ഹ്യൂമേട്ടനില്‍ കൊല്‍ക്കത്തയുടെ പ്രതീക്ഷ

  • റോയ് പി. ജോസഫ്

hume

കൊച്ചി: ഐഎസ്എല്‍ ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഇന്നു നടക്കുന്ന കേരളാ ബ്ലാസ്‌റ്റേഴ്‌സ്- അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത ഫൈനല്‍ മത്സരത്തില്‍ കൊല്‍ക്കത്തയുടെ പ്രതീക്ഷ മുഴുവനും ഇയാന്‍ ഹ്യൂം എന്ന മലയാളികളുടെ പ്രിയപ്പെട്ട ഹ്യൂമേട്ടനില്‍. ഐഎസ്എല്‍ ആദ്യ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ ഫൈനല്‍ വരെ കൊണ്ടു ചെന്നെത്തിച്ചതിന്റെ ക്രെഡിറ്റ് ഇയാന്‍ ഹ്യൂമിനായിരുന്നുവെങ്കില്‍ ഇപ്പോള്‍ ശത്രുപാളയത്തിലെ മുഖ്യപോരാളി. സ്‌കോട്ട്‌ലാണ്ടിലെ എഡിന്‍ബറോയില്‍ ജനിച്ച കനേഡിയന്‍ പൗരനായ ഈ 33 കാരനിലാണ് അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയുടെ കിരീട മോഹം. രണ്ടുവര്‍ഷം മുന്‍പ് ഇയാന്‍ ഹ്യൂം അടങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സിനെയാണ് മുംബൈ ഡി.വൈ പാട്ടില്‍ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത റഫീഖിന്റെ ഗോളില്‍ തോല്‍പ്പിച്ചത്.

ആദ്യ സീസണില്‍ ബ്ലാസറ്റേഴ്‌സിനു വേണ്ടി കളിച്ചു അതിനുശേഷം രണ്ടു സീസണുകളിലായി ഇയാന്‍ ഹ്യം കൊല്‍ക്കത്തയ്ക്കു വേണ്ടി ജേഴസിയണിയുന്നു.ഒളിമങ്ങാത്ത ശുഭാപ്തി വിശ്വാസമാണ് തനിക്കുള്ളതെന്നും ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഒരു ടീമിനു വേണ്ടിയാണ് കളിക്കുന്നതെന്ന വിശ്വാസം തനിക്കുണ്ടെന്നും ഹ്യൂം പറഞ്ഞു. പലര്‍ക്കും ഈ സീസണില്‍ പാളിച്ചകള്‍ സംഭവിച്ചു. എന്നാല്‍ തീര്‍ത്തും അര്‍ഹിച്ച നിലയിലാണ് കലാശക്കളിക്ക് തന്റെ ടീം അര്‍ഹത നേടിയതെന്നും ഇയാന്‍ ഹ്യൂം കൂട്ടിച്ചേര്‍ത്തു. ഐഎസ്എല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരവും ഇയാന്‍ ഹ്യൂം ആണ്. 22 ഗോളുകള്‍. എന്നാല്‍ ഹ്യൂമിന്റെ ഗോളടിയിലെ ഏറ്റവും വലിയ സവിശേഷത അദ്ദേഹം തന്റെ ആദ്യ ടീമായ കേരള ബ്ലാസ്‌റ്റേഴ്‌സിനെതിരെ ഇതുവരെ ഗോള്‍ നേടിയട്ടില്ലെന്നതാണ്. മറ്റു എല്ലാ ടീമുകള്‍ക്ക് എതിരായും ഇയാന്‍ ഹ്യൂം ഗോള്‍ നേടിയട്ടുണ്ട്.

ഞായറാഴ്ച കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിത്തില്‍ തന്നെ സ്‌നേഹിച്ചിരുന്ന ഒരു വന്‍ ഫുട്‌ബോള്‍ ആരാധകരുടെ മുന്നിലാണ് ഇയാന്‍ ഹ്യൂം കളിക്കുന്നത്. ഫൈനലില്‍ ഏത് ടീം ജയിക്കുമെന്നു ഒരിക്കലും പ്രവചിക്കാനാവില്ല. ആ ദിവസത്തിനെ ആശ്രയിച്ചായിരിക്കും ഫലം. രണ്ടു ടീമുകള്‍ക്കും സാധ്യതയുണ്ട്.ആരായിരിക്കും ഇതില്‍ മുന്നില്‍ വരുക എന്നത് കാത്തിരുന്നു കാണാം ഹ്യൂം പറഞ്ഞു.

ഈ സീസണില്‍ ആദ്യഘട്ടത്തില്‍ ഇയാന്‍ ഹ്യൂം നിറംമങ്ങിയിരുന്നു.എന്നാല്‍ ഹ്യൂം എത്തിയതോടെയാണ് കൊല്‍ക്കത്തയുടെ വിജയക്കുതിപ്പിനു വേഗത കൂടിയത്. സീസണിന്റെ ആദ്യഘട്ടത്തില്‍ കത്തിനില്‍ക്കുന്ന താരങ്ങളുടെ പ്രഭ മങ്ങിയതിനുശേഷമാണ് ഇയാന്‍ ഹ്യൂം ഫോമില്‍ എത്തുക. കഴിഞ്ഞ സീസണില്‍ ആദ്യഘട്ടത്തിലെ ആദ്യ ഏഴ് മത്സരങ്ങളില്‍ ഇയാന്‍ ഹ്യൂം മൂന്നു ഗോളുകളാണ് നേടിയതെങ്കില്‍ അടുത്ത മത്സരങ്ങളില്‍ ഇയാന്‍ ഹ്യൂം സടകുടഞ്ഞെഴുന്നേറ്റു. ഒന്‍പത് ഗോളുകളാണ് ഹ്യൂം വലയിലെത്തിച്ചത്. ഈ സീസണിലും ആദ്യ ഏഴ് മത്സരങ്ങളില്‍ വെറും രണ്ട് ഗോളുകളാണ് ഇയാന്‍ ഹ്യൂമിന്റെ പേരില്‍ കുറിച്ചത്. എന്നാല്‍ അതിനുശേഷം കഴിഞ്ഞ ഒന്‍പത് മത്സരങ്ങളില്‍ അഞ്ച് ഗോളുകള്‍ നേടി.
കൊല്‍ക്കത്ത കളിച്ച കഴിഞ്ഞ ആറ് നോക്കൗട്ട് മത്സരങ്ങള്‍ എടുത്താല്‍ ഇയാന്‍ ഹ്യൂമിന്റെ സംഭാവന വലുതാണ്. നോക്കൗട്ട് മത്സര ഘട്ടത്തില്‍ നാല് ഗോളുകളാണ് ഹ്യം നേടിയത്. അതേപോലെ ഹ്യൂം ഗോള്‍ നേടിയ മത്സരങ്ങളില്‍ എല്ലാം കൊല്‍ക്കത്ത ജയിച്ചു.

കൊല്‍ക്കത്ത ആദ്യ സീസണില്‍ ചാമ്പ്യന്മര്‍ ആയപ്പോള്‍ കിരീടത്തില്‍ മുത്തമിടാന്‍ ലഭിക്കാതെ പോയ അവസരം ഇത്തവണ ലഭിക്കുമെന്നാണ് ഇയാന്‍ ഹ്യൂമിന്റെ ഉറച്ച വിശ്വാസം. കൊല്‍ക്കത്തയുടെ മാന്ത്രികന്‍ അവരുടെ പരിശീലകനും തന്ത്രങ്ങളുടെ ആശാനുമായ ഹോസെ മൊളിനൊ ആയിരിക്കും. മുംബൈ സിറ്റിക്കെതിരായ സെമിഫൈനലിന്റെ രണ്ടാം പാദത്തില്‍ ടീമില്‍ ഒന്‍പത് മാറ്റങ്ങള്‍ വരുത്തിയ കോച്ച് മൊളിനൊ എല്ലാ ഫുട്‌ബോള്‍ പണ്ഡിതന്മാരെയും അമ്പരപ്പിച്ചുകളഞ്ഞിരുന്നു. വളരെ ബുദ്ധിപൂര്‍വം തന്റെ പ്രധാന കളിക്കാര്‍ക്ക് മൊളിനൊ കണക്കുകൂട്ടി വിശ്രമം നല്‍കി. മുന്‍നിര താരങ്ങള്‍ പരുക്കും കാര്‍ഡും വാങ്ങി പരുങ്ങലിലാകാതെ ഫൈനല്‍ തന്നെ ലക്ഷ്യമാക്കിയായിരുന്നു മൊളിനൊ ടീമില്‍ ഒന്‍പത് മാറ്റങ്ങള്‍ വരുത്തിയത്. ഈ ബുദ്ധിപൂര്‍വമായ നീക്കത്തിലൂടെ കൊല്‍ക്കത്തയ്ക്കു ഇനി ടെന്‍ഷന്‍ ഇല്ലാതെ കളിക്കാനാകും.
മുംബൈയ്‌ക്കെതിരെ ഇയാന്‍ ഹ്യൂമിനും ഹെല്‍ഡര്‍ പോസ്റ്റിഗയ്ക്കും കളിക്കേണ്ടിവന്നില്ല. മറ്റൊരു പ്രധാന താരം സമീഗ് ഡ്യൂറ്റിയെ പോലും ബെലന്‍കോസോയ്ക്കു പകരം മൊളിനൊ ഇറക്കിയത് 90 ാം മിനിറ്റിലാണ്.

You must be logged in to post a comment Login