ഹോക്കി ലോകകപ്പ്: സെമിയിലെത്താൻ ഇന്ത്യ ഇന്ന് നെതർലൻഡ്സിനെതിരെ

ഭുവനേശ്വർ: നാല് പതിറ്റാണ്ടിന്റെ ചരിത്രം തിരുത്തിയെഴുതാൻ ലോകകപ്പ് ഹോക്കിയിൽ ഇന്ത്യ ഇന്ന് ഇന്നിറങ്ങും. ക്വാർട്ടർ പോരാട്ടത്തിൽ നെതർലൻഡ്സാണ് ഇന്ത്യയുടെ എതിരാളികൾ. 1975ന് ശേഷം ഒരിക്കൽ പോലും ഇന്ത്യ ലോകകപ്പിന്റെ സെമിയിൽ എത്തിയിട്ടില്ല എന്ന ചീത്ത പേര് തിരുത്തിയെഴുതാനാകും ഇന്ത്യൻ പുരുഷന്മാർ ഇന്ന് ഹോക്കി സ്റ്റിക്കേന്തുക.

ഭുവനേശ്വറിലെ കലിങ്ക സ്റ്റേഡിയത്തിൽ രാത്രി ഏഴ് മണിക്കാണ് മത്സരം. സ്വന്തം തട്ടകത്തിൽ നടക്കുന്ന പോരാട്ടത്തിൽ ജയത്തിൽ കുറഞ്ഞതൊന്നും ഇന്ത്യ പ്രതീക്ഷിക്കുന്നില്ല. സ്റ്റേഡിയത്തിൽ തിങ്ങി നിറയുന്ന ഇന്ത്യൻ ആരാധകരെ സാക്ഷിയാക്കി ഇത്തവണ നീല ടർഫിലെ കിരീടം മാത്രമാണ് ഇന്ത്യ ലക്ഷ്യം വയ്ക്കുന്നത്.

കരുത്തന്മാരുടെ ഗ്രൂപ്പിൽ നിന്നും ചാമ്പ്യന്മാരായാണ് ഇന്ത്യ ക്വാർട്ടർ ബെർത്ത് ഉറപ്പിച്ചത്. ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഇന്ത്യ ടൂർണമെന്റിന് തുടക്കം കുറിച്ചത്. രണ്ടാം മത്സരത്തിൽ കരുത്തരായ ബെൽജിയത്തെ സമനിലയിൽ തളച്ച ഇന്ത്യ മൂന്നാം മത്സരത്തിൽ വീണ്ടും ശക്തി തെളിയിച്ചു. കാനഡയെ ഒന്നിനെതിരെ അഞ്ച് ഗോളിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.

എന്നാൽ ക്വാർട്ടറിലെ ഇന്ത്യൻ എതിരാളികളെ നിസാരരായി കാണാൻ സാധിക്കുകയില്ല. കണക്കിലെ കളിയിൽ ഏറെ മുന്നിലാണ് ഡച്ച് പട. ലോകകപ്പിൽ ഇതുവരെ ഏറ്റുമുട്ടിയത് ആറ് മത്സരങ്ങളിൽ, അഞ്ചിലും ജയം ഡച്ചുകാർക്കൊപ്പം. ഒരു മത്സരം സമനിലയിൽ അവസാനിക്കുകയും ചെയ്തു. അതേസമയം ഈ വർഷം നടന്ന ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ നെതർലൻഡ്സിനെ സമനിലയിൽ തളച്ചിരുന്നു.

You must be logged in to post a comment Login