ഹൈക്കോടതിയില്‍ മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി

pinarayiതിരുവനന്തപുരം: മാധ്യമങ്ങള്‍ക്ക് ഹൈക്കോടതിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമപ്രവര്‍ത്തകര്‍ക്കു കോടതിയില്‍ പോകാനുള്ള സ്വാതന്ത്ര്യം തടസ്സപ്പെട്ടുകൂടാ, അവരെ തടസ്സപ്പെടുത്തുന്നതിനോട് യോജിക്കാനാവില്ല. തടസ്സപ്പെടുത്താനിറങ്ങുന്ന അഭിഭാഷകര്‍ തങ്ങള്‍ ചെയ്യുന്നതിലെ ശരിയില്ലായ്മ മനസ്സിലാക്കണം. അതില്‍നിന്നും പിന്തിരിയണം. സ്വതന്ത്രവും നിര്‍ഭയവുമായ മാധ്യമസ്വാതന്ത്ര്യത്തിനു തടസമുണ്ടാക്കുന്ന ഒന്നും തന്നെ അനുവദിച്ചുകൊടുക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയില്‍വെച്ച് വിവിധ മാധ്യമ സ്ഥാപനങ്ങളുടെ മേധാവികളുമായി നടത്തിയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാടിന്റെ യശസ്സിനെ പ്രതികൂലമായി ബാധിക്കുന്ന തലത്തിലേക്ക് അഭിഭാഷകമാധ്യമ പ്രശ്‌നം വഷളാകുന്നത് അനുവദിക്കാനാവില്ല. ദേശീയ അന്തര്‍ദേശീയ സമൂഹത്തിന്റെ ശ്രദ്ധയില്‍പെടും വിധം മാധ്യമ അഭിഭാഷക ബന്ധം കലുഷമാവുന്നത് കേരളത്തിന്റെ സല്‍കീര്‍ത്തിയെത്തന്നെ ബാധിക്കും. അറിയാനും അഭിപ്രായം പ്രകടിപ്പിക്കാനുമുള്ള സ്വാതന്ത്ര്യത്തിനു തടസ്സമുള്ള നാട് എന്നു കേരളം ലോകരംഗത്ത് അറിയപ്പെടുന്നത് കേരളീയര്‍ക്ക് അഭിമാനം നല്‍കുന്ന കാര്യമല്ല. എല്ലാ അര്‍ഥത്തിലും സ്വതന്ത്രവും ന്യായയുക്തവും നിര്‍ഭയവുമായി പ്രവര്‍ത്തിക്കാനുള്ള എല്ലാ അന്തരീക്ഷവും നിലനില്‍ക്കുന്ന സംസ്ഥാനം, സത്യവിരുദ്ധമായ നിലയില്‍ ചിത്രീകരിക്കപ്പെട്ടുകൂടാ. ഇതു ബന്ധപ്പെട്ടവരൊക്കെ മനസ്സിലാക്കണം.

നേരത്തെ ചില പ്രശ്‌നങ്ങളുണ്ടായി. അതില്‍ വൈകാരികമായ പ്രതികരണങ്ങളുണ്ടായി. എന്നാല്‍, എന്നും അതേ തരത്തിലേ പ്രതികരിക്കൂ എന്ന നിലപാട് ആര്‍ക്കും നല്ലതല്ല. അങ്ങനെ നിലപാടെടുക്കുന്നതു പൊതുസമൂഹത്തിന് അംഗീകരിക്കാനാവില്ല. ഗവണ്‍മെന്റിനും അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

You must be logged in to post a comment Login