ഹിമാചല്‍-കേരളം രഞ്ജി ട്രോഫി; കേരളത്തിന്റെ വിജയം 163 റണ്‍സ് അകലെ

ഷിംല: ഹിമാചല്‍ പ്രദേശ്-കേരളം രഞ്ജി ട്രോഫി മത്സരം ആവേശകരമായ അവസാനത്തിലേക്ക്. രണ്ടാം ഇന്നിങ്‌സ് 285ല്‍ ഡിക്ലയര്‍ ചെയ്ത ഹിമാചല്‍ 297 റണ്‍സിന്റെ വിജയലക്ഷ്യമാണ് കേരളത്തിന് മുന്നില്‍ വച്ചത്. പിന്നാലെ രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച കേരളം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സെടുത്തിട്ടുണ്ട്. 58 ഓവര്‍ ബാക്കി നില്‍ക്കെ 163 റണ്‍സ് കൂടെ നേടിയാല്‍ കേരളത്തിന് വിജയം സ്വന്തമാക്കാം. വിനൂപ് ഷീല മനോഹരന്‍ (63), സച്ചിന്‍ ബേബി (21) എന്നിവരാണ് ക്രീസില്‍.

ആദ്യ ഇന്നിങ്‌സിലെ സെഞ്ചുറിക്കാരന്‍ പി. രാഹുല്‍ (14), സിജോമോന്‍ ജോസഫ് (23) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്. സഞ്ജു സാംസണ്‍, വി.എ ജഗദീഷ്, വിഷ്ണു വിനോദ്, മുഹമ്മദ് അസറൂദീന്‍ എന്നിവര്‍ ബാറ്റിങ്ങിന് ഇറങ്ങാനിരിക്കെ കേരളത്തിന് വിജയപ്രതീക്ഷയുണ്ട്. വിജയിച്ചാല്‍ കേരളം നോക്കൗട്ട് റൗണ്ടില്‍ കടക്കാനും സാധ്യതയുണ്ട്.

രണ്ടാം ഇന്നിങ്‌സില്‍ എട്ടിന് 285 എന്ന നിലയില്‍ നില്‍ക്കേ ഹിമാചല്‍ രണ്ടാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

കേരളത്തിനായി സിജോമോന്‍ നാലും ബേസില്‍ തമ്പി രണ്ടും വിക്കറ്റ് വീഴ്ത്തി.

You must be logged in to post a comment Login