തക്കാളി ഇനങ്ങളും കൃഷിരീതിയും

  കേരളത്തില്‍ തക്കാളി ധാരാളം ഉപയോഗിക്കപ്പെടുന്നുണ്ടെങ്കിലും കൃഷി കുറവാണ്. വന്‍തോതിലുള്ള കൃഷിക്ക് സാധിച്ചില്ലെങ്കിലും അടുക്കളത്തോട്ടത്തില്‍ നല്ലരീതിയില്‍ വളര്‍ത്തിയെടുത്താല്‍ കേരളത്തിന്റെ തക്കാളിയുടെ ആവശ്യകതയില്‍ കുറച്ചെങ്കിലും നമുക്ക് ഉണ്ടാക്കിയെടുക്കാം. ധാരാളം ബി.കോംപ്ലക്‌സ് ജീവകങ്ങള്‍ അടങ്ങിയ തക്കാളിയില്‍ കരോട്ടിന്‍, സിട്രിക് ആസിഡ്, മാലിക് ആസിഡ് എന്നിവയും അടങ്ങിയിട്ടുണ്ട്.
ഹ ഇനങ്ങള്‍

ശക്തി
ബാക്ടീരിയല്‍ വാട്ടം ചെറുക്കുന്ന ഇനമാണിത്. ഇടത്തരം വലിപ്പമുള്ള പരന്നുരുണ്ട കായ്കള്‍ ഉള്ള ഈ ഇനത്തിന് പച്ചനിറമുള്ള ഷോള്‍ഡര്‍ (തോളുകള്‍) ഒരു പോരായ്മ ഉണ്ട്്. കൂടാതെ ഏറെ മൂക്കും മുമ്പേ വിളവെടുത്തില്ലെങ്കില്‍ കായ്കള്‍ വിണ്ടുകീറുന്നതായി കാണാം.
മുക്തി
ഇളം പച്ചനിറമുള്ള കായ്കള്‍, ബാക്ടീരിയല്‍ വാട്ടത്തിനെതിരേ പ്രതിരോധശേഷി എന്നീ ഗുണങ്ങളുള്ള ഈയിനത്തിന് പച്ചഷോള്‍ഡര്‍ ഇല്ല എന്ന പ്രത്യേകതയുമുണ്ട്.
അനഘ
വീടുകളിലെ പച്ചക്കറിത്തോട്ടത്തിന് അനുയോജ്യമാണ് ഈ ഇനം.ഇടത്തരം വലിപ്പമുള്ള കായ്കള്‍ ഉള്ള ഇവയ്ക്ക് പഴുക്കുമ്പോള്‍ നല്ല ചുവപ്പു നിറമാണ്.
ശിവം, മീര
അത്യുത്പാദനശേഷിയുള്ള തക്കാളി ഇനങ്ങളാണ് ഇവ രണ്ടും കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ ഈ ഇനങ്ങളില്‍ നിന്നും മികച്ച വിളവു ലഭിക്കും.
വെള്ളായണി വിജയ്
അത്യുത്പാദനശേഷിയുള്ള തക്കാളി ഇനം. വീടുകളിലെ കൃഷിക്ക് അനുയോജ്യം. വാട്ടത്തിനെതിരേ പ്രതിരോധശേഷിയുള്ള ഇനം.
ഹ കൃഷിരീതി
സെപ്തംബര്‍-ഒക്‌ടോബര്‍ മാസമാണ് കേരളത്തില്‍ തക്കാളിക്കൃഷിക്ക് ഏറ്റവും അനുയോജ്യമായ കാലഘട്ടം. നല്ല മഴക്കാലം ഒട്ടും യോജിച്ചതല്ല.  ഒരു സെന്റ് കൃഷിചെയ്യുന്നതിന് രണ്ടു ഗ്രാം വിത്തുവേണം. നഴ്‌സറിയില്‍ മുളപ്പിച്ച തൈകള്‍ 25 ദിവസത്തിനുശേഷം മാറ്റിനടാം. വാരങ്ങള്‍ തമ്മിലും ചെടികള്‍ തമ്മിലും രണ്ടി (60 സെ. മീ) ഇടയകലം വേണം. നല്ല നീര്‍വാര്‍ച്ചയും സൂര്യപ്രകാശവും ലഭിക്കുന്ന ഇടമാണ് കൃഷിക്ക് നല്ലത്.
ഹ കീടങ്ങള്‍
ചിത്ര കീടം
ഇലകളില്‍കൂടി വളഞ്ഞുപുളഞ്ഞു വെള്ളനിറത്തിലുള്ള വരകള്‍ കാണുന്നതാണ് പ്രഥമലക്ഷണം. പിന്നീട് ഇവ കരിഞ്ഞ് ഇലകള്‍ നശിച്ചുപോകുന്നു. ചെറിയ തൈകളിലും വലിയ ചെടികളിലും ഇതിന്റെ ആക്രമണം കണ്ടുവരുന്നു. ഇവയെ നിയന്ത്രിക്കാന്‍ വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതം ഉപയോഗിക്കാം.
നിമാവിരകള്‍
തക്കാളിയില്‍ കാണുന്ന മറ്റൊരു കീടാക്രമണമാണ് നിമാവിരകള്‍. നിമാവിരകള്‍ ആക്രമിച്ച ചെടിയുടെ വേരുകളില്‍ ചെറിയ മുഴകള്‍ കാണാം. ഇവ ചെടിയെ നശിപ്പിക്കുന്നു. ഇവയെ നിയന്ത്രിക്കുവാന്‍ തടത്തില്‍ കമ്യൂണിസ്റ്റ് പച്ചയുടെ ഇല അല്ലെങ്കില്‍ വേപ്പിന്റെ ഇല ഒരു തടത്തിന് 250 ഗ്രാം എന്ന തോതില്‍ ചേര്‍ക്കാം.  നന്നായി പൊടിച്ച വേപ്പിന്‍പിണ്ണാക്ക് 50 ഗ്രാം തടമൊന്നിന് എന്ന കണക്കില്‍ മണ്ണുമായി ചേര്‍ത്ത് ഇളക്കിക്കൊടുക്കുന്നതും നിമാവിരയെ നശിപ്പിക്കും.
ഹ വിളവെടുപ്പ്
തക്കാളി മാറ്റിനട്ട് രണ്ടു മാസത്തിനകം വിളവെടുപ്പ് നടത്താം.

You must be logged in to post a comment Login