ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി കന്യാസ്ത്രീയുടെ ബന്ധുക്കള്‍; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കൂടുതല്‍ കന്യാസ്ത്രീകള്‍; രണ്ട് പേര്‍ തിരുവസ്ത്രം ഉപേക്ഷിച്ചെന്ന് കന്യാസ്ത്രീകളുടെ മൊഴി

കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി കന്യാസ്ത്രീയുടെ ബന്ധുക്കള്‍. തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കും.

ബിഷപിനെതിരായ നടപടികൾ വൈകുന്നതിൽ പ്രതിഷേധിച്ചാണ് കന്യാസ്ത്രീ കോടതിയെ സമീപിക്കുന്നത്.  പരാതിക്കാരിയുടെ മൊഴി പലവട്ടം എടുത്തിട്ടും ബിഷപ്പിനെ അന്വേഷണ സംഘം ചോദ്യം ചെയ്തത് ഒരു തവണ മാത്രമാണ്. നടപടി വൈകുന്നതിനാൽ കന്യാസ്ത്രീ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണെന്നാണു വിവരം.

അതേസമയം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കൂടുതല്‍ കന്യാസ്ത്രീകള്‍ രംഗത്തെത്തി. ബിഷപ് പലതവണ മോശമായി സ്പർശിച്ചെന്നു സഭ വിട്ട കന്യാസ്ത്രീമാർ‌ മൊഴി നല്‍കി. ബലമായി ആലിംഗനം ചെയ്തു. ജലന്ധർ മഠത്തിൽ വച്ചു കയറിപ്പിടിച്ചെന്നും കന്യാസ്ത്രീകൾ മൊഴി നൽകി. രണ്ട് പേര്‍ തിരുവസ്ത്രം ഉപേക്ഷിച്ചെന്നും കന്യാസ്ത്രീകളുടെ മൊഴിയിലുണ്ട്. അതേസമയം, പരാതി ലഭിച്ച വിവരം സ്ഥിരീകരിക്കാൻ ഭഗൽപൂർ ബിഷപ്പിന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും.

You must be logged in to post a comment Login