ഹൃദയം നിലച്ചിട്ട് രണ്ട് വര്‍ഷം; ഒടുവില്‍ പുതിയ ഹൃദയം

ബ്രിട്ടീഷുകാരനായ മാത്യു ഗ്രീനിന്റെ ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലച്ചത് രണ്ട് വര്‍ഷം മുന്‍പാണ്. രണ്ട് വര്‍ഷം കൃത്രിമ ഹൃദയവുംമായി ജീവിതം വിജയകരമായി ജീവിച്ച് റെക്കോഡിട്ട അദ്ദേഹത്തിന് ഒടുവില്‍ പുതിയ ഹൃദയം ലഭിച്ചു.

കേംബ്രിഡ്ജ്‌ഷെയറിലെ പാപ്‌വര്‍ത്ത് ആശുപത്രിയിലാണ് ഹൃദയമാറ്റ ശസ്ത്രക്രിയ നടന്നത്.ഇത് തന്റെ മൂന്നാം ജന്മമാണെന്നാണ് മാത്യു ഗ്രീന്‍ ഹൃദയശസ്ത്രക്രിയക്ക് ശേഷം പറഞ്ഞത്.

മാത്യു ഗ്രീനിന്റെ ഹൃദയം നിലയ്ക്കുന്നത് 2011 ജൂലൈയിലാണ് .തുടര്‍ന്ന് വൈദ്യശാസ്ത്രത്തെപ്പോലും അമ്പരിപ്പിച്ചുകൊണ്ട് കൃത്രിമ ഹൃദയത്തില്‍ വിജയകരമായി അദ്ദേഹം രണ്ട് വര്‍ഷം പൂര്‍ത്തിയാക്കി. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന കൃത്രിമ ഹൃദയം ഒരു ബാഗിലാക്കി പുറത്തിട്ട് അദ്ദേഹം വീടിന് പുറത്തേക്കും പോയിരുന്നു. ഒരു സമയം പരമാവധി മൂന്ന് മണിക്കൂര്‍ മാത്രമാണ് മാത്യു ഗ്രീനിന് ഇങ്ങനെ പോകാന്‍ കഴിഞ്ഞിരുന്നത്.

ആറടി മൂന്നിഞ്ചു കാരനായ ഗ്രീനിന് ആരോഗ്യമുള്ള ഹൃദയം ലഭിക്കുന്നതിന് സമാനമായ ശരീര വലിപ്പമുള്ള ഒരു ദാതാവിനെ ആവശ്യമായിരുന്നു. അതിനായുള്ള കാത്തിരിപ്പാണ് രണ്ട് വര്‍ഷത്തോളം നീണ്ടത്. കഴിഞ്ഞ മാസത്തില്‍ മാത്രമാണ് ഗ്രീനിന് അത്തരത്തിലുള്ള ഒരു ദാതാവിനെ ലഭിച്ചത്.

 

 

 

You must be logged in to post a comment Login