ഹാര്‍ദിക് പാണ്ഡ്യ രണ്ട് മത്സരങ്ങളില്‍ നിന്ന് പുറത്ത്; വിശ്രമം അനുവദിച്ചതാണെന്ന് ബിസിസിഐ

മുംബൈ : ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തില്‍ നിന്ന് ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് ബിസിസിഐ വിശ്രമം അനുവദിച്ചു. രണ്ട് മത്സരത്തിലാണ് താരത്തിന് വിശ്രം നല്‍കിയിരിക്കുന്നത്. കളിഭാരം പരിഗണിച്ചാണ് പാണ്ഡ്യയ്ക്ക് വിശ്രമം അനുവദിച്ചതെന്ന് ബിസിസിഐ അറിയിച്ചു.അതേസമയം ആദ്യ രണ്ട് മത്സരങ്ങള്‍ക്കുമുള്ള ടീമില്‍ നേരത്തെ പാണ്ഡ്യയെ ഉള്‍പ്പെടുത്തിയിരുന്നു.

എന്നാല്‍ പാണ്ഡ്യയുടെ പകരക്കാരെയൊന്നും ബിസിസിഐ പ്രഖ്യാപിച്ചിട്ടില്ല. പരിക്ക് മൂലമാണോ പാണ്ഡ്യയെ പുറത്തിരുത്തിയതെന്നും വ്യക്തമല്ല. തിരുവനന്തപുരത്ത് നടന്ന മൂന്നാം ട്വന്റി-20യില്‍ വേദന സഹിച്ചാണ് പാണ്ഡ്യ ബൗള്‍ ചെയ്തത്. പാണ്ഡ്യ ബംഗളൂരു ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ കണ്ടീഷനിങ്ങിനു വിധേയനാവുമെന്നും ബിസിസിഐ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ജൂണില്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫിക്കുശേഷം മൂന്ന് ടെസ്റ്റും 22 ഏകദിനങ്ങളും അഞ്ച് ട്വന്റി-20കളുമാണ് പാണ്ഡ്യ കളിച്ചത്. ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ 76 റണ്‍സായിരുന്നു പാണ്ഡ്യയുടെ സമ്പാദ്യം. ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിലും ന്യൂസിലാന്‍ഡിനെതിരായ മത്സരത്തിലും പാണ്ഡ്യ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

അജിങ്ക്യ രഹാനെ, ലോകേഷ് രാഹുല്‍, ചേതേശ്വര്‍ പൂജാര, വൃദ്ധിമാന്‍ സാഹ, ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, എന്നിവരെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ടെസ്റ്റ്, ഏകദിന, ട്വന്റി 20 പരമ്പരയില്‍ ശ്രീലങ്കയ്‌ക്കെതിരെ മികച്ച വിജയം കാഴ്ചവെച്ച ഇന്ത്യയ്ക്ക് തുടര്‍ന്നും മുന്നേറ്റം സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് കൊഹ്ലിയും സംഘവും കളത്തിലിറങ്ങുക.

അതേസമയം ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലി മാത്രമാണ് പാണ്ഡ്യയേക്കാള്‍ കൂടുതല്‍ മത്സരങ്ങള്‍ കളിച്ചിട്ടുള്ളത്. വരുന്ന ഡിസംബറില്‍ വിരാട് കൊഹ്‌ലിയും വിശ്രമം ആവശ്യപ്പെട്ട് ബിസിസിഐക്ക് കത്ത് നല്‍കിയിട്ടുണ്ട്. വ്യക്തിപരമായ കാരണങ്ങളാലാണ് കൊഹ്‌ലി അവധി ആവശ്യപ്പെട്ടിരിക്കുന്നത്.

You must be logged in to post a comment Login