ഹ്യൂണ്ടായ് എലൈറ്റ് i 20: ഫെയ്‌സ്‌ലിഫ്റ്റ് ചിത്രങ്ങള്‍ പുറത്ത്

എലൈറ്റ് i20 ഹാച്ച്ബാക്കിന്റെ ഫെയ്‌സ്‌ലിഫ്റ്റ് മോഡലിനെ ഒരുക്കാനുള്ള തിരക്കിലാണ് ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായ്. 2014 ല്‍ i20 യുടെ രണ്ടാം തലമുറയായാണ് എലൈറ്റ് i20 യെ ഹ്യുണ്ടായ് ആദ്യമായി ഇന്ത്യയില്‍ അവതരിപ്പിച്ചത്. വരവിന് മുന്നോടിയായി റോഡ് ടെസ്റ്റ് നടത്തുന്ന എലൈറ്റ് i20 ഫെയ്‌സ്‌ലിഫ്റ്റ് വേര്‍ഷന്റെ ചിത്രങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. തമിഴ്‌നാട്ടില്‍ നിന്നുമാണ് എലൈറ്റ് i20 ഫെയ്‌സ്‌ലിഫ്റ്റ്, ക്യാമറയില്‍ പകര്‍ത്തിയത്.

കനത്ത രീതിയില്‍ ഫ്രണ്ട്, റിയര്‍ എന്‍ഡുകള്‍ മൂടപ്പെട്ട ഹ്യുണ്ടായ് എലൈറ്റ് i20 ഫെയ്‌സ് ലിഫ്റ്റ് ചിത്രങ്ങളാണ് MotorBeam പുറത്ത് വിട്ടിരിക്കുന്നത്. ഹ്യുണ്ടായിയുടെ ഫാമിലി ഗ്രില്ലില്‍ ഒരുങ്ങിയ ഫ്രണ്ട് എന്‍ഡാകും എലൈറ്റ് i20 ഫെയ്‌സ് ലിഫ്റ്റില്‍ ഇടംപിടിക്കുക. ഹ്യുണ്ടായ് അടുത്തിടെ അവതരിപ്പിച്ച ഗ്രാന്‍ഡ് i10, എക്‌സെന്റ് ഫെയ്‌സ് ലിഫ്റ്റ് വേര്‍ഷനുകളിലും സമാന ഗ്രില്ലുകളാണ് ഇടംപിടിച്ചത്. എലൈറ്റ് i20 ഫെയ്‌സ്‌ലിഫ്റ്റില്‍, ഗ്രില്ലിന് പുറമെ, ഫ്രണ്ട് ബമ്പറും ഹെഡ്‌ലാമ്പുകളിലും ഹ്യുണ്ടായ് മാറ്റങ്ങള്‍ നല്‍കിയിട്ടുണ്ട്. അതേസമയം, സൈഡ് പ്രൊഫൈലിലും റൂഫിംഗിലും ഹ്യുണ്ടായ് മാറ്റങ്ങള്‍ വരുത്തിയിട്ടില്ല.

അലോയ് വീലുകളാണ് പുതിയ ഫെയ്‌സ്‌ലിഫ്റ്റില്‍ ശ്രദ്ധ നേടുന്ന മറ്റൊരു പ്രധാനഘടകം. പതിവിന് വ്യത്യസ്തമായി ഡയമണ്ട് കട്ട് അലോയ് വീലുകളാണ് ഫെയ്‌സ് ലിഫ്റ്റില്‍ ഹ്യുണ്ടായ് നല്‍കിയിരിക്കുന്നത്. ഒരുപക്ഷെ എലൈറ്റ് i20 യുടെ ടോപ് എന്‍ഡ് വേരിയന്റുകളിലേക്ക് മാത്രമാകും ഡയമണ്ട് കട്ട് അലോയ് വീലുകളെ ഹ്യുണ്ടായി നല്‍കുക. പുതുക്കി ഉണ്ടാക്കിയ റിയര്‍ ബമ്പറും, പുതിയ ടെയില്‍ ലൈറ്റുകളും എലൈറ്റ് i20 ഫെയ്‌സ് ലിഫ്റ്റിന്റെ റിയര്‍ എന്‍ഡില്‍ ഇടംപിടിക്കുന്നതായി സൂചനയുണ്ട്.

റിയര്‍ ബമ്പറില്‍ ഹ്യുണ്ടായ് നല്‍കിയിരുന്ന നമ്പര്‍ പ്ലേറ്റ് ഹൗസിംഗ്, എലൈറ്റ് i20 ഫെയ്‌സ് ലിഫ്റ്റിലേക്ക് എത്തുമ്പോള്‍ ടെയില്‍ ഗെയ്റ്റിന് നടുവിലായി ഇടംപിടിക്കും. ഫെയ്‌സ്‌ലിഫ്റ്റ് ഇന്റീരിയറില്‍ കാര്യമായ ഡിസൈന്‍ മാറ്റങ്ങള്‍ നല്‍കിയതായി സൂചനയില്ല. എന്നാല്‍ എലൈറ്റ് i20 ഫെയ്‌സ്‌ലിഫ്റ്റില്‍ പുതിയ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം ഹ്യുണ്ടായ് നല്‍കിയേക്കും. നിലവിലുള്ള 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍, 1.4 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍, 1.4 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകളില്‍ തന്നെയാകും എലൈറ്റ് i20 ഫെയ്‌സ്‌ലിഫ്റ്റും എത്തുക. അതേസമയം, പുതിയ 1.0 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് എന്‍ജിനെയും പുതിയ ഫെയ്‌സ്‌ലിഫ്റ്റില്‍ ഹ്യുണ്ടായ് നല്‍കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

You must be logged in to post a comment Login