‘ഹിറ്റ്‌ലറുടെ ഭരണത്തിന് അവസാനം കുറിച്ചത് സ്റ്റാലിന്‍’; ഡിഎംകെ അടങ്ങുന്ന ദേശീയ വിശാല സഖ്യത്തിന് ആഹ്വാനം ചെയ്ത് സീതാറാം യെച്ചൂരി

ഹിറ്റ്‌ലറുടെ ഭരണത്തിന് അവസാനം കുറിച്ചത് സ്റ്റാലിനാണ് എന്ന് ഓര്‍മ്മിപ്പിച്ച് ഡിഎംകെ അടങ്ങുന്ന ദേശീയ വിശാല സഖ്യത്തിന് ആഹ്വാനം ചെയ്ത് സീതാറാം യെച്ചൂരിയുടെ ഫേസ്ബുക്ക് പോസ്റ്റ്. വരും കാല ദിവസങ്ങളില്‍ ഡിഎംകെ അധ്യക്ഷന്‍ സ്റ്റാലിന് രാഷ്ട്രീയ പ്രാധാന്യമുണ്ടെന്നും പോസ്റ്റില്‍ പറയുന്നു. ഡിഎംകെ നേതാവ് എം. കരുണാനിധിയുടെ 94ാം ജന്മദിനാഘോഷത്തില്‍ പങ്കെടുത്ത ശേഷമാണ് യെച്ചൂരിയുടെ പോസ്റ്റ്.

ബിജെപിയും ആര്‍എസ്എസും ഒഴികെയുളള എല്ലാ പാര്‍ട്ടികളുടെയും നേതാക്കള്‍ കരുണാനിധിയുടെ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ ചെന്നൈയില്‍ എത്തിയ കാര്യവും യെച്ചൂരി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കുന്നു. രാഷ്ടീയം വെറും കണക്കുകള്‍ മാത്രമല്ലെന്ന് ചൂണ്ടിക്കാട്ടുന്ന യെച്ചൂരി, ഹിറ്റ്‌ലറുടെ വാഴ്ച അവസാനിപ്പിച്ചത് അമേരിക്കയുടെയോ ബ്രിട്ടന്റെയോ പതാകയല്ലെന്നും പറയുന്നു. ജോസഫ് സ്റ്റാലിന്‍ ഉയര്‍ത്തിയ ചെങ്കൊടിയാണ് അത് സാധ്യമാക്കിയതെന്നും യെച്ചൂരി കുറിച്ചു.

വരുംദിവസങ്ങളില്‍ ഡിഎംകെ പ്രസിഡന്റ് എംകെ സ്റ്റാലിന് കൂടുതല്‍ രാഷ്ട്രീയ പ്രാധാന്യമുണ്ടാകും. സ്റ്റാലിനെന്ന പേര്, അദ്ദേഹത്തിന് ധാരാളം ഉത്തരവാദിത്വം നല്‍കുന്നു. ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട സമരങ്ങളെ നാം ഒന്നിച്ച് ശക്തിപ്പെടുത്തണമെന്ന് ആഹ്വാനം ചെയ്താണ് സിപിഐഎ ജനറല്‍ സെക്രട്ടറിയുടെ സ്റ്റാറ്റസ് അവസാനിക്കുന്നതും.

You must be logged in to post a comment Login