ഹൈബ്രിഡായി മൈലേജ് കൂട്ടി ബലേനൊ

 baleno-rs-concept-jpg-image-784-410

മാരുതിയുടെ പ്രീമിയം ഹാച്ച്ബാക്കായ ബലേനൊ ഹൈബ്രിഡാകുന്നു. നേരത്തെ മാരുതി സിയാസ്, എർടിഗ തുടങ്ങിയ വാഹനങ്ങളിൽ പരീക്ഷിച്ച് വിജയിച്ച എസ്എച്ച്‌വിഎസ് മിഡ് ഹൈബ്രിഡ് സിസ്റ്റം തന്നെയാകും ബലേനൊയിലും കമ്പനി ഉപയോഗിക്കുക. 1.3 ലീറ്റർ ഡീസൽ എൻജിൻ ഹൈബ്രിഡ് സാങ്കേതിക വിദ്യ ഉപയോഗിച്ചാൽ ഇന്ധനക്ഷമത ഉയർന്ന് ലീറ്ററിന് 27.39 കിലോമീറ്ററാകും എന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. എന്നാൽ രാജ്യാന്തര വിപണിയിലേക്കുള്ള ഹൈബ്രിഡ് പതിപ്പ് പുറത്തിറങ്ങിയതിന് ശേഷം മാത്രമേ ഇന്ത്യൻ പതിപ്പ് വിപണിയിലെത്തുകയുള്ളു. കമ്പനി ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങൾ നടത്തിയിട്ടില്ലെങ്കിലും അടുത്തവർഷം വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മാരുതിയുടെ പ്രീമിയം ഡീലർഷിപ്പ് നെക്സയിലൂടെ മാത്രം ലഭ്യമാകുന്ന ബലേനൊ ഹാച്ച്ബാക്കിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇന്ത്യയിൽ നിർമിച്ചു ജപ്പാനിൽ വിൽക്കുന്ന ആദ്യകാർ എന്ന ബഹുമതി സ്വന്തമാക്കിയ ബലേനോ, നേരത്തെ ഒരു ലക്ഷം യൂണിറ്റുകളുടെ വിൽപ്പന എന്ന അഭിമാനാർഹ നേട്ടവും കൈവരിച്ചിരുന്നു. ഇന്ത്യൻ വിപണിയിലെ പ്രീമിയം കോംപാക്ട് ഹാച്ച്ബാക്ക് വിപണിയിൽ ഹ്യൂണ്ടായ് ‘ഐ 20’, ഹോണ്ട ‘ജാസ്’, ഫോക്സ്വാഗൻ ‘പോളോ’ എന്നിവയോട് ഏറ്റുമുട്ടുന്ന ബലേനോയുടെ പെട്രോൾ, ഡീസൽ വകഭേദങ്ങൾ ലഭ്യമാണ്. 1.2 ലീറ്റർ പെട്രോൾ എൻജിന് പരമാവധി 83 ബി എച്ച് പി കരുത്തും 115 എൻ എം ടോർക്കുമുണ്ട്. 1.3 ലീറ്റർ ഡീസൽ എൻജിനാവട്ടെ പരമാവധി 74 ബി എച്ച് പി കരുത്തും 190 എൻ എം ടോർക്കുമാണു സൃഷ്ടിക്കുക. പെട്രോൾ എൻജിനൊപ്പം അഞ്ചു സ്പീഡ് മാനുവൽ, സി വി ടി ഗീയർബോക്സുകളാണുള്ളത്. ഡീസൽ എൻജിനു കൂട്ട് മാനുവൽ ഗീയർബോക്സ് മാത്രം. ഡീസൽ എൻജിനു ലീറ്ററിന് 27.39 കിലോമീറ്ററും പെട്രോൾ എൻജിന്‍ ലീറ്ററിന് 21.4 കിലോമീറ്ററുമാണ് മാരുതി സുസുക്കി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത.

എൽ ഇ ഡി സഹിതമുള്ള റിയർ കോമ്പിനേഷൻ ലാംപ്, ബോഡി കളേഡ് ഡോർ ഹാൻഡിൽ, ഔട്ടർ റിയർവ്യൂ മിറർ, ബംപർ, ഇ ബി ഡിയും എ ബി എസും, ഇരട്ട എയർബാഗ്, മുൻ സീറ്റ് ബെൽറ്റ് പ്രീ ടെൻഷനറും ഫോഴ്സ് ലിമിറ്ററും ആന്റി തെഫ്റ്റ് സെക്യൂരിറ്റി സിസ്റ്റം എന്നിവയൊക്കെ ‘ബലേനൊ’യുടെ വിവിധ വകഭേദങ്ങളിൽ ലഭ്യമാണ്.

You must be logged in to post a comment Login