ഹിമാചല്‍പ്രദേശ് തെരെഞ്ഞെടുപ്പ് നടക്കാനിരിക്കെ കോണ്‍ഗ്രസ് മന്ത്രി പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നു

ഷിംല: നിയമസഭാ തെരെഞ്ഞെടുപ്പ് നടക്കാനിരിക്കെ ഹിമാചല്‍പ്രദേശില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി. മാണ്ഡി നിയമസഭാംഗവും മന്ത്രിയുമായ അനില്‍ ശര്‍മ്മ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് ചുവടുമാറി. മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന സുഖ്റാമിന്റെ മകനാണ് അനില്‍ ശര്‍മ്മ.

കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അവഗണനയില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിട്ടതെന്നും മന്ത്രിസ്ഥാനം ഉള്‍പ്പടെ എല്ലാ സ്ഥാനമാനങ്ങളും രാജിവച്ചതായും അനില്‍ ശര്‍മ്മ പറഞ്ഞു. മാണ്ഡിയില്‍ നടന്ന രാഹുല്‍ ഗാന്ധിയുടെ റാലിയില്‍ ഞങ്ങള്‍ ആദ്യം അവഗണിക്കപ്പെട്ടു. പിന്നീട് ഹിമാചലില്‍ തെരെഞ്ഞെടുപ്പ് പ്രചരണത്തിനു വേണ്ടി പാര്‍ട്ടി കേന്ദ്രനേതൃത്വം രൂപീകരിച്ച തെരെഞ്ഞെടുപ്പ് കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കപ്പെട്ടു. ഈ അവഗണനയില്‍ ഇനി തുടരാനാവില്ലെന്നും അനില്‍ ശര്‍മ്മ പറഞ്ഞു. അനില്‍ ശര്‍മ്മയുടെ ബിജെപി പ്രവേശനത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം പിന്നീടുണ്ടാവുമെന്ന് ബിജെപി സംസ്ഥാന വക്താവ് ഗണേഷ് ദത്ത് പ്രതികരിച്ചു.

2013ലാണ് അനില്‍ ശര്‍മ്മയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത്. ഗ്രാമവികസനം, മൃഗസംരക്ഷണം,പഞ്ചായത്ത് രാജ് എന്നീ വകുപ്പുകളുടെ ചുമതലയാണ് അനില്‍ ശര്‍മ്മയ്ക്ക് നല്‍കിയത്. 1993-1997 കാലത്ത് സഹമന്ത്രിയായും അനില്‍ ശര്‍മ്മ പ്രവര്‍ത്തിച്ചിട്ടുണ്ട്.

നവംബര്‍ 9നാണ് ഹിമാചലില്‍ നിയമസഭാ വോട്ടിംഗ്. അനധികൃത സ്വത്ത് സമ്പാദന കേസില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രി വീരഭദ്ര സിങിനും ഭരണകക്ഷിയായ കോണ്‍ഗ്രസിനും ഏറെ നിര്‍ണായകമാണ് ഈ തെരെഞ്ഞെടുപ്പ്. സംസ്ഥാനം പോളിങ് ബൂത്തിലേക്കെത്താന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയുള്ള കോണ്‍ഗ്രസ് നേതാവിന്റെ ചുവടുമാറ്റം കോണ്‍ഗ്രസ് നേതൃത്വത്തിലും ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.

ബിജെപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി വീരഭദ്ര സിങിന്റെ ഭാര്യാ സഹോദരന്‍ വിക്രം സെന്നും സഹോദരി വിജയ് ജ്യോതിയും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

You must be logged in to post a comment Login