ഹൈദരാബാദ് പീഡനക്കേസ് പ്രതികളെ വെടിവച്ചുകൊന്ന സംഭവം: കുറ്റം തെളിയിച്ച ശേഷമാകണം ശിക്ഷ, ഇങ്ങനെയല്ല നീതി നടപ്പാക്കേണ്ടെതെന്ന് ജസ്റ്റിസ് കമാൽ പാഷ

ഹൈദരാബാദിൽ ഡോക്ടറെ ബലാത്സംഗം ചെയ്തു കത്തിച്ചുകൊലപ്പെടുത്തിയ കേസിലെ നാലു പ്രതികളെയും പൊലീസുകാർ വെടിവച്ചു കൊന്നതിൽ പ്രതികരണമറിയിച്ച് ജസ്റ്റിസ് കമാൽ പാഷ. ഇങ്ങനെയായിരുന്നില്ല നീതി നടപ്പാക്കേണ്ടെതെന്ന് അദ്ദേഹം പറഞ്ഞു.

ഇത് ഏറ്റുമുട്ടലാണെന്ന് വിശ്വസിക്കുന്നില്ല. ഇങ്ങനെയായിരുന്നില്ല നീതി നടപ്പിലാക്കേണ്ടത്. നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷയായ വധശിക്ഷയാണവർക്ക് കൊടുക്കേണ്ടത്.

എല്ലാവരുമാഗ്രഹിക്കുന്ന ശിക്ഷയാണിപ്പോൾ ലഭിച്ചിരിക്കുന്നത്. പക്ഷെ വിചാരണ ചെയ്ത് കുറ്റം തെളിയിച്ച ശേഷമായിരുന്നു ശിക്ഷ നൽകേണ്ടിയിരുന്നത്.

ജനങ്ങൾ വൈകാരികമായി പ്രതികരിക്കുന്ന പോലെയാണ് തെലങ്കാന പൊലീസ് ചെയ്തതും. ഇത് പരിഷ്‌കൃത സമൂഹത്തിന് ചേർന്നതല്ലെന്നും ജസ്റ്റിസ് കമാൽ പാഷ.

നീതിന്യായ വ്യവസ്ഥക്കും നിയമവാഴ്ചക്കുമെതിരെയാണ് ഇത്തരത്തിലുള്ള നടപടി. ഏറ്റുമുട്ടലായിരുന്നുവെങ്കിൽ പൊലീസിന് കാലിന് വെടിവക്കാമായിരുന്നു.

പൊലീസിന് വിചാരണ നടത്തി ശിക്ഷ വിധിക്കാൻ അനുമതി നൽകിയ പോലെയായി ഈ സംഭവം. അതേ സമയത്ത് നീതിന്യായ വ്യവസ്ഥ പരാജയപ്പെടുന്ന സാഹചര്യങ്ങളുമുണ്ട്. അപ്പോഴാണ് പ്രതികൾ ജയിലിൽ നമ്മുടെ ചെലവിൽ തടിച്ച് കൊഴുത്ത് കഴിയുന്ന അവസ്ഥയുണ്ടാകുന്നത്. ഇതിൽ പരാതിയുള്ള ആളാണ് താനുമെന്നും അദ്ദേഹം പറഞ്ഞു.

പ്രതികൾ കസ്റ്റഡിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വെടിവയ്ക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. തെളിവെടുപ്പിനിടെ ഇവർ പൊലീസിനെ ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. ഇന്ന് പുലർച്ചെ 3.30ഓടെയാണ് സംഭവം.

യുവതിയെ തീവച്ചുകൊന്ന ലോറി ഡ്രൈവർ മുഹമ്മദ് ആരിഫ്, ക്ലീനിംഗ് തൊഴിലാളികളായ ജൊല്ലു ശിവ, ജൊല്ലു നവീൻ, ചന്നകേശവലു എന്നിവരെയാണ് വെടിവച്ചുകൊന്നത്. കൊല്ലപ്പെട്ട പ്രതികളുടെ മൃതദേഹം ഷാഡ്‌നഗർ സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

You must be logged in to post a comment Login