ഹാരിസണ്‍ ഭൂമിക്കേസ്: ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി

 

ന്യൂഡല്‍ഹി: ഹാരിസണ്‍ ഭൂമിക്കേസില്‍ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. ഭൂമി ഏറ്റെടുക്കാനുള്ള സ്‌പെഷല്‍ ഓഫീസറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്.

സ്‌പെഷല്‍ ഓഫീസര്‍ പറഞ്ഞ കാര്യങ്ങള്‍ കൃത്യമായി പരിശോധിച്ചില്ലെന്ന് സര്‍ക്കാര്‍ പറഞ്ഞു. കേരള ഭൂസംരക്ഷണ നിയമപ്രകാരം സ്‌പെഷല്‍ ഓഫീസര്‍ക്ക് കോടതിയുടെ അധികാരങ്ങളുണ്ട്. ഉടമസ്ഥാവകാശം നിശ്ചയിക്കാന്‍ സ്‌പെഷല്‍ ഓഫീസര്‍ക്ക് അധികാരമില്ലെന്ന കണ്ടെത്തല്‍ തെറ്റാണ്. റിസര്‍വ് ബാങ്ക് അനുമതി ഇല്ലാതെയാണ് വിദേശ കമ്പനി ഭൂമി കൈവശം വെച്ചതെന്നും സര്‍ക്കാര്‍ പറഞ്ഞു.

അതേസമയം, ഹാരിസണ്‍സ് മലയാളം ലിമിറ്റഡിന്റെ കൈവശമുള്ള ഭൂമി ഏറ്റെടുക്കുന്ന നടപടി നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഹാരിസണ്‍സ് കമ്പനിയുടെ അപ്പീല്‍ ശരിവെച്ചാണ് ഹൈക്കോടതിയുടെ വിധി. പൊതുജനപ്രീതിക്ക് നിയമം ലംഘിച്ച് നടപടി പാടില്ല. സര്‍ക്കാര്‍ റോബിന്‍ഹുഡിനെ പോലെയാകരുതെന്നും കോടതി പറഞ്ഞിരുന്നു. വൻകിട കമ്പനികളുടെ നിലനിൽപ് കേരളത്തിന് ആവശ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

ഹാരിസൺ മലയാളം അധികൃതർ വ്യാജരേഖ ചമച്ച് കൈവശപ്പെടുത്തിയ ഭൂമി പിന്നീട് മറ്റു പലർക്കും വിറ്റെന്നും ഈ ഭൂമി സർക്കാരിൽ നിക്ഷിപ്തമാണെന്നുമായിരുന്നു സർക്കാരിന്റെ വാദം. ഹാരിസണിന്റെ പക്കൽ നിലവിലുള്ള ഭൂമി സർക്കാർ ഭൂമിയാണെന്ന് കണ്ടെത്തി ഇവ തിരിച്ചു പിടിക്കാൻ എം.ജി രാജമാണിക്യത്തെ സർക്കാർ സ്പെഷ്യൽ ഓഫീസറായി നിയമിച്ചിരുന്നു. തുടർന്ന് വിവിധ ജില്ലകളിലായി ഹാരിസണിന്റെ പക്കലുള്ള ഭൂമി ഏറ്റെടുക്കാൻ നോട്ടീസ് നൽകുന്നതടക്കമുള്ള നടപടികൾ രാജമാണിക്യം സ്വീകരിച്ചു. എന്നാൽ സ്പെഷ്യൽ ഓഫീസറുടെ നിയമനവും നടപടികളും നിയമവിരുദ്ധമാണെന്ന ഹാരിസണിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

You must be logged in to post a comment Login