‘ഹിന്ദുത്വം മതമല്ല’, ജീവിതരീതിയാണെന്ന നിലപാടിലുറച്ച് സുപ്രീംകോടതി; 1995 ലെ വിധി പുന:പരിശോധിക്കില്ല

supreme-court

ന്യൂഡല്‍ഹി: ഹിന്ദുത്വം ജീവിതരീതിയാണെന്ന 1995ലെ വിധിയിലെ പരാമര്‍ശം പുന:പരിശോധിക്കില്ലെന്ന് സുപ്രീംകോടതിയുടെ ഏഴംഗ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി. പരാമര്‍ശം പുന:പരിശോധിക്കണം എന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവത്തര്‍ക ടീസ്റ്റ സെതല്‍വാദിന്റെ ആവശ്യം തള്ളിക്കൊണ്ടാണ് സുപ്രീംകോടതി നിലപാട് വ്യക്തമാക്കിയത്.

ഹിന്ദുത്വം മതമാണോ എന്ന് പരിശോധിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും മതനേതാക്കളും സ്ഥാനാര്‍ത്ഥികളും തമ്മിലുള്ള ബന്ധം നിയമപരമാണോ എന്നു മാത്രമേ പരിശോധിക്കൂ എന്നും ചീഫ് ജസ്റ്റിസ് ടി.എസ്.താക്കൂര്‍, ജസ്റ്റിസുമാരായ മദന്‍ ബി ലോകൂര്‍, എസ്.എ.ബോബ്‌ഡെ, എ.കെ.ഗോയല്‍, യു.യു.ലളിത്. ഡി.വൈ.ചന്ദ്രചൂഡ്, എല്‍.നാഗേശ്വര്‍ റാവു എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

ഹിന്ദുത്വവും ഹിന്ദുയിസവും ഏതെങ്കിലും മതവുമായി ബന്ധപ്പെട്ടതല്ലെന്നും അത് ഇന്ത്യയിലെ ജീവിതവ്യവസ്ഥയാണെന്നും 1995ലാണ് സുപ്രീംകോടതി വിധിച്ചത്. ഹിന്ദുത്വത്തിന്റെ പേരില്‍ വോട്ട് ചോദിക്കുന്നതില്‍ ജനപ്രാതിനിധ്യ നിയമത്തിന്റെ 123 വകുപ്പ് പ്രകാരം തെറ്റൊന്നുമില്ലെന്നും ഹിന്ദുത്വ പ്രചാരണം നടത്തി തെരഞ്ഞെടുപ്പില്‍ ജയിച്ചവരെ ഇതു ബാധിക്കില്ലെന്നുമായിരുന്നു അന്ന് ജസ്റ്റിസ് ജെ.എസ്.വര്‍മ അദ്ധ്യക്ഷനായ മൂന്നംഗ ഭരണഘടനാ ബെഞ്ച് വിധിച്ചത്.

ബി.ജെ.പിയും ശിവസേനയും ഹിന്ദുത്വം തെരഞ്ഞെടുപ്പ് പ്രചാരണായുധമാക്കിയതുമായി ബന്ധപ്പെട്ട ഹര്‍ജിയിലായിരുന്നു കോടതിയുടെ സുപ്രധാന വിധി. രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ മതത്തിന്റെയോ ജാതിയുടെയോ വിഭാഗത്തിന്റെയോ ഭാഷയുടെയോ പേരില്‍ ശത്രുതയുണ്ടാക്കുകയെന്നത് 123 (3) വകുപ്പ് പ്രകാരം തെറ്റായ നടപടിയാവുന്നതെന്നും കോടതി വിശദീകരിച്ചിരുന്നു.

ഈ വിധിയുടെ അടിസ്ഥാനത്തില്‍ മുംബൈ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹിന്ദുത്വം പറഞ്ഞ് വോട്ട് നേടി വിജയിച്ചതുമായി ബന്ധപ്പെട്ട് ശിവസേനാ അംഗങ്ങള്‍ക്കെതിരെ ബോംബെ ഹൈക്കോടതിയില്‍ ഉണ്ടായിരുന്ന കേസുകള്‍ തള്ളിപ്പോവുകയും ചെയ്തു.

ഹിന്ദുത്വം എന്നത് സംബന്ധിച്ച് എന്താണെന്നോ ആ വാക്കിന് അര്‍ത്ഥമെന്താണെന്നോ പരിശോധിക്കുന്നതിലേക്ക് പോകുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഇപ്പോഴത്തെ നിലയില്‍ ഈ പ്രശ്‌നത്തില്‍ കോടതി നിയന്ത്രണം പാലിക്കുകയാണ്. ഇനി ഏതെങ്കിലും വ്യക്തി ഹിന്ദുത്വത്തെ പരാമര്‍ശിക്കുകയാണെങ്കില്‍ അത് തങ്ങള്‍ കേള്‍ക്കുമെന്നും താക്കൂര്‍ വ്യക്തമാക്കി.

You must be logged in to post a comment Login