ഹെലന്‍:  പ്രതിസന്ധിയില്‍ വിരിയുന്ന നല്ലപാഠം

 

ലിന്‍സി ഫിലിപ്പ്‌


ഹെലന്‍ മനസ്സില്‍ നന്മ വിരിയിക്കുന്ന കഥാപാത്രമാണ്. ജീവിതഗന്ധിയായ ഒരു നല്ല കുടുംബ ചിത്രമാണ്. സാമൂഹ്യമായ ‘ ചില ചര്‍ച്ചാ വലയങ്ങളും സംവിധായകന്‍ സൃഷ്ടിക്കുന്നു. ചിത്രത്തിന്റെ പേര് ആദ്യം എഴുതി കാണിക്കുന്നില്ലെന്നള്ളത് ശ്രദ്ധേയമാണ്. ആഖ്യാന രീതിയില്‍ കഥ പറഞ്ഞു തുടങ്ങുന്നെന്ന് തോന്നുമെങ്കിലും അങ്ങനെയല്ലെന്നുള്ളതാണ് യാഥാര്‍ത്ഥ്യം. എല്‍ഐസി ആഫിസറായ അച്ഛന്റെ മകളായിട്ടാണ് ലൈന്‍ എത്തുന്നത്. പഠിപ്പിനൊപ്പം ജോലി ചെയ്യാന്‍ സമയം കണ്ടെത്തി സ്വന്തം കാലില്‍ നില്‍ക്കുന്ന ഒരു യുവ തലമുറയുടെ പ്രതീകമാണ് ഈ കഥാപാത്രം.

ഹെലന്‍ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന ഒരു മനോഹര ചിത്രമാണ്. വിദേശത്തേക്ക് പോയി വീടിന്റെ പേരിലുള്ള കടങ്ങള്‍ തീര്‍ത്ത് തന്റെ പിതാവുമൊത്ത് സന്തോഷകരമായ ഒരു ജീവിതം സ്വപ്‌നം കാണുന്ന ഒരു പെണ്‍കുട്ടി. ഹെലനിലെ അച്ഛനും മകളും ഒരുമിച്ചുള്ള രംഗങ്ങള്‍ അത്ര പെട്ടെന്ന് മനസ്സില്‍ നിന്നും മായില്ല. അസറിനെ പ്രണയിക്കുന്ന കാര്യം ഹെലന്‍ പിതാവില്‍ നിന്നും മറച്ചു വയ്ക്കുന്നു. എങ്കിലും അവള്‍ നന്മയുടെ പ്രതീകമായതിനാല്‍ ആ പ്രണയത്തില്‍ കുറ്റം പറയുവാന്‍ ഒരിക്കലും സാധിക്കില്ല. അറിയാതെയെങ്കിലും കണ്ടിരിക്കുന്ന നമ്മുക്കാ പ്രണയത്തോട് അനുഭാവം തോന്നി പോകും.

എന്നാല്‍, പിതാവ് ഇക്കാര്യം അറിയുന്നത് പൊലീസ് സ്റ്റേഷനില്‍ വച്ചായിരുന്നു. പിതാവിനെ ഈ വാര്‍ത്ത വല്ലാതെ തളര്‍ത്തി. ചെറുപ്രായത്തിലെ തന്നെ ഈ പിതാവും മകളും തമ്മിന്‍ നല്ല ഒരു ആത്മബന്ധം ഉണ്ടായിരുന്നു. പൊലീസ് സ്റ്റേഷനില്‍ നിന്നാണ് ഹെലന്റെ കഥാഗതി മാറുന്നത്. വീട്ടിലേക്ക് വരുവാനും പിതാവിനോട് എല്ലാം തുറന്നു പറയാതിരുന്നതിനെയും നായിക വേദനയോടെയാണ് അതിജീവിച്ചത്. ഇതിനിടെയില്‍ സംഭവിക്കുന്ന ഒരു അപകടത്തിന്റെ മധ്യത്തിലും രക്ഷപ്പെടാന്‍ ശ്രമിക്കുന്ന സമര്‍ത്ഥയായ കഥാപാത്രമാണ് ഹെലന്‍. പ്രതിസന്ധി വന്ന് തളര്‍ന്ന പോകാത്ത യുവത്വം. ചിന്തിച്ചുണര്‍ന്നു പ്രവര്‍ത്തിക്കുന്ന ചെലനെ നിറഞ്ഞ കൈയ്യടിയോടെയാണ് പ്രേക്ഷകര്‍ ഏറ്റുവാങ്ങിയത്. തന്റെ അപകടത്തില്‍ നിന്നും സ്വയം രക്ഷ നേടാന്‍ അതിയായി ശ്രമിച്ച ഹെലന്‍ ഇക്കാലത്തെ പെണ്‍കുട്ടികള്‍ക്ക് മാതൃകയാവുന്നു.

മാടമ്പി പൊലീസുകാരനായ അജു വര്‍ഗ്ഗീസിന്റെ കാഴ്ചപ്പാട് ചോദ്യംചെയ്യപ്പെടുന്നു. നന്മ നിറഞ്ഞ കഥാപാത്രമായി ഒരു പ്രത്യേക രംഗത്തിലെത്തുന്ന ശ്രീനിവാസന്റെ ബുദ്ധിപൂര്‍വ്വമായ നീക്കമാണ് കഥയുടെ ക്ലൈമാക്‌സിലേക്ക് കൊണ്ടെത്തിക്കുന്നത്. പൊലീസുകാര്‍ എങ്ങനെയാവാന്‍ പാടില്ലെന്നും എങ്ങനെ കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്നും ഈ ചിത്രം കാട്ടി തരുന്നു.

ചിത്രത്തില്‍ വില്ലന്‍ കഥാപാത്രമായി എത്തുന്നത് സാഹചര്യമാണ്. ആ സാഹചര്യത്തെ ചെറുത്തു തോല്‍പ്പിക്കാന്‍ മനസ്സു കാട്ടുന്ന നന്മമയുടെ കെടാ വിളക്കാണ് ഹെലന്‍. മകളെ നിലത്തു നോക്കി പഠിപ്പിക്കരുത്, മറിച്ച മുഖത്ത് നോക്കി നടക്കുവാന്‍ പഠിപ്പിക്കണമെന്നും അതാണ് ജീവിതത്തിലെ പ്രതിസന്ധിയില്‍ തളരാതെ നില്‍ക്കുവാന്‍ ധൈര്യം നല്‍കുന്നതെന്നുമുള്ള നല്ല സന്ദേശമാണ് ചിത്രം സമൂഹത്തിന് സമ്മാനിക്കുന്നത്.

കുമ്പളങ്ങി നൈറ്റ്‌സിലെ നായികയായ അന്നാ ബെന്നാണ് ഹെലന്‍. ലാല്‍, നോബിള്‍ തോമസ്, റോണി ഡേവിഡ്, ബിനു പപ്പു തുടങ്ങിയവരും മുഖ്യ കഥാപാത്രമായി എത്തുന്നു. മാത്തുക്കുട്ടി സേവ്യരാണ് ചിത്രത്തിന്റെ സംവിധായകന്‍. നോബിള്‍ ബാബു തോമസ്, മാത്തുക്കുട്ടി സേവ്യര്‍, ആല്‍ഫ്രഡ് കുര്യന്‍ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്.

You must be logged in to post a comment Login