ഹോണ്ട നിരയില്‍ പുതുമുഖതാരം ഡബ്യൂആര്‍-വി ഒന്നാമന്‍

 

ഏറെ പ്രതീക്ഷയോടെ സബ്‌കോംപാക്ട് എസ്.യു.വി ശ്രേണിയില്‍ ഹോണ്ട മോട്ടോഴ്‌സ് അടുത്തിടെ പുറത്തിറക്കിയ മോഡലാണ് ഡബ്യുആര്‍വി. ചുരുങ്ങിയ ദിവസങ്ങള്‍ക്കകം കമ്പനിയുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ ഡബ്യുആര്‍വിക്ക് കഴിഞ്ഞു. കഴിഞ്ഞ മാസത്തെ വില്‍പ്പനയില്‍ ഹോണ്ട നിരയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിച്ച മോഡലാണ് ഡബ്യുആര്‍വി. ജൂലൈയില്‍ ജാപ്പനീസുകാരായ ഹോണ്ട ഇന്ത്യയില്‍ ആകെ വിറ്റഴിച്ച 17,085 യൂണിറ്റില്‍ 4894 യൂണിറ്റും ഡബ്യുആര്‍വിയാണ്.

വിപണിയില്‍ ഡബ്യുആര്‍വി നല്‍കിയ കുതിപ്പില്‍ 2016 ജൂലൈ മാസത്തെ അപേക്ഷിച്ച് കഴിഞ്ഞ മാസത്തെ വില്‍പ്പനയില്‍ 22 ശതമാനത്തിന്റെ വര്‍ധന ഹോണ്ട മോട്ടോഴ്‌സ് നേടിയിരുന്നു. ജൂണില്‍ ഏറ്റവും വില്‍പ്പനയുള്ള ആദ്യ അഞ്ച് യൂട്ടിലിറ്റി വാഹന പട്ടികയില്‍ ഇടംനേടാനും ഡബ്യുആര്‍വിക്ക് കഴിഞ്ഞിരുന്നു. കരുത്തുറ്റ രൂപം, മികച്ച സൗകര്യമുള്ള അകത്തളം, ഇന്ധനക്ഷമത, താരതമ്യേന കുറഞ്ഞ വില എന്നിവ വളരെ പെട്ടെന്ന് വിപണി പിടിക്കാന്‍ ഹോണ്ട ഡബ്യുആര്‍വിയെ സഹായിച്ചു.

പെട്രോള്‍-ഡീസല്‍ എന്‍ജിനുകളിലാണ് ഡബ്യുആര്‍വി നിരത്തിലുള്ളത്. 1.2 ലിറ്റര്‍ iVTEC പെട്രോള്‍ എന്‍ജിന്‍ 6000 ആര്‍പിഎമ്മില്‍ 89 ബിഎച്ച്പി കരുത്തും 4500 ആര്‍പിഎമ്മില്‍ 110 എന്‍എം ടോര്‍ക്കുമേകും. 1.5 ലിറ്റര്‍ iDTEC ഡീസല്‍ എന്‍ജിന്‍ 3600 ആര്‍പിഎമ്മില്‍ 99 ബിഎച്ച്പി കരുത്തും 1750 ആര്‍പിഎമ്മില്‍ 200 എന്‍എം ടോര്‍ക്കുമേകും. ഹോണ്ട നിരയില്‍ 4854 യൂണിറ്റ് വില്‍പ്പനയോടെ മുഖംമിനുക്കിയെത്തിയ പുതിയ സിറ്റി വില്‍പ്പനയില്‍ രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ ജാസ് ഹാച്ച്ബാക്ക്, അമേസ് എന്നിവ യഥാക്രമം മൂന്നും നാലും സ്ഥാനത്തെത്തി.

You must be logged in to post a comment Login