ഹാട്രിക് നേട്ടത്തിന് പിന്നിൽ കോഹ‍്‍ലി; നായകന് നന്ദി പറഞ്ഞ് ബുംറ

ജമൈക്ക: ടെസ്റ്റ് ക്രിക്കറ്റിൽ ഹാട്രിക് നേടുന്ന മൂന്നാമത് ഇന്ത്യൻ താരം ആയിരിക്കുകയാണ് ജസ്പ്രീത് ബുംറ. വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റിൽ ഡാരൻ ബ്രാവോ, ഷംറാ ബ്രൂക്സ്, റോസ്റ്റൺ ചേസ് എന്നിവരുടെ വിക്കറ്റുകളാണ് ബുംറ വീഴ്ത്തിയത്. വെസ്റ്റ് ഇൻഡീസ് ഇന്നിങ്സിൻെറ ഏഴാം ഓവറിലായിരുന്നു റെക്കോർഡ് പ്രകടനം.

ഡാരൻ ബ്രാവോയെ കെഎൽ രാഹുലിൻെറ കൈകളിൽ എത്തിച്ചാണ് ബുംറ ആദ്യ വിക്കറ്റ് വീഴ്ത്തിയത്. രണ്ടാം വിക്കറ്റ് എൽബിഡബ്യൂ ആയിരുന്നു. എന്നാൽ മൂന്നാം വിക്കറ്റിൽ ബുംറയോളം തന്നെ പ്രധാന്യം ക്യാപ്റ്റൻ വിരാട് കോഹ‍്‍ലിക്കുമുണ്ട്. ചേസിനെതിരെ എൽബിഡബ്ല്യൂ അപ്പീൽ ചെയ്യുമ്പോൾ ബുംറക്ക് വലിയ ആത്മവിശ്വാസം ഇല്ലായിരുന്നു.

അമ്പയർ വിക്കറ്റ് അനുവിച്ചിരുന്നില്ല. എന്നാൽ ക്യാപ്റ്റൻ കോഹ‍്‍ലി പെട്ടെന്ന് തന്നെ റിവ്യൂ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ചേസിൻെറത് വിക്കറ്റാണെന്ന് റീപ്ലേയിൽ വ്യക്തമായതോടെയാണ് ബുംറ ഹാട്രിക് ഉറപ്പാക്കിയത്. ഹാട്രിക് നേട്ടത്തിന് താൻ വിരാട് കോഹ‍്‍ലിയോട് കടപ്പെട്ടിരിക്കുന്നുവെന്ന് ബുംറ പറഞ്ഞു.

റെക്കോർഡ് പ്രകടനത്തിന് ശേഷം ബിസിസിഐ ടിവിക്ക് വേണ്ടി ക്യാപ്റ്റനൊപ്പം സംസാരിക്കുമ്പോഴാണ് ബുംറ ഇക്കാര്യം പറഞ്ഞത്. ഉപനായകൻ രഹാനെക്കും തനിക്ക് അത് വിക്കറ്റാണെന്ന് ഏകദേശം ഉറപ്പായിരുന്നുവെന്ന് കോഹ‍്‍ലി പറഞ്ഞു. എന്നാൽ ബുംറക്ക് അത്ര ആത്മവിശ്വാസമില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

You must be logged in to post a comment Login