ഹെലനു ശേഷം ‘കപ്പേള’യുമായി അന്ന ബെൻ: ട്രെയിലർ കാണാം

ഹെലൻ എന്ന സിനിമക്ക് ശേഷം യുവനടി അന്ന ബെൻ നായികയായ ‘കപ്പേള’യുടെ ട്രെയിലർ പുറത്തിറങ്ങി. മില്ലേനിയം ഓഡിയോസിൻ്റെ യൂട്യൂബ് ചാനലിലാണ് ട്രെയിലർ പ്രത്യക്ഷപ്പെട്ടത്. ഒരു മിനിട്ടാണ് ട്രെയിലറിൻ്റെ ദൈർഘ്യം. ഈ മാസം 28ന് ചിത്രം പുറത്തിറങ്ങും.

പ്രണയത്തിൻ്റെ പശ്ചാത്തലത്തിൽ ചില ഗൗരമായ വിഷയങ്ങൾ കൂടി സിനിമ സംസാരിക്കാൻ ശ്രമിക്കുന്നുണ്ടെന്ന സൂചന ട്രെയിലർ നൽകുന്നുണ്ട്. സദാചാര പൊലീസിംഗ് ഉൾപ്പെടെയുള്ള ചിലത് സിനിമ പറഞ്ഞേക്കുമെന്ന തോന്നലും ട്രെയിലർ ഉണ്ടാക്കുന്നു.

ദേശീയ പുരസ്കാരം നേടിയ നടൻ മുഹമ്മദ് മുസ്തഫ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കപ്പേള. റോഷൻ മാത്യു ആണ് അന്ന ബെനിൻ്റെ നായകനായി ചിത്രത്തിൽ എത്തുന്നത്. ശ്രീനാഥ് ഭാസിയാണ് പ്രതിനായകൻ. സുധി കോപ, തൻവി റാം, നിഷ സാരംഗ്, നവാസ് വള്ളിക്കുന്ന് തുടങ്ങി ഒരുപിടി അഭിനേതാക്കളും ചിത്രത്തിൽ വേഷമിടും.

കഥാസ് അൺടോൾഡിൻ്റെ ബാനറിൽ വിഷ്ണു വേണുവാണ് ചിത്രം നിർമ്മിക്കുന്നത്. സുധാസ്, നിഖിൽ വാഹിദ് എന്നിവർക്കൊപ്പം സംവിധായകൻ കൂടിയായ മുഹമ്മദ് മുസ്തഫയും ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. ജിംഷി ഖാലിദ് ക്യാമറ ചലിപ്പിക്കുമ്പോൾ സുഷിൻ ശ്യാം പശ്ചാത്തല സംഗീതം നിർവഹിക്കും. എഡിറ്റ്- നൗഫൽ അബ്ദുള്ള.

You must be logged in to post a comment Login