ഹൗഡി മോദി; പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലേക്ക് തിരിച്ചു

ഏഴ് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലേക്ക് തിരിച്ചു. നാളെയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനൊപ്പം മോദി ഹൗഡി മോദി പരിപാടിയിൽ പങ്കെടുക്കുന്നത്. ഐക്യാരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസുമായും മോദി കൂടിക്കാഴ്ച നടത്തും.

ഈ മാസം 27 വരെ നീണ്ട് നിൽക്കുന്ന പ്രധാനമന്ത്രിയുടെ യുഎസ് സന്ദർശനത്തിനാണ് ഇന്ന് തുടക്കമാകുന്നത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനൊപ്പം ഹൂസ്റ്റണിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന ഹൗഡി മോദി പരിപാടി നാളെയാണ്. പരിപാടിയിൽ പങ്കെടുക്കാൻ അരലക്ഷം ഇന്ത്യക്കാരാണ് പേര് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കുറച്ച് ദിവസങ്ങളായി ഹൂസ്റ്റണിൽ പെയ്യുന്ന കനത്ത മഴ പരിപാടിയെ ബാധിക്കില്ലെന്ന പ്രതീക്ഷയിലാണ് സംഘാടകർ.

ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രിയും അമേരിക്കൻ പ്രസിഡന്റും സംയുക്തമായി ഒരു പൊതുപരിപാടിയെ അഭിസംബോധന ചെയ്യുന്നത്. പരിപാടി ഇന്ത്യ-യുഎസ് ബന്ധത്തിലെ നാഴികക്കല്ലായി മാറുമെന്ന് മോദി അമേരിക്കക്ക് തിരിക്കുംമുൻപ് വ്യക്തമാക്കിയിരുന്നു.

ഏഴ് ദിവസത്തെ സന്ദർശനത്തിനിടെ ട്രംപുമായി ഉഭയകക്ഷി ചർച്ചയും മോദി നടത്തുന്നുണ്ട്. ഐക്യരാഷ്ട്ര സഭ പൊതു അസംബ്ലിയെ അഭിസംബോധന ചെയ്യുന്ന മോദി സെക്രട്ടറി ജനറൽ ആന്റോണിയോ ഗുട്ടെറസുമായും കൂടികാഴ്ച നടത്തുന്നുണ്ട്. മഹാത്മ ഗാന്ധിയുടെ 150 ആം ജന്മവാർഷികത്തിന്റെ ഭാഗമായി യുഎനിൽ ഇന്ത്യ സംഘടിപ്പിക്കുന്ന പ്രത്യേക പരിപാടിയിലും മോദി പങ്കെടുക്കും. 19 രാജ്യങ്ങളിലെ തലവൻമാരുമായി മോദി ചർച്ച നടത്തും. വ്യാവസായിക- വാണിജ്യ പ്രമുഖർ പങ്കെടുക്കുന്ന പരിപാടിയിലും മോദി പങ്കെടുക്കുന്നുണ്ട്.

You must be logged in to post a comment Login