ഹ്യൂണ്ടായ് ചെന്നൈ പ്ലാന്റിലെ ഉല്‍പാദനം 50 ലക്ഷം പിന്നിട്ടു

ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യയുടെ ചെന്നൈ പ്ലാന്റില്‍ നിന്നുള്ള 50 ലക്ഷാമത് കാര്‍ വ്യാഴാഴ്ച പുറത്തിറങ്ങി. കമ്പനി ഏറ്റവുമൊടുവില്‍ വിപണിയിലിറക്കിയ ഹ്യൂണ്ടായ് ഗ്രാന്റാണ് ഉല്‍പാദനത്തില്‍ 50 ലക്ഷം തികച്ചത്. ് ചെന്നൈ ഫാക്റ്ററിയില്‍ ഉല്‍പാദനമാരംഭിച്ചത് 1998-ലായിരുന്നു.

 


രാജ്യത്തെ കാര്‍ നിര്‍മാതാക്കളില്‍ രണ്ടും  കയറ്റുമതിയില്‍ ഒന്നും സ്ഥാനങ്ങള്‍ അലങ്കരിക്കുന്ന ഹ്യൂണ്ടായ,് ഇന്ത്യയില്‍ വിജയകരമായ 15-ാം വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. 270 കോടി ഡോളര്‍ മുതല്‍ മുടക്കിയിരിക്കുന്ന ചെന്നൈ ഇറുങ്കട്ടുകോട്ടൈ പ്ലാന്റിന്റെ വാര്‍ഷിക ഉല്‍പാദന ശേഷി 6.8 ലക്ഷം കാറുകളാണ്.

തമിഴ്‌നാടിന്റെ മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെ (ജിഡിപി) 4 ശതമാനം സംഭാവന ചെയ്യുന്ന ഹ്യൂണ്ടായ് മോട്ടോര്‍  ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക് വലിയ തോതില്‍ മുതല്‍ക്കുട്ടുന്നുണ്ട്. കാര്‍ കയറ്റുമതിയില്‍ ഒന്നാം സ്ഥാനത്തുള്ള ഹ്യൂണ്ടായിയുടെ വിഹിതം മൊത്തം കയറ്റുമതിയുടെ 46 ശതമാനമാണ്. ആഭ്യന്തര കാര്‍ വിപണിയില്‍ 20.3 ശതമാനം ഹ്യൂണ്ടായിയുടെ വകയാണ്.

കമ്പനിയുടെ ഇന്ത്യയിലെ വാര്‍ഷിക വിറ്റുവരവ് 500 കോടി ഡോളറാണ്. 9500 പേര്‍ക്ക് നേരിട്ടും 127800 പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭ്യമാക്കി വരുന്നു. ഗവേഷണത്തിനായി 182 കോടി രൂപയാണ് ഹ്യൂണ്ടായ് ഇന്ത്യയില്‍ മുടക്കിയിരിക്കുന്നത്. അനുബന്ധ ഘടകങ്ങള്‍ ലഭ്യമാക്കുന്ന സ്ഥാപനങ്ങള്‍ 120 കോടി ഡോളറിന്റെ നിക്ഷേപം നടത്തിയിട്ടുണ്ട്. 740 കോടി ഡോളര്‍ സര്‍ക്കാരുകള്‍ക്ക് നികുതിയായി നല്‍കി. 19.2 ലക്ഷം കാറുകള്‍ കയറ്റുമതി ചെയ്യുക വഴി 1106 കോടി ഡോളറിന്റെ വരുമാനം നേടി. 50 ലക്ഷം കാറുകള്‍ വില്‍പന നടത്തിയതില്‍ 62 ശതമാനം രാജ്യത്തിനകത്താണ്; 38 ശതമാനം കയറ്റുമതി ചെയ്തു. 9000 കോടി ഡോളറോടെ ബ്രാന്റ് മൂല്യത്തില്‍ രാജ്യത്ത് 43-ാം  സ്ഥാനത്താണ്.

സാമൂഹ്യ ക്ഷേമം, പരിസ്ഥിതി സംരക്ഷണം എന്നിവ ലാക്കാക്കി സ്ഥാപിതമായ ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യ ഫൗണ്ടേഷന്‍ 30 കോടി രൂപ വിവിധ പദ്ധതികള്‍ക്കായി ചെലവഴിച്ചിട്ടുണ്ട്. ‘ഹരിതത്തിലേക്ക് മടങ്ങുക’ എന്ന പദ്ധതിയുടെ ഭാഗമായി 10 ലക്ഷം വൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കാന്‍ ഹ്യൂണ്ടായ് ഇന്ത്യ നടപടികളാരംഭിച്ചിട്ടുണ്ട്.  ഇതിന്‍ കീഴില്‍ ഇതുവരെയായി 2 ലക്ഷം മരങ്ങള്‍ നട്ടു കഴിഞ്ഞു.

50 ലക്ഷം കാറുകള്‍ എന്നത് ഒരു സുപ്രധാന നാഴികക്കല്ലും ഇന്ത്യന്‍ വിപണിയോടുള്ള ഹ്യൂണ്ടായിയുടെ പ്രതിബദ്ധതയ്ക്ക് തെളിവുമാണെന്ന് ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യ മാനേജിങ് ഡയരക്റ്റര്‍ ബി.എസ്. സിയോ പറഞ്ഞു. ഈ യാത്രയില്‍ ഉപയോക്താക്കള്‍, ഡീലര്‍മാര്‍, ഘടകങ്ങള്‍ വിതരണം ചെയ്യുന്ന സ്ഥാപനങ്ങള്‍ തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ളവരുടെ സഹകരണം എടുത്തുപറയത്തക്കതാണ്. കൂടുതല്‍ തുക മുതല്‍ മുടക്കുകയും ആഗോള നിലവാരത്തിലുള്ള മികച്ച ഉല്‍പന്നങ്ങള്‍ ലഭ്യമാക്കുകയും ചെയ്തുകൊണ്ട് ഇന്ത്യന്‍ വാഹന വിപണിയില്‍ ശക്തമായി നിലക്കൊള്ളാനാണ് കമ്പനി ശ്രമിക്കുന്നതെന്ന് സിയോ വ്യക്തമാക്കി.

ഹ്യൂണ്ടായ് ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ചതു മുതല്‍ ഷാരൂഖ് ഖാനാണ് കമ്പനിയുടെ ബ്രാന്റ് അംബാസഡറാണെന്നതാണ് മറ്റൊരു പ്രത്യേകത. 15 വര്‍ഷമായി തുടരുന്ന ഹ്യൂണ്ടായ് – ഷാരൂഖ് ഖാന്‍ ബന്ധം എടുത്തു പറയത്തക്കതാണ്.

You must be logged in to post a comment Login