടതിയുടെ സ്‌റ്റേ

supreme-court

ന്യൂഡല്‍ഹി: മുംബൈയിലെ ഹാജി അലി ദര്‍ഗയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്‌റ്റേ ചെയ്തു. ഈ മാസം 17വരെയാണ് സ്‌റ്റേ. ദര്‍ഗയ്ക്കുള്ളില്‍ സ്ത്രീകളുടെ പ്രവേശനം തടയുന്നതിന് പകരം പുരോഗമനപരമായ പരിഹാരങ്ങള്‍ സമര്‍പ്പിക്കാന്‍ ഹാജി അലി ദര്‍ഗ ട്രസ്റ്റിനും കോടതി നിര്‍ദേശം നല്‍കി.

ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂര്‍ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. അപ്പീല്‍ വീണ്ടും പരിഗണിക്കുന്നതിനായി ഈ മാസം 17 ലേക്ക് മാറ്റി.

ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യുമ്പോഴും ദര്‍ഗയില്‍ സ്ത്രീ പ്രവേശനം നിഷേധിക്കുന്നതിനെ കോടതി ചോദ്യം ചെയ്തു. പുരുഷന്മാര്‍ക്ക് പ്രവേശനം അനുവദിക്കുന്നിടത്ത് സ്ത്രീകളെ തടയുന്നത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു.

ദര്‍ഗ ട്രസ്റ്റിനു വേണ്ടി ഹാജരായ ഗോപാല്‍ സുബ്രഹ്മണ്യം, പ്രശ്‌നപരിഹാരത്തിന് പുരോഗമനപരമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കും. ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കിയെങ്കിലും ദര്‍ഗയുടെ നിര്‍ദേശങ്ങള്‍ ഒരിക്കലും പിന്നോട്ടടിക്കുന്നവ ആയിരിക്കില്ലെന്നും വ്യക്തമാക്കി.

എല്ലാ മതത്തിലും ഇത്തരം പ്രശ്‌നങ്ങളുണ്ടെന്ന് ശബരിമല വിഷയവും ചൂണ്ടിക്കാട്ടി കോടതി പരാമര്‍ശിച്ചു.

You must be logged in to post a comment Login