ഹാമര്‍ വീണ് പരിക്കേറ്റ വിദ്യാര്‍ഥിയുടെ നില ഗുരുതരം;സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് നിര്‍ത്തിവെച്ചു

bore585

 പാലാ: സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് നിര്‍ത്തിവെച്ചു. തലയില്‍ ഹാമര്‍ വീണ് വോളന്റിയറായിരുന്ന വിദ്യാര്‍ഥിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതിനെ തുടര്‍ന്നാണ് ചാമ്പ്യന്‍ഷിപ്പ് നിര്‍ത്തിവെച്ചു.ശസ്ത്രക്രിയ നടത്തിയതിന് ശേഷവും പരിക്കേറ്റ വിദ്യാര്‍ഥിയുടെ നില ഗുരുതരമായി തുടരുകയാണ്. പാലാ സെന്റ് തോമസ് ഹയര്‍സെക്കന്ററി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ അഫീല്‍ ജോണ്‍സന്‍(16)നാണ് പരിക്കേറ്റത്. ജാവലിന്‍ മത്സരത്തിന്റെ വോളന്റിയറായിരുന്നു അഫീല്‍. ജാവലിന്‍ എടുക്കാനായി ഗ്രൗണ്ടിലേക്ക് പോകവെ മൂന്ന് കിലോ തൂക്കമുള്ള ഹാമര്‍ തലയില്‍ വന്ന് വീഴുകയായിരുന്നു.

പാലാ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ ഹാമര്‍ ത്രോ മത്സരങ്ങള്‍ നടക്കുന്നതിന് ഇടയിലായിരുന്നു അപകടം. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. അഫീലിനെ ആദ്യം പാല ജനറല്‍ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചു.

കായിക അധ്യാപകരില്‍ ഒരു വിഭാഗം സംസ്ഥാന വ്യാപകമായി നിസഹരണം നടത്തുന്നതിന് ഇടയിലാണ് ജൂനിയര്‍ അത്‌ലറ്റിക് മീറ്റ് നടത്തിയത്. അധ്യാപകരുടെ കുറവിനെ തുടര്‍ന്ന് വിദ്യാര്‍ഥികളെയാണ് ഡ്യൂട്ടിക്ക് നിയോഗിച്ചത്. അടുത്തടുത്തായാണ് ജാവലിന്‍, ഹാമര്‍ ത്രോ മത്സരങ്ങളും അടുത്തടുത്തായാണ് നടന്നിരുന്നത്. ഇതാണ് അപകടത്തില്‍ കലാശിച്ചത്.

You must be logged in to post a comment Login