ഹൈദരാബാദ് പീഡനക്കേസ്; ഞെട്ടൽ രേഖപ്പെടുത്തി പാർലമെന്റ്; കുറ്റക്കാർക്കെതിരെ ശക്തമായ നടപടി വേണമെന്ന് പ്രതിപക്ഷം; അതിക്രമം തടയാൻ പുതിയ നിയമം കൊണ്ടുവരേണ്ടതില്ലെന്ന് ഉപരാഷ്ട്രപതി

ഹൈദരാബാദിൽ വനിതാ വെറ്ററിനറി ഡോക്ടറെ നാലുപേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം ചർച്ച ചെയ്ത് പാർലമെന്റിലെ ഇരു സഭകളും. ലോകസഭയും രാജ്യസഭയും സംഭവത്തിൽ ഞെട്ടൽ രേഖപ്പെടുത്തി. കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി വേണമെന്നും രാജ്യത്തെ ക്രമസമാധാന നില ശോചനീയമാണെന്നും അംഗങ്ങൾ പറഞ്ഞു.

കുറ്റക്കാർക്കെതിരെ ശക്തമായ നടപടി വേണമെന്ന് എൻസിപി, ജെഡിയു, ആം ആദ്മി പാർട്ടികൾ ആവശ്യപ്പെട്ടു. സമൂഹം മുഴുവൻ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയാൻ ഒരുമിക്കണമെന്ന് കോൺഗ്രസും വ്യക്തമാക്കി. കോൺഗ്രസ് എംപിമാർ പാർലമെന്റിന് പുറത്ത് പ്രതിഷേധിച്ചു.

സ്ത്രീകൾക്കെതിരായ അതിക്രമം തടയാൻ പുതിയ നിയമം കൊണ്ടുവരേണ്ടത്തില്ലെന്നും ഇപ്പോഴത്തെ നിയമം ശക്തമായി നടപ്പിലാക്കുകയാണ് വേണ്ടതെന്നും പ്രതികൾ കരുണ അർഹിക്കുന്നില്ലെന്നും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പറഞ്ഞു.

ബുധനാഴ്ച രാത്രിയാണ് ബെംഗളൂരു-ഹൈദരാബാദ് ദേശീയപാതയ്ക്ക് സമീപം രംഗറെഡ്ഡി ജില്ലയിൽ ഷംഷാബാദിലുള്ള ടോൾബൂത്തിന് സമീപം 26കാരിയായ വെറ്റനറി ഡോക്ടറെ നാലുപേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. ലോറി ഡ്രൈവറായ മുഹമ്മദ് ആരിഫ്, ജോളു നവീൻ (ക്ലീനർ), ചെന്ന കേശവുലു (ക്ലീനർ), ജോളു ശിവ (ഡ്രൈവർ) എന്നിവർ ചേർന്നാണ് യുവതിയെ ആക്രമിച്ചത്.

നാരായൺപേട്ട് സ്വദേശികളായ ഇവർ, വൈകുന്നേരം 6.15ന് ടോൾപ്ലാസയിൽ സ്‌കൂട്ടർ നിർത്തുന്നത് കണ്ട യുവതിയെ ലൈംഗീകമായി ആക്രമിക്കാൻ പദ്ധതിയിടുകയായിരുന്നു. ഇതേ തുടർന്ന് ഇവർ പെൺകുട്ടിയുടെ വാഹനം ആസൂത്രിതമായി പഞ്ചറാക്കി. രാത്രി ഒമ്പത് മണിയോടെ കല്ല് നിറച്ച് ട്രക്കുമായി എത്തിയ ആരിഫും ശിവയും എത്തി, കല്ലിറക്കുന്നത് വൈകിയതിനാൽ ഇവർ പെൺകുട്ടിക്കായി ടോൾ പ്ലാസയിൽ കാത്തു നിന്നു.

പെൺകുട്ടി എത്തിയപ്പോൾ ഇവർ വാഹനത്തിന്റെ ടയർ പഞ്ചറായ വിവരം പെൺകുട്ടിയുടെ ശ്രദ്ധയിൽപ്പെടുത്തി സഹായ വാഗ്ദാനവും ചെയ്തു. വാഹനം ശരിയാക്കാൻ എന്ന വ്യാജേന കുറച്ചു ദൂരം മുന്നോട്ട് പോയ ശേഷം കടകൾ തുറന്നില്ലെന്ന് കള്ളം പറഞ്ഞു. ഈ സമയത്ത് പെൺകുട്ടി സഹോദരിയെ ഫോണിൽ വിളിച്ച വിവരം അറിയിച്ചു. സംഭാഷണം നിർത്തിയ ശേഷം പെൺകുട്ടിയെ പ്രതികൾ ആളൊഴിഞ്ഞ പ്രദേശത്തേക്ക് തള്ളിയിട്ട് ബലാൽസംഗം ചെയ്തു. ശേഷം 9.45 ഓടെ പ്രതികൾ പെൺകുട്ടിയുടെ ഫോൺ ഓഫ് ചെയ്തു.

10.20 ന് പെൺകുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ഇവർ മൃതദേഹം വാഹനത്തിനുള്ളിൽ സൂക്ഷിച്ചു. വാഹനത്തിന്റെ നമ്പർ പ്ലേറ്റ് ഊരിമാറ്റിയ ശേഷം ഇവർ കടന്നുകളയുകയായിരുന്നു. രാത്രി ഏറെ വൈകി പെട്രോൾ അന്വേഷിച്ച് നടന്ന പ്രതികൾ 2.30ഓടെയാണ് മൃതദേഹം കത്തിക്കുന്നത്.

You must be logged in to post a comment Login