ഹിന്ദുസ്ഥാന്‍ ഹിന്ദുക്കളുടെ രാജ്യമാണെന്ന് മോഹന്‍ ഭഗവത്; ഇന്ത്യന്‍ സംസ്‌കാരവുമായി ബന്ധപ്പെട്ട് ജീവിക്കുന്നവരെല്ലാം ഹിന്ദു എന്ന സങ്കല്‍പത്തിനുള്ളില്‍

ഇന്‍ഡോര്‍: ഹിന്ദുസ്ഥാന്‍ ഹിന്ദുക്കളുടെ രാജ്യമാണെന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത്. അതിനര്‍ത്ഥം മറ്റുള്ളവരുടേതല്ല എന്നല്ലെന്നും അദ്ദേഹം പറഞ്ഞു. ഭാരതമാതാവിന്റെ മക്കളെല്ലാം ഹിന്ദു എന്ന സങ്കല്പത്തിനുള്ളില്‍ നില്‍ക്കുന്നുവെന്നും ഭഗവത് പറഞ്ഞു.

ജര്‍മ്മനി ജര്‍മ്മന്‍കാരുടെ രാജ്യമാണ്. ബ്രിട്ടണ്‍ ബ്രിട്ടീഷുകാരുടേതും അമേരിക്ക അമേരിക്കക്കാരുടേതുമാണ്. അങ്ങനെയാകുമ്പോള്‍ ഹിന്ദുസ്ഥാന്‍ ഹിന്ദുക്കളുടേതാണ്. അതിനര്‍ത്ഥം മറ്റുള്ളവരുടേതല്ല എന്നല്ല ഭഗവത് പറഞ്ഞു.

ഇന്ത്യന്‍ സംസ്‌കാരവുമായി പൊരുത്തപ്പെട്ടു ജീവിക്കുന്നവരും ഇന്ത്യന്‍ പൂര്‍വികരുടെ പിന്തുടര്‍ച്ചക്കാരും ഭാരത മാതാവിന്റെ മക്കളും എല്ലാം ഹിന്ദു എന്ന സംജ്ഞക്കുള്ളില്‍ വരും. കോളേജ് വിദ്യാര്‍ഥികളായ ആര്‍.എസ്.എസുകാരുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഭഗവത്. സര്‍ക്കാര്‍ മാത്രം വിചാരിച്ചാല്‍ വികസനം കൊണ്ടുവരാന്‍ കഴിയില്ല. അതിന് സമൂഹത്തില്‍ കൂടി മാറ്റം വരണം. പണ്ടുകാലത്ത് ജനങ്ങള്‍ വികസനത്തിനായി ദൈവത്തെയായിരുന്നു സമീപിച്ചിരുന്നത്. എന്നാല്‍ ഇന്ന് കലിയുഗത്തില്‍ സര്‍ക്കാരിനേയാണ് വികസനത്തിനായി ആശ്രയിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ മാത്രം വിചാരിച്ചാല്‍ വികസനം കൊണ്ടുവരാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

You must be logged in to post a comment Login