ഹോണ്ട സ്‌കൂട്ടര്‍ ഇനി ക്ലാസിക് ലുക്കില്‍; പുതിയ ഹോണ്ട സ്‌കൂപ്പി ഇന്ത്യന്‍ വിപണി കീഴടക്കാനെത്തുന്നു

ഹോണ്ട സ്‌കൂട്ടര്‍ എന്ന് കേള്‍ക്കുമ്പോഴെ ആദ്യം ഓര്‍മയില്‍ വരുക ആക്ടീവയാണ്. ഒന്നര കോടിയിലേറെ യൂണിറ്റുകള്‍ വിറ്റഴിച്ച ആക്ടീവ. എന്നാല്‍ നിരത്തിലെത്തി പതിനാറ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും രൂപത്തിലും പെര്‍ഫോമെന്‍സിലും കാര്യമായ മാറ്റമില്ലാത്ത ആക്ടീവ ഭൂരിഭാഗം പേര്‍ക്കും മടുത്തു കഴിഞ്ഞു. ഇക്കാര്യം തിരിച്ചറിഞ്ഞിട്ടാകണം പതിവ് ഹോണ്ട മുഖത്തില്‍നിന്ന് മാറി ക്ലാസിക് ലുക്കില്‍ പുതിയ സ്‌കൂപ്പി സ്‌കൂട്ടര്‍ ജാപ്പനീസ് നിര്‍മാതാക്കള്‍ ഇങ്ങോട്ടെത്തിക്കുന്നത്.

മെട്രോപൊളിറ്റന്‍ നെയിം പ്ലേറ്റിന് കീഴില്‍ അമേരിക്കയിലും ഇന്തോനേഷ്യയിലും വിലസുന്ന സ്‌കൂപ്പി സ്‌കൂട്ടര്‍ അധികം വൈകാതെ ഇന്ത്യയില്‍ അരങ്ങേറ്റം കുറിക്കുമെന്നാണ് ലഭ്യമാകുന്ന വിവരങ്ങള്‍. എന്നാല്‍ ഇക്കാര്യത്തില്‍ ഹോണ്ട ഇന്ത്യ വ്യക്തത നല്‍കിയിട്ടില്ല. രൂപത്തില്‍ വെസ്പ സ്‌കൂട്ടറുകളോട് ചെറുതല്ലാത്ത സാമ്യം ഇവനുണ്ട്. ഇറ്റാലിയന്‍ ഡിസൈന്‍ ബോഡിയില്‍ കാര്യമായി കയറി ഇറങ്ങിയെന്ന് വ്യക്തം.

8.9 ബിഎച്ച്പി കരുത്തും 9.4 എന്‍എം ടോര്‍ക്കുമേകുന്ന 108.2 സിസി എഞ്ചിനാണ് ഇന്തോനേഷ്യന്‍ സ്‌പെക്കിനെ മുന്നോട്ടു നയിക്കുക. എന്നാല്‍ ഇന്ത്യന്‍ സ്‌കൂപ്പിക്ക് പുതിയ ആക്ടീവ 4ഏയില്‍ നല്‍കിയ എഞ്ചിന്‍ ഉള്‍പ്പെടുത്താനാണ് സാധ്യത. 109.19 സിസി കാര്‍ബറേറ്റഡ് എഞ്ചിന്‍ 8 ബിഎച്ച്പി കരുത്തും 9 എന്‍എം ടോര്‍ക്കുമേകും. ആക്ടീവ 125 എഞ്ചിന്‍ ഉള്‍പ്പെടുത്താനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. യമഹ ഫസിനോ, വെസ്പ എന്നിവയാകും ഇവന്റെ മുഖ്യഎതിരാളികള്‍.

1844 എംഎം നീളവും 699 എംഎം വീതിയും 1070 എംഎം ഉയരവും 1240 എംഎം വീല്‍ബേസും 150 എംഎം ഗ്രൗണ്ട് ക്ലിയറന്‍സുമാണ് വാഹനത്തിനുള്ളത്. 745 എംഎം ആണ് സീറ്റ് ഹൈറ്റ്. മുന്നില്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്കും പിന്നില്‍ മോണോ ഷോക്കുമാണ് സസ്‌പെന്‍ഷന്‍. 115 കിലോഗ്രാമാണ് ആകെ ഭാരം. 4045 കിലോമീറ്റര്‍ ഇന്ധനക്ഷമതയും ലഭിച്ചേക്കും. ഏകദേശം 70000 രൂപയ്ക്കടുത്തായിരിക്കും ഇവന്റെ വിപണി വില.

You must be logged in to post a comment Login