ഹാഫിസ് സയീദിനെ പാകിസ്താന്‍ തീവ്രവാദിയായി പ്രഖ്യാപിച്ചു; നിയമത്തില്‍ പാക് പ്രസിഡന്റ് ഒപ്പിട്ടു

 

ഇസ്ലാമാബാദ്: ഹാഫിസ് സയീദിനെ പാകിസ്താന്‍ തീവ്രവാദിയായി പ്രഖ്യാപിച്ചു. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനാണ് ഹാഫിസ് സയീദ്. തീവ്രവാദ വിരുദ്ധ നിയമം ഭേദഗതി ചെയ്താണ് നടപടി. ലഷ്കറെ തയ്ബ,​ താലിബാന്‍ തുടങ്ങി ഐക്യരാഷ്ട്രസഭാ രക്ഷാസമിതി (യു.എന്‍.എസ്.സി.) നിരോധിച്ച സംഘടനകളെയും വ്യക്തികളെയും നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ടുള്ള ഓര്‍ഡിനന്‍സില്‍ പാക് പ്രസിഡന്റ് മാംനൂണ്‍ ഹുസൈന്‍ ഒപ്പിട്ടതോടെയാണിത്.

ഭീകരവിരുദ്ധ നിയമത്തിലെ ഒരു വകുപ്പ് ഭേദഗതി ചെയ്താണ് ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. യു.എന്‍.എസ്.സി. നിരോധിച്ചിട്ടുള്ള വ്യക്തികളുടെയും സംഘടനകളുടെയും ഓഫീസ് പൂട്ടുന്നതിനും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതിനും അധികാരം നല്‍കുന്ന ഭേദഗതിയാണ് ഓര്‍ഡിനന്‍സിലുള്ളത്. ഇതോടെ സയിദിന്റേത് അടക്കമുള്ള സംഘടനകളുടെ ഓഫീസുകള്‍ ഉടന്‍ പൂട്ടും.

അല്‍ക്വദ,​ തെഹ്രീക് ഇ താലിബാന്‍ പാകിസ്ഥാന്‍, ലഷ്കറെ ജാംഘ്വി, ജമാ അത് ഉദ് ദവ (ജെ.യു.ഡി.), ഫലാ ഇ ഇന്‍സാനിയത്ത് ഫൗണ്ടേഷന്‍ (എഫ്.ഐ.എഫ്.), ലഷ്കര്‍ഇ തൊയ്ബ തുടങ്ങിയവ യു.എന്‍.എസ്.സി.യുടെ ഉപരോധപ്പട്ടികയിലുള്ള ഭീകരസംഘടനകളാണ്. ജെ.യു.ഡി, എഫ്.ഐ.എഫ്. എന്നിവയ്ക്കെതിരെ നടപടിയെടുക്കാന്‍ ഇക്കഴിഞ്ഞ ഡിസംബറില്‍ സര്‍ക്കാര്‍ നടപടി തുടങ്ങിയിരുന്നു. ഇവയുള്‍പ്പെടെയുള്ള സംഘടനകള്‍ക്ക് വ്യക്തികളും കമ്പനികളും സംഭാവന നല്‍കുന്നത് നിരോധിക്കുകയും ചെയ്തിട്ടുണ്ട്

You must be logged in to post a comment Login