ഹ്വാക് വിമാനങ്ങളുടെ കരാര്‍: ഇന്ത്യയിലെ പ്രതിരോധ ഏജന്റിന് റോള്‍സ് റോയ്‌സ് 81 കോടി രൂപ കൈക്കൂലി നല്‍കിയെന്ന് ആരോപണം

വ്യോമസേന ഉപയോഗിക്കുന്ന ഹ്വാക് വിമാനങ്ങളുടെ നിര്‍മാണ കരാര്‍ ലഭിക്കുന്നതിന് വേണ്ടി ഇന്ത്യയിലെ പ്രതിരോധ ഏജന്റായ സുധീര്‍ ചൗധരിക്ക് ബ്രിട്ടനിലെ പ്രമുഖ എയ്‌റോ എഞ്ചിന്‍ നിര്‍മാതാക്കളായ റോള്‍സ് റോയ്‌സ് 81 കോടി കൈക്കൂലി നല്‍കിയെന്ന വിവരങ്ങള്‍ പുറത്ത്. അഴിമതിയും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും നടത്തിയതിനെ തുടര്‍ന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ കരിമ്പട്ടികയില്‍പെടുത്തിയ സുധീര്‍ ചൗധരി ഇപ്പോള്‍ ലണ്ടനില്‍ സ്ഥിരതാമസമാണെന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു.

ബ്രിട്ടനിലെ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് ടിം ഫറോണിന്റേയും കുടുംബത്തിന്റേയും ഇന്ത്യാ സംബന്ധമായ കാര്യങ്ങളില്‍ ഉപദേശം നല്‍കുന്നതും ചൗധരിയാണ്.കരിമ്പട്ടികയില്‍ ഉള്‍പ്പെട്ട കമ്പനികളുമായോ അവരുടെ പ്രതിനിധികളുമായോ ഇടപെടുമ്പോള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതാണ്.

അതേസമയം, കൈക്കൂലി ലഭിച്ചു എന്ന ആരോപണം സുധീര്‍ ചൗധരിയുടെ അഭിഭാഷകന്‍ നിഷേധിച്ചിട്ടുണ്ട്. നിയമവിരുദ്ധമായ ഒരു ഇടപാടും നടത്തിയിട്ടില്ല എന്നാണ് സുധീറിന്റെ നിലപാട്. എ്ന്നാല്‍ ഏത് തരത്തിലുള്ള അന്വേഷണവുമായി സഹകരിക്കുമെന്ന് റോള്‍സ് റോയ് വ്യക്തമാക്കി. അന്വേഷണത്തെ കുറിച്ച് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും കമ്പനി അറിയിച്ചു.

ബ്രിട്ടീഷ് എയ്‌റോസ്‌പേസും ബി.എ.ഇ സിസ്റ്റംസ് ഹ്വാകും ചേര്‍ന്നാണ് ഒറ്റ എഞ്ചിനുള്ള ഹ്വാക് വിമാനങ്ങള്‍ നിര്‍മിക്കുന്നത്. പൈലറ്റുമാര്‍ക്ക് പരിശീലനം നല്‍കുന്നതിന് വേണ്ടിയാണ് ഇന്ത്യന്‍ വ്യോമസേന ഹ്വാക് വിമാനങ്ങള്‍ ഉപയോഗിക്കുന്നത്. 1974ല്‍ സറെയിലെ ഡന്‍സ്‌ഫോള്‍ഡിലാണ് ഹ്വാക് വിമാനം ആദ്യമായി പറക്കല്‍ നടത്തിയത്. ബ്രിട്ടനില്‍ ഹ്വാക് വിമാനങ്ങള്‍ ഇപ്പോഴും നിര്‍മിക്കുന്നുണ്ട്. ഇന്ത്യയില്‍ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടീക്‌സ് ലിമിറ്റഡിന് കീഴിലാണ് ഹ്വാക് കമ്പനി പ്രവര്‍ത്തിക്കുന്നത്. 18 ഓപ്പറേറ്റര്‍മാര്‍ക്കായി ലോകരാജ്യങ്ങള്‍ക്ക് 900 വിമാനങ്ങള്‍ ഹ്വാക് വിറ്റഴിച്ചിട്ടുണ്ട്.

You must be logged in to post a comment Login